ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ 11 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ 18-കാരന്‍ പിടിയിലായി. ബീഹാര്‍ ഭാഗല്‍പൂര്‍ സ്വദേശിയായ സൗരഭ് കുമാറിനെയാണ് ഹരിദ്വാര്‍ സിറ്റി കോട്വാലി പൊലീസ് അറസ്റ്റ് ചെയ്തത്.
|
പ്രധാന വിവരങ്ങൾ (Key Highlights)
- 11 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച പ്രതി പിടിയിൽ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ പിഞ്ചുകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച ബീഹാർ ഭാഗൽപൂർ സ്വദേശിയും ഫാക്ടറി തൊഴിലാളിയുമായ സൗരഭ് കുമാർ (18) പിടിയിലായി.
- സമാധാനിപ്പിക്കാനെന്ന വ്യാജേന മുറിയിലേക്ക് കൊണ്ടുപോയി: ഞായറാഴ്ച രാത്രി അമ്മ ഭക്ഷണം തയ്യാറാക്കുന്നതിനിടെ, കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ സമാധാനിപ്പിക്കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയാണ് പ്രതി സ്വന്തം മുറിയിൽ വെച്ച് ഉപദ്രവിച്ചത്.
- കുഞ്ഞ് ഋഷികേശ് എയിംസിൽ ചികിത്സയിൽ: രക്തസ്രാവത്തോടെ ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഋഷികേശ് എയിംസിലേക്കും (AIIMS) മാറ്റി; കുഞ്ഞ് അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
- പോക്സോ, ബിഎൻഎസ് വകുപ്പുകൾ ചുമത്തി: കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പ്രത്യേക പൊലീസ് സംഘം പിടികൂടി; മദ്യലഹരിയിലായിരുന്നു പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ദിയോറിയ സ്വദേശികളായ ഫാക്ടറി തൊഴിലാളി ദമ്പതികളുടെ കുഞ്ഞാണ് അതിക്രൂരമായ പീഡനത്തിനിരയായത്. ഹരിദ്വാര്‍ വ്യവസായ മേഖലയിലെ ഒരു ഫാക്ടറിയില്‍ അടുത്തിടെ ജോലിക്കെത്തിയ ആളാണ് സൗരഭ് കുമാര്‍.
കുഞ്ഞിന്റെ കുടുംബം താമസിക്കുന്ന അതേ കെട്ടിടത്തില്‍ തന്നെയായിരുന്നു ഇയാളും മുറിയെടുത്ത് താമസിച്ചിരുന്നത്.
അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ക്രൂരത; നിലവിളി കേട്ട് ഓടിയെത്തിയപ്പോള്‍ കണ്ടത്
ഞായറാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കുഞ്ഞിന്റെ അമ്മ അടുക്കളയില്‍ ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരിക്കെയാണ് സൗരഭ് കുമാര്‍ ഇവരുടെ താമസസ്ഥലത്തേക്ക് എത്തിയത്. കുഞ്ഞ് നിര്‍ത്താതെ കരയുന്നത് കണ്ട് താന്‍ സമാധാനിപ്പിക്കാമെന്ന് പറഞ്ഞ് ഇയാള്‍ കുഞ്ഞിനെ എടുക്കുകയായിരുന്നു. തുടര്‍ന്ന് വരാന്തയിലൂടെ നടന്ന് ഇയാള്‍ കുഞ്ഞുമായി സ്വന്തം മുറിയിലേക്ക് കയറിപ്പോയി.
അല്‍പസമയത്തിന് ശേഷം മുറിയില്‍ നിന്ന് കുഞ്ഞിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് അമ്മ ഓടിയെത്തിയത്. മുറിയില്‍ രക്തസ്രാവത്തോടെ സാരമായി പരിക്കേറ്റ നിലയിലാണ് 11 മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. അമ്മ ബഹളം വെച്ചതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്
ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ഉടന്‍ തന്നെ ഹരിദ്വാര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഋഷികേശ് എയിംസിലേക്ക് മാറ്റി. കുഞ്ഞ് നിലവില്‍ അപകടനില തരണം ചെയ്തതായും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും പൊലീസ് തിങ്കളാഴ്ച അറിയിച്ചു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ സിറ്റി കോട്വാലി സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് കുന്ദന്‍ സിംഗ് റാണയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പൊലീസ് വലയിലാക്കി.കടുത്ത വകുപ്പുകള്‍ ചുമത്തി.
പ്രതിക്കെതിരെ പോക്‌സോ (POCSO) നിയമത്തിലെ 5, 6 വകുപ്പുകളും, 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ (BNS) 65(2) വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൃത്യം നടക്കുമ്പോള്‍ പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags: Haridwar Crime News, Child Abuse Case Uttarakhand, POCSO Act Arrest, Saurabh Kumar Haridwar, AIIMS Rishikesh, BNS Section 65, National News Malayalam, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





