17
Nov 2026
Tue
17 Nov 2026 Tue
Mangaluru Airport IndiGo Flight Aborted Take-Off 229 Passengers

മംഗളൂരു: പൈലറ്റിന്റെ അസാമാന്യ മനഃസാന്നിധ്യവും സമയോചിതമായ ഇടപെടലും മൂലം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ വിമാനദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. തിങ്കളാഴ്ച (നവംബര്‍ 16) വൈകുന്നേരം 6.05-ഓടെ മംഗളൂരുവില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടുകയായിരുന്ന ഇന്‍ഡിഗോ വിമാനമാണ് (229 യാത്രക്കാരും 7 ജീവനക്കാരും ഉള്‍പ്പെടെ 236 പേര്‍) പറന്നുയരുന്നതിന് തൊട്ടുമുന്‍പ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് റണ്‍വേയില്‍ അടിയന്തരമായി നിര്‍ത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റണ്‍വേ തീരാന്‍ 100 മീറ്റര്‍ മാത്രം; തീപ്പൊരി കണ്ടതോടെ സഡന്‍ ബ്രേക്ക്

ടേക്കോഫിനായി റണ്‍വേയിലൂടെ അതിവേഗത്തില്‍ കുതിക്കുകയായിരുന്ന വിമാനം നിലംവിട്ട് ഉയരാന്‍ വെറും 100 മീറ്റര്‍ മാത്രം ബാക്കിയിരിക്കെയാണ് വിമാനത്തിന്റെ അടിഭാഗത്ത് തീപ്പൊരി ഉണ്ടായത്. എന്‍ജിന്‍ തകരാറോ സാങ്കേതിക പ്രശ്‌നമോ മൂലമുണ്ടായ തീപ്പൊരി ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് ഒട്ടും വൈകാതെ ടേക്കോഫ് ഉപേക്ഷിച്ച് സഡന്‍ ബ്രേക്കിടുകയായിരുന്നു. അതിവേഗത്തിലായിരുന്ന വിമാനം പെട്ടെന്ന് നിര്‍ത്തിയതോടെ ടയറുകളില്‍ ഒന്ന് പൊട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

‘ടേബിള്‍-ടോപ്പ്’ റണ്‍വേയുള്ള മംഗളൂരു വിമാനത്താവളത്തില്‍ പൈലറ്റിന്റെ കൃത്യസമയത്തുള്ള ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ വലിയൊരു ദുരന്തത്തിന് തന്നെയായിരുന്നു സാധ്യത.

വിമാനത്തില്‍ മുന്‍ എംപിയും എംഎല്‍എയും ജഡ്ജിയും

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ രാഷ്ട്രീയ-നീതിന്യായ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ 229 യാത്രക്കാരാണ് ഉണ്ടായിരുന്നത്: ബിജെപി നേതാവും മുന്‍ ദക്ഷിണ കന്നഡ എംപിയുമായ നളിന്‍ കുമാര്‍ കട്ടീല്‍, മഹാദേവപുര എംഎല്‍എ മഞ്ജുള എസ്. അരവിന്ദ് ലിംബാവലി, ഒരു ജഡ്ജി എന്നിവരുള്‍പ്പെടെ നിരവധി വിഐപികള്‍ വിമാനത്തിലുണ്ടായിരുന്നു.

ബംഗളൂരു വഴി അന്താരാഷ്ട്ര വിമാനങ്ങളില്‍ പോകേണ്ട നിരവധി യാത്രക്കാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വിമാനം സുരക്ഷിതമായി ബേയിലേക്ക് തിരികെ എത്തിച്ച ശേഷം യാത്രക്കാരെ പുറത്തിറക്കുകയും ടെര്‍മിനലില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് പ്രത്യേക പകരം വിമാനം എത്തിച്ച് രാത്രി 11.30-ഓടെയാണ് യാത്രക്കാരെ ബംഗളൂരുവിലേക്ക് കൊണ്ടുപോയത്.

തകരാറിലായ വിമാനം മംഗളൂരു വിമാനത്താവളത്തില്‍ തന്നെ ഗ്രൗണ്ട് ചെയ്തിരിക്കുകയാണ്. ടേക്കോഫ് ഉപേക്ഷിക്കാന്‍ ഇടയായ കൃത്യമായ സാങ്കേതിക കാരണം കണ്ടെത്തുന്നതിനായി എന്‍ജിനീയറിംഗ് വിഭാഗവും വ്യോമയാന അധികൃതരും വിശദമായ പരിശോധന ആരംഭിച്ചു. ഒരേ ദിവസം തന്നെ കര്‍ണാടകയില്‍ വിമാനങ്ങളില്‍ സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്.

Tags: Mangaluru Airport News, IndiGo Flight Aborted Take-Off, Aviation Mishap Averted, Nalin Kumar Kateel, Manjula Limbavali, Mangaluru Bengaluru Flight, National News Malayalam, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക