26
Sep 2024
Fri
26 Sep 2024 Fri
Himachal Pradesh Congress minister raises the issue of illegal construction in Shimla mosque

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശില്‍ മുസ്ലിംവിരുദ്ധ നീക്കങ്ങള്‍ക്കായി സംഘ്പരിവാരിന് ഏണിവച്ചു കൊടുത്ത് പാര്‍ട്ടി. ബാബരി മസ്ജിദ് മാതൃകയില്‍ സംഘ്പരിവാര്‍ പ്രചാരണം നടത്തുന്ന ഷിംലയിലെ പള്ളിയെക്കുറിച്ച് BJP എം.എല്‍.എ നിയമസഭയില്‍ കൊണ്ടുവന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെ കോണ്‍ഗ്രസ് മന്ത്രി അനിരുദ്ധ് സിങ് ആണ് വിവാദവും വിദ്വേഷവും നിറഞ്ഞ പ്രസ്താവന നടത്തിയത്. സംസ്ഥാനത്ത് ലൗ ജിഹാദ് കൂടിവരികയാണെന്നും മുസ്ലിംകള്‍ പതിവായി തെറ്റായ പ്രവൃത്തികള്‍ ചെയ്യുന്നവരാണെന്നും നിയമവിരുദ്ധമായി നിര്‍മിക്കുന്ന പള്ളിയെക്കുറിച്ച് അന്വേഷണം വേണമെന്നുമുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളാണ് ഗ്രാമവികസന മന്ത്രി അനിരുദ്ധ് സിങ്ങ് നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തലസ്ഥാനമായ ഷിംലയിലെ സഞ്ജൗലി മസ്ജിദ് നിയമവിരുദ്ധമായി നിര്‍മിച്ചതാണെന്നും ഇക്കാരണത്താല്‍ പ്രദേശത്ത് കുഴപ്പത്തിന് കാരണമായെന്നും മന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങളായി ഷിംലയില്‍ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധപരിപാടികള്‍ നടത്തിവരുന്നതിനിടെയാണ് എരിതീയില്‍ എണ്ണയൊഴിച്ചുള്ള മന്ത്രിയുടെ പ്രസ്താവന.

ബുധനാഴ്ച ബി.ജെ.പി എം.എല്‍.എ ബല്‍വീര്‍ വര്‍മയാണ് വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. ഇതിന് മറുപടി പറയുന്നതിനിടെയാണ് അനിരുദ്ധ് സിങ്ങ് സംഘ്പരിവാര്‍ ഭാഷ ഉപയോഗിച്ചത്. പള്ളി നിര്‍മിക്കുന്നതിന് ജില്ലാ ഭരണകൂടത്തില്‍നിന്ന് അനുമതി വാങ്ങിയിരുന്നോ? അനുമതി ലഭിക്കാതെയാണ് മുസ്ലിംകള്‍ നിര്‍മാണം തുടങ്ങിയത്. ഇതൊരു നിയമവിരുദ്ധ നിര്‍മിതിയാണ്. ആദ്യം താഴെ നില നിര്‍മിച്ചു. പിന്നീട് ബാക്കിയുള്ളതും പൂര്‍ത്തിയാക്കി. പതിവായി നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്യുന്ന ശീലമുള്ളവരാണ് മുസ്ലിംകള്‍. ഇക്കാര്യം മുഴുവനായി അന്വേഷിക്കേണ്ടതുണ്ട്. സഞ്ജൗലി മാര്‍ക്കറ്റില്‍ മോഷണം പെരുകുകയാണ്. ലൗ ജിഹാദിനെക്കുറിച്ചുള്ള ആശങ്കകള്‍ കൂടിവരുന്നുമുണ്ട്. സഞ്ജൗലിയില്‍ സ്ത്രീകള്‍ക്ക് വഴിനടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും അപകടകരവും ശ്രദ്ധിക്കേണ്ടതുമായ മറ്റൊരു ഗുരുതരമായ പ്രശ്‌നമായി ലൗ ജിഹാദ് മാറി’…. എന്നിങ്ങനെയാണ് മന്ത്രിയുടെ പ്രസ്താവന.

കോണ്‍ഗ്രസ് മന്ത്രിക്ക് നിയമസഭയില്‍വച്ച് കോണ്‍ഗ്രസ് എം.എല്‍.എ ഹരിഷ് ജനാര്‍ദ്ദ തന്നെ മറുപടി നല്‍കുകയുംചെയ്തു. പ്രദേശത്ത് യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ ഹരിഷ് ജനാര്‍ദ്ദ, വഖ്ഫ് ഭൂമിയില്‍ 1960ല്‍ ആണ് പള്ളി നിര്‍മിച്ചതെന്ന് വ്യക്തമാക്കി. ആദ്യം രണ്ടുനിലയില്‍ പള്ളി നിര്‍മിച്ചു. ഈയടുത്ത് മൂന്നുനിലകൂടി കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് ചില കേന്ദ്രങ്ങള്‍ മനപ്പൂര്‍വം കുഴപ്പം സൃഷ്ടിക്കാന്‍ തുടങ്ങിയതെന്നും ഹരിഷ് ജനാര്‍ദ്ദ പറഞ്ഞു.

എല്ലാ മതത്തില്‍പ്പെട്ടവരെയും സംസ്ഥാനത്ത് മാനിക്കുമെന്നും നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇതിന് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു മറുപടി നല്‍കി. ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് നയിച്ച കാരണങ്ങള്‍ അന്വേഷിക്കുകയാണ്. സമാധാനപരമായ പ്രതിഷേധങ്ങളെ ബഹുമാനിക്കും. എന്നാല്‍ ക്രമസമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Himachal Pradesh Congress minister raises the issue of illegal construction in Shimla mosque

വിഷയത്തില്‍ ഇടപെട്ട മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസി, ഹിമാചല്‍ ഭരിക്കുന്നത് കോണ്‍ഗ്രസാണോ അതോ ബി.ജെ.പിയാണോയെന്ന് ചോദിച്ചു. ‘ഹിമാചലിലെ ‘മുഹബത് കി ദൂകാനില്‍’ (സ്‌നേഹത്തിന്റെ കട) വെറുപ്പ് മാത്രമേയുള്ളൂ. ഹിമാചല്‍ മന്ത്രി ബി.ജെ.പിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും അനിരുദ്ധ് സിങ്ങിന്റെ പ്രസംഗത്തിന്റെ വിഡിയോ പങ്കുവച്ച് ഉവൈസി പറഞ്ഞു.

ഷിംലയിലെ മസ്ജിദ് നിര്‍മാണം ഈയടുത്തായി ഹിമാചലിലെ ചൂടേറിയ വിഷയമാണ്. മന്ത്രിയുടെ സഭയിലെ പരാമര്‍ശങ്ങള്‍ സംഘ്പരിവാര്‍ ഏറ്റുപിടിച്ചിട്ടുണ്ട്. വിവാദത്തിന് മന്ത്രി എരിവ് പകര്‍ന്നതോടെ ഹിന്ദുത്വസംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കുകയും ചെയ്തു.

 

Himachal Pradesh Congress minister raises the issue of illegal construction in Shimla mosque

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക