ലഖ്നൗ: ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ (32) ഉത്തര്‍പ്രദേശിലെ ശാമ്ലിയില്‍ ജിമ്മിന് പുറത്തുവെച്ച് ദാരുണമായി വെടിയേറ്റു മരിച്ചു. ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ സിറ്റി കോട്വാളി മേഖലയിലെ ആര്യപുരി നാല പത്രിക്ക് സമീപമാണ് സംഭവം. ജിമ്മില്‍ നിന്ന് ഇറങ്ങി തന്റെ സ്‌കോര്‍പിയോ കാറിലേക്ക് കയറാന്‍ തുനിയവെ രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘം അങ്കിതിന് നേരെ 18 റൗണ്ട് വെടിവെക്കുകയായിരുന്നു.
|
കാറിന്റെ ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്ത് മതില്‍ തടസ്സമായിരുന്നതിനാല്‍ കോ-ഡ്രൈവര്‍ സീറ്റിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച അങ്കിതിനെ അക്രമികള്‍ വാതില്‍ ബലമായി തുറന്ന് അടുത്തേക്ക് വന്ന് വെടിവെക്കുകയായിരുന്നു. തലയിലും വയറ്റിലുമായി 5 വെടിയുണ്ടകള്‍ തറച്ചു കയറിയ അങ്കിതിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ALSO READ: 21-കാരിയായ മോഡല്‍ വീട്ടില്‍ കുത്തേറ്റ് മരിച്ചു; ജിം ട്രെയിനര്‍ക്കായി തിരച്ചില്‍
സംഭവത്തിന് പിന്നാലെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മരണവാര്‍ത്ത പുറത്തുവന്നതോടെ ഗായകന്റെ ബന്ധുക്കളും നാട്ടുകാരും ഡല്‍ഹി-മുസാഫര്‍നഗര്‍ റോഡ് ഉപരോധിച്ച് വന്‍ പ്രതിഷേധം നടത്തി. മകന്റെ മൃതദേഹം മടിയില്‍ വെച്ച് കരയുന്ന അമ്മയുടെ ദൃശ്യങ്ങള്‍ കണ്ടുനില്‍ക്കുന്നവരെ കണ്ണീരണിയിച്ചു.
3.66 ലക്ഷത്തിലധികം യൂട്യൂബ് സബ്‌സ്‌ക്രൈബറുള്ള അങ്കിത് ബല്യാന്‍ ‘ഭാരി കോര്‍ട്ട് മേം ഗോലി മാരേങ്കേ മേരി ജാന്‍’ എന്ന ഗാനത്തിലൂടെയാണ് ഏറെ ശ്രദ്ധേയനായത്. മുന്‍പ് വാഹനവ്യൂഹവുമായി റോഡ് ഷോ നടത്തി പോലീസ് കേസ് നേരിട്ടിട്ടുള്ള അങ്കിത് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതിനിടെയാണ് ദാരുണമായ കൊലപാതകം. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില തകര്‍ന്നതായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
Tags: Ankit Balyan shot dead, Haryanvi singer murder, UP news Malayalam, Shamli news, National news Malayalam, Crime news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





