പോലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച പ്രവാസിക്ക് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി ഉത്തരവ്. തലശ്ശേരി കതിരൂര്‍ സ്വദേശി താജുദ്ദീനാണ് പോലീസില്‍ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ചക്കരക്കല്‍ പോലീസ് ആണ് താജുദ്ദീനെ മാലമോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യത്തിലെ മോഷ്ടാവിന്റെ രൂപസാദൃശ്യം മാത്രം കണക്കിലെടുത്തായിരുന്നു പോലീസ് നടപടി. 2018ല്‍ ആണ് സംഭവം.
|
ഈ കേസില്‍ 54 ദിവസമാണ് താജുദ്ദീന് ജയിലില്‍ കിടക്കേണ്ടി വന്നു. നിരപരാധിത്വം ആവര്‍ത്തിച്ചുവ്യക്തമാക്കിയിട്ടും പോലീസ് ഇത് അവഗണിക്കുകയും തുടര്‍ നടപടികളുമായി മുന്നോട്ടു പോവുകയുമായിരുന്നു. ഇതിനിടെ താജുദ്ദീന്റെ വിദേശത്തെ ജോലി നഷ്ടമായി. കോഴിക്കോട് സ്വദേശി വത്സരാജാണ് മാലമോഷ്ടിച്ചതെന്ന് പിന്നീട് തെളിയുകയും താജുദ്ദീന് കുറ്റവിമുക്തനാവുകയും ചെയ്തു.
കുറ്റവിമുക്തനായ ശേഷമാണ് താജുദ്ദീന് നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ഹൈക്കോടതി 14 ലക്ഷം രൂപ താജുദ്ദീന് നഷ്ടപരിഹാരമായി നല്കാന് വിധിക്കുകയായിരുന്നു. ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനം കേസിലുണ്ടായതായി ഹൈക്കോടതി നിരീക്ഷിച്ചു. കൂടുതല്‍ തുകയ്ക്ക് അര്‍ഹതയുണ്ടെങ്കില്‍ കീഴ്ക്കോടതിയെ സമീപിച്ച് നേടിയെടുക്കാവുന്നതാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയില്‍ സൂചിപ്പിച്ചു.





