ഗാന്ധിനഗര്‍: ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്ന യുവതി കാമുകനിലുണ്ടായ കുഞ്ഞിനെ ജനിച്ചു മണിക്കൂറുകള്‍ക്കകം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കുഴിയില്‍ തള്ളി. ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലുള്ള ദെഹ്ഗാം സബ് ഡിവിഷനിലെ അംഗുതല ഗ്രാമത്തിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരകൃത്യം നടന്നത്.
|
സംഭവത്തില്‍ 21-കാരിയായ കല്‍പ്പന (കല്‍പ) സോളങ്കിയെയും ഇവരുടെ 32-കാരനായ കാമുകന്‍ കാല്‍ജി (കാലാജി) സോളങ്കിയെയും ദെഹ്ഗാം പൊലീസ് അറസ്റ്റ് ചെയ്തു.
നാല് വര്‍ഷത്തെ പ്രണയവും പരാജയപ്പെട്ട ഗര്‍ഭഛിദ്ര ശ്രമങ്ങളും
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. അഞ്ച് വര്‍ഷം മുന്‍പ് വിവാഹിതയായ കല്‍പ്പന കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഭര്‍ത്താവുമായി അകന്ന് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. വിവാഹിതനായ കാല്‍ജി സോളങ്കിയും ഭാര്യയുമായി അകന്നാണ് കഴിഞ്ഞിരുന്നത്.
ഒരേ ഗ്രാമവാസികളായ ഇരുവരും കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിനിടെ കല്‍പ്പന രണ്ട് തവണ ഗര്‍ഭിണിയാവുകയും ഇരുവരും ചേര്‍ന്ന് ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തിരുന്നതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മൂന്നാമതും ഗര്‍ഭിണിയായപ്പോള്‍ കാമുകന്‍ നല്‍കിയ മരുന്നുകള്‍ ഉപയോഗിച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു.
ഡോക്ടറെ കാണിച്ചാല്‍ വിവരം പുറത്തറിയുമെന്ന് ഭയന്ന്, മറ്റ് അസുഖങ്ങളാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് യുവതി ഗര്‍ഭം മറച്ചുവെക്കുകയായിരുന്നു.
അര്‍ധരാത്രി പുല്‍മേട്ടില്‍ പ്രസവം; കരച്ചില്‍ കേട്ടതോടെ കഴുത്തുഞെരിച്ചു
നവംബര്‍ 14-ന് അര്‍ധരാത്രിയോടെ കല്‍പ്പനയ്ക്ക് കടുത്ത പ്രസവവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് പ്രാഥമികാവശ്യങ്ങള്‍ക്കെന്ന വ്യാജേന വീട്ടില്‍ നിന്നിറങ്ങിയ യുവതി ഗ്രാമത്തിന് പുറത്തുള്ള പുല്‍മേട്ടിലേക്ക് പോവുകയും കാമുകന്‍ കാല്‍ജിയുടെ സാന്നിധ്യത്തില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
പ്രസവത്തിന് പിന്നാലെ കുഞ്ഞ് കരയാന്‍ തുടങ്ങിയതോടെ തങ്ങളുടെ ബന്ധം നാട്ടുകാരും വീട്ടുകാരും അറിയുമെന്ന ഭയത്തിലായി ഇരുവരും. തുടര്‍ന്ന് കുഞ്ഞിനെ കഴുത്തുഞെരിക്കുകയും പൊക്കിള്‍ക്കൊടി മുറിച്ച ശേഷം മരിച്ചെന്ന് കരുതി പുല്‍മേട്ടിലെ കുഴിയില്‍ (ചാലില്‍) ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.
പിറ്റേന്ന് രാവിലെ ഇതുവഴി പോയ ഗ്രാമവാസികളാണ് കുഴിയില്‍ ജീവനുണ്ടായിരുന്ന നിലയില്‍ നവജാതശിശുവിനെ കണ്ടെത്തിയത്. ഉടന്‍തന്നെ കുഞ്ഞിനെ ഗാന്ധിനഗര്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകുന്നേരത്തോടെ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
ആദ്യം കുട്ടിയെ ഉപേക്ഷിച്ചതിന് കേസെടുത്ത പൊലീസ്, കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതോടെ കൊലക്കുറ്റം ചുമത്തി അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.
Tags: Gandhinagar Newborn Murder, Gujarat Crime News, Dehgam Police Arrest, Kalpana Solanki, Infanticide Case Gujarat, Crime News India, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





