12
Oct 2025
Sat
12 Oct 2025 Sat
hamas responds to trump

Hamas Responds to Trump’s Gaza Proposal  ഗസയില്‍ സമാധാനം കൊണ്ടുവരുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വച്ച പദ്ധതിയോട് അനുകൂലമായി പ്രതികരിച്ച് ഹമാസ്. ഇസ്രായേലി ബന്ദികളെ വിട്ടയക്കാന്‍ തയാറാണെന്ന ഹമാസിന്റെ പ്രഖ്യാപനത്തെ ട്രംപ് സ്വാഗതം ചെയ്തു. ഹമാസ് ദീര്‍ഘകാലം നിലനില്‍ക്കുന്ന സമാധാനം ആഗ്രഹിക്കുന്നതായി വിഡിയോ സന്ദേശത്തില്‍ ട്രംപ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഇസ്രായേല്‍ ആക്രമണം നിര്‍ത്തിവെക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

whatsapp ഗസാ സമാധാന പദ്ധതി ഭാഗികമായി അംഗീകരിച്ച് ഹമാസ്; സ്വാഗതം ചെയ്ത് ട്രംപ്; ഇസ്രായേല്‍ ആദ്യഘട്ട നടപടികള്‍ തുടങ്ങി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഖത്തര്‍, തുര്‍ക്കിയ, സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ഡാന്‍ അടക്കം തനിക്ക് സഹായം നല്‍കിയ എല്ലാ രാജ്യങ്ങളോടും നന്ദി അറിയിക്കുന്നു. ബന്ദികള്‍ അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുക എന്നത് വളരെ പ്രധാനമാണ്. ഈ യുദ്ധം അവസാനിപ്പിക്കണമെന്നും പശ്ചിമേഷ്യയില്‍ സമാധാനം പുലരണമെന്നും എല്ലാവരും ഒറ്റക്കെട്ടായി ആഗ്രഹിക്കുന്നു. ഞങ്ങള്‍ അത് നേടിയെടുക്കുന്നതിന്റെ അരികിലാണ്. എല്ലാവരോടും നീതിപൂര്‍വം പൊരുമാറും’ -ട്രംപ് വ്യക്തമാക്കി.

ട്രംപിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് ആദ്യഘട്ട സമാധാനനീക്കങ്ങളിലേക്ക് കടക്കുന്നതായി ഇസ്രായേല്‍ അറിയിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് നിര്‍ദേശം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് നല്‍കി. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെയും സംഘത്തിന്റെയും നീക്കങ്ങള്‍ക്ക് നല്‍കുന്ന എല്ലാ സഹകരണവും തുടരുമെന്നും ഇസ്രായേല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഗസയിലെ ആക്രമണം കുറക്കാന്‍ സേനക്ക് ഇസ്രായേല്‍ ഭരണകൂടം നിര്‍ദേശം നല്‍കിയതായി സൈനിക റോഡിയോ വ്യക്തമാക്കി. പ്രതിരോധ പ്രവര്‍ത്തനം മാത്രം നടത്തിയാല്‍ മതിയെന്ന് നിര്‍ദേശിച്ചതായും ഗസ നഗരം കീഴടക്കാനുള്ള നീക്കം നിര്‍ത്തിവെച്ചതായുമാണ് റിപോര്‍ട്ട്.

ALSO READ: ദുര്‍ഗ പൂജയ്‌ക്കെത്തിയ കജോളിനെ കയറിപ്പിടിച്ചു? വീഡിയോ വൈറല്‍; സംഭവിച്ചതെന്ത്?

തങ്ങളുടെ പക്കലുള്ള മുഴുവന്‍ ഇസ്രായേലി ബന്ദികളെയും വിട്ടയക്കാന്‍ തയാറാണെന്ന് ഹമാസ് വ്യക്തമാക്കിയത്. ട്രംപ് മുന്നോട്ടുവെച്ച 20 ഇന ഗസ സമാധാന പദ്ധതിയിലെ മിക്ക കാര്യങ്ങളും അംഗീകരിക്കുന്നുവെന്നും എന്നാല്‍ ചില വ്യവസ്ഥകളില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നും ഹമാസ് മധ്യസ്ഥരെ അറിയിച്ചു.

ഗസയുടെ ഭരണം സ്വതന്ത്ര നേതൃത്വത്തിലുള്ള ഒരു ഫലസ്തീന്‍ സമിതിക്ക് കൈമാറാനും ഹമാസ് സന്നദ്ധത അറിയിച്ചു. ഫലസ്തീന്‍ സമവായത്തോടെയും അറബ്, ഇസ്‌ലാമിക പിന്തുണയോടെയും ആയിരിക്കും ഇത്.

എന്നാല്‍, ഗസയുടെ ഭാവിയെയും പലസ്തീന്‍ അവകാശങ്ങളെയും സംബന്ധിക്കുന്ന വിഷയങ്ങള്‍ ഒരു വിശാലമായ ദേശീയ ചട്ടക്കൂടിനുള്ളില്‍ കൈകാര്യം ചെയ്യണമെന്ന് ഹമാസ് ഊന്നിപ്പറഞ്ഞു.

‘പ്രസിഡന്റ് ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ ഗസ മുനമ്പിന്റെ ഭാവിയുമായും പലസ്തീന്‍ ജനതയുടെ യഥാര്‍ത്ഥ അവകാശങ്ങളുമായും ബന്ധപ്പെട്ട മറ്റ് വിഷയങ്ങളെ സംബന്ധിച്ചിടത്തോളം, പ്രസക്തമായ അന്താരാഷ്ട്ര നിയമങ്ങളെയും പ്രമേയങ്ങളെയും അടിസ്ഥാനമാക്കിയുള്ള സമഗ്രമായ ഒരു ദേശീയ നിലപാടുമായി അവ ബന്ധപ്പെട്ടിരിക്കുന്നു,’ ഈ വിഷയങ്ങള്‍ തീരുമാനിക്കുന്നതില്‍ ഹമാസിന് പങ്കാളിത്തമുണ്ടാവണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

48 ബന്ദികളാണ് ഹമാസിന്റെ പക്കലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ജീവനോടെയുള്ള 20 പേരെ ഹമാസ് വിട്ടയക്കും. ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ ഇസ്രായേലിന് കൈമാറുമെന്നാണ് വിവരം.

ഞായറാഴ്ച വൈകിട്ട് ആറ് മണിക്കകം ഗസ സമാധാന പദ്ധതി അംഗീകരിക്കണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. പദ്ധതി അംഗീകരിച്ചില്ലെങ്കില്‍ ഹമാസിന് നേരിടേണ്ടിവരിക നരകമായിരിക്കുമെന്നും വെള്ളിയാഴ്ച സാമൂഹിക മാധ്യമത്തിലൂടെ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അവകാശങ്ങള്‍ അടിയറ വയ്ക്കില്ല

ഗസയിലെ വംശഹത്യ അവസാനിപ്പിക്കുന്നതിനു അമേരിക്ക മുന്നോട്ട് വച്ച പദ്ധതിക്ക് പ്രസ്ഥാനത്തിന്റെ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം മുഹമ്മദ് നസാല്‍ ഇന്നലെ അറിയിച്ചിരുന്നു. ഗസ മുനമ്പിലെ യുദ്ധവും വംശഹത്യയും അവസാനിപ്പിക്കാനുള്ള ഏതൊരു കരാറിനെയും ഹമാസ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഫലസ്തീന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍, മൗലികവും തന്ത്രപരവുമായ തത്വങ്ങള്‍, രാഷ്ട്രീയപരമായ പരിഗണനകള്‍ എന്നിവ കണക്കിലെടുത്തായിരിക്കും മറുപടിയെന്നും ഹമാസിന്റെ പ്രതികരണം വൈകില്ലെന്നും നസാല്‍ വ്യക്തമാക്കി. വംശഹത്യ തുടരാന്‍ അനുവദിക്കില്ല എന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

‘ഇത്രയധികം ത്യാഗങ്ങള്‍ക്ക് ശേഷം ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ അടിയറവ് വെക്കുന്ന ഒരു അന്ത്യം ഉണ്ടാകരുത്,’- അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിര്‍ദേശങ്ങള്‍ ഉയര്‍ത്താനുള്ള അവകാശം ഹമാസിനുണ്ടെന്നും, സംഭാഷണവും ചര്‍ച്ചയും അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതി ലഭിച്ചതിന്റെ രണ്ടാം ദിവസം തന്നെ ഹമാസ് ആഭ്യന്തരവും ബാഹ്യവുമായ കൂടിയാലോചനകള്‍ ആരംഭിച്ചിരുന്നു. കൂടാതെ, ഈ നിര്‍ദ്ദേശത്തെക്കുറിച്ച് മധ്യസ്ഥരുമായും അറബ്, ഇസ്ലാമിക കക്ഷികളുമായും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

യു.എസ്. പദ്ധതിയുടെ ഉള്ളടക്കം

വൈറ്റ് ഹൗസ് സെപ്റ്റംബര്‍ 29 നാണ് കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഇത് ഗസ മുനമ്പില്‍ അടിയന്തര വെടിനിര്‍ത്തലിനും അതിനുശേഷം പുനര്‍നിര്‍മ്മാണത്തിനും ഗസയിലെ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങള്‍ പുനഃക്രമീകരിക്കുന്നതിനുമുള്ള സമഗ്രമായ ഒരു പരിപാടിക്കും ആഹ്വാനം ചെയ്യുന്നു.

ഗസയെ ഒരു ആയുധരഹിത മേഖലയായി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രസിഡന്റ് ട്രംപിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്താരാഷ്ട്ര, പ്രാദേശിക ഉറപ്പുകളോടെയുള്ള ട്രാന്‍സിഷണല്‍ ഭരണ സംവിധാനം കരാര്‍ വിഭാവനം ചെയ്യുന്നു. ട്രംപ് അധ്യക്ഷനായ ഒരു അന്താരാഷ്ട്ര സമിതി ഇതിന്റെ നടപ്പാക്കല്‍ നിരീക്ഷിക്കും.

തടവുകാരുടെ കൈമാറ്റം: പദ്ധതി അംഗീകരിച്ച് 72 മണിക്കൂറിനുള്ളില്‍ ഹമാസ് തടവിലാക്കിയ എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കുകയും, അതിനുപകരമായി ഇസ്രായേല്‍ ജയിലുകളിലെ നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുകയും ചെയ്യും.

പോരാട്ടം അവസാനിപ്പിക്കുക, ഫലസ്തീന്‍ പോരാളി സംഘടനകളുടെ നിരായുധീകരണം, ഇസ്രായേല്‍ ഗസ മുനമ്പില്‍ നിന്ന് ഘട്ടംഘട്ടമായി പിന്മാറുക, തുടര്‍ന്ന് ഒരു ടെക്‌നോക്രാറ്റിക് അതോറിറ്റി ഗാസ ഭരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പദ്ധതി നിഷ്‌കര്‍ഷിക്കുന്നു.

2023 ഒക്ടോബര്‍ 7 മുതല്‍, യുഎസ് പിന്തുണയോടെ ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ നടത്തുകയാണ്. ഇതിനകം 66,000-ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏകദേശം 1,69,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. മനുഷ്യനിര്‍മ്മിത ക്ഷാമത്തെത്തുടര്‍ന്ന് 151 കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 455 പേര്‍ മരണപ്പെട്ടു.