കോട്ടയത്ത് വീട്ടില്‍ ജോലിക്കെത്തിയ മധ്യവയസ്‌കയുടെ മാല കവര്‍ന്ന വീട്ടുടമസ്ഥര്‍ അറസ്റ്റില്‍
|
കോട്ടയം: വീട്ടില്‍ ജോലിക്കെത്തിയ മധ്യവയസ്‌കയുടെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മരട് ആനക്കാട്ടില്‍ വീട്ടില്‍ തക്കു എന്ന ആഷിക് ആന്റണി (31), ഭാര്യ നേഹാരവി (35), ആലപ്പുഴ അരൂര്‍ ഭാഗത്ത് ഉള്ളാറക്കളം വീട്ടില്‍ എറണാകുളം പെരുമ്പടപ്പില്‍ താമസിക്കുന്ന അര്‍ജുന്‍ (22) എന്നിവരാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഒക്ടോബര്‍ മാസം 16ന് അയ്മനം സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണമാല മോഷ്ടിച്ചെന്നാണ് കേസ്. മധ്യവയസ്‌ക ആഷിക് ആന്റണിയുടെ വീട്ടില്‍ വീട്ടുജോലി ചെയ്തു വരികയായിരുന്നു.
പലതവണ കൂലി ലഭിക്കാത്തതിനാല്‍ നല്ലൊരു തുക കുടിശ്ശികയുമുണ്ടായി. കൈയില്‍ പണമില്ലാത്തതിനാല്‍ പ്രതിയുടെ വീട്ടിലിരിക്കുന്ന ടി.വി നല്‍കാമെന്നും കുടിശ്ശികയായ കൂലി കുറച്ചശേഷം ടി.വിയുടെ വിലയായി 8,000 രൂപ ആഷിക് ആന്റണിക്ക് തിരികെ കൊടുത്താല്‍ മതിയെന്നും ഇരുവരും സമ്മതിച്ചു.
അടുത്തദിവസം ടി.വി ഫിറ്റ്‌ചെയ്യാനായി ആഷിക്കും ഭാര്യയും സുഹൃത്ത് അര്‍ജുനും വീട്ടമ്മയുടെ കോട്ടയത്തെ വീട്ടിലെത്തി. ടി.വി ഫിറ്റ് ചെയ്യുന്നതിനിടെ വീട്ടമ്മയുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന മാല മോഷ്ടിച്ചെന്നാണ് ആരോപണം. വീട്ടമ്മയുടെ പരാതിയില്‍ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. ഒളിവില്‍ കഴിഞ്ഞുവന്ന ആഷിക് ആന്റണിയെയും ഭാര്യയെയും പഴനിയില്‍ നിന്നാണ് പിടികൂടിയത്.





