റിയാദ്: ചെല്‍സിയുടെ മൊറോക്കോ താരം ഹക്കിം സിയാച്ച് ഇനി സൗദി ക്ലബ്ബ് അല്‍ നസറിന് സ്വന്തം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം താരം അടുത്ത സീസണില്‍ കളിക്കും. 2026വരെയുള്ള കരാറാണ് സിയാച്ച് ഒപ്പുവെച്ചത്. 10 മില്യണ്‍ യൂറോ ആണ് ട്രാന്‍സ്ഫര്‍ തുക. ചെല്‍സി താരത്തെ വില്‍ക്കാന്‍ കഴിഞ്ഞ ജനുവരി മുതല്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പി എസ് ജിയിലേക്ക് പോകാന്‍ സിയാച്ച് ശ്രമിച്ചെങ്കിലും അത് സാങ്കേതിക കാരണങ്ങളാല്‍ പരാജയപ്പെട്ടിരുന്നു. റൊണാള്‍ഡോ എത്തിയത് മുതല്‍ ലോക ശ്രദ്ധ ലഭിച്ച അല്‍ നസര്‍ ഈ സീസണില്‍ യൂറോപ്പ്യന്‍ ഫുട്‌ബോളില്‍ സജീവമായ പല വലിയ താരങ്ങളെയും സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. 2020-ല്‍ അയാക്‌സില്‍ നിന്ന് ചെല്‍സിയില്‍ എത്തിയ സിയാച്ച് തുടക്കത്തില്‍ നല്ല പ്രകടനങ്ങള്‍ ക്ലബ്ബിനായി നടത്തിയിട്ടുണ്ട്. 30 കാരനായ സിയാച്ച് പക്ഷെ പിന്നീട് സ്ഥിരത പുലര്‍ത്താതെ ആയി. ലോകകപ്പില്‍ മൊറോക്കോയ്ക്ക് ആയി ഗംഭീര പ്രകടനങ്ങള്‍ നടത്തിയത് ചെല്‍സി ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പക്ഷെ തിരികെ ചെല്‍സി ടീമില്‍ എത്തിയപ്പോള്‍ ആ മികവ് ആവര്‍ത്തിക്കാന്‍ ആയില്ല.
|


