ന്യൂഡല്‍ഹി: പാഠപുസ്തകങ്ങളില്‍ ചരിത്രം തിരുത്തുകയും വളച്ചൊടിക്കുകയും ചെയ്യുന്ന നടപടി തുടര്‍ന്ന് സംഘപരിവാരം. ( In new NCERT textbook: A rewrite of Ayodhya dispute ) കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ എന്‍സിഇആര്‍ടിയുടെ 12ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് കാവിവല്‍ക്കരണത്തിന്റെ പുതിയ ഉദാഹരണം. ബാബരി മസ്ജിദിന്റെ ചരിത്രം പറയുന്ന പാഠഭാഗത്തില്‍ വലിയ തിരമറികളാണ് നടത്തിയിരിക്കുന്നത്. പുസ്തകത്തില്‍ ‘ബാബരി മസ്ജിദ്’ എന്ന പേര് പൂര്‍ണമായും ഒഴിവാക്കി പകരം മൂന്ന് മിനാരങ്ങളുള്ള കെട്ടിടം എന്നാക്കി. നേരത്തേ ഇത് സംബന്ധിച്ച് വാര്‍ത്ത വന്നിരുന്നെങ്കിലും വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്തു വരുന്നത്.
|
അയോധ്യയുടെ ചരിത്രം പറയുന്ന ഭാഗത്ത്, ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ അതിക്രമങ്ങള്‍ മുഴുവന്‍ ഒഴിവാക്കി. നേരത്തേ നാല് പേജ് ഉണ്ടായിരുന്ന ഈ ഭാഗം രണ്ട് പേജായി ചുരുങ്ങിയിട്ടുണ്ട്. ഗുജറാത്തില്‍ നിന്ന് അയോധ്യയിലേക്ക് ബിജെപി നടത്തിയ രഥയാത്ര, ബാബരി തര്‍ക്കുന്നതിലുള്ള കര്‍സേവകരുടെ പങ്ക്, 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം നടന്ന വര്‍ഗീയ കലാപം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം, അയോധ്യയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട ബിജപി ഖേദം പ്രകടിപ്പിച്ചത് തുടങ്ങിയ ഭാഗങ്ങള്‍ പുതിയ പുസ്തകത്തില്‍ നിന്ന് ഒഴിവാക്കി.
പ്രധാന മാറ്റങ്ങള്‍

പഴയ പാഠപുസ്തകത്തില്‍ മുഗല്‍ ഭരണാധികാരി ബാബറിന്റെ ജനറല്‍ മീര്‍ ബാഖി 16ാം നൂറ്റാണ്ടില്‍ നിര്‍മിച്ച മസ്ജിദ് എന്നാണ് ബാബരി മസ്ജിദിനെ പരിചയപ്പെടുത്തുന്നത്. എന്നാല്‍, പുതിയ പുസ്തകം പറയുന്നത് 1528ല്‍ ശ്രീരാമന്റെ ജന്മസ്ഥലത്ത് നിര്‍മിച്ച മൂന്ന് മിനാരങ്ങളുള്ള കെട്ടിടം എന്നാണ്. കെട്ടിടത്തിന്റെ അകത്തും പുറത്തും ഹിന്ദു ചിഹ്നങ്ങളും അവശിഷ്ടങ്ങളും ഉണ്ടായിരുന്നു എന്നും വിശദീകരിക്കുന്നു.
1986ല്‍ ബാബരി മസ്ജിദിന്റെ പൂട്ട് തുറന്നതിന് ശേഷം ഇരുഭാഗത്ത് നിന്നുമുണ്ടായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അക്രമങ്ങളുമൊക്കെ പഴയ പുസ്തകത്തില്‍ രണ്ട് പേജുകളിലായി വിവരിച്ചിരുന്നു. വര്‍ഗീയ കലാപങ്ങള്‍, രഥയാത്ര, 1992ല്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് വേണ്ടി നടത്തിയ കര്‍സേവ, തുടര്‍ന്ന് ജനുവരിയിലുണ്ടായ വര്‍ഗീയ സംഘര്‍ഷം തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ വിവരിച്ചിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തതില്‍ ബിജെപി ഖേദം പ്രകടിപ്പിച്ചതും മതേതരത്വത്തെക്കുറിച്ച് നടന്ന ഗൗരവമേറിയ ചര്‍ച്ചകളും പുസ്തകത്തിലുണ്ടായിരുന്നു.
പുതിയ പുസ്തകത്തില്‍ ഈ കാര്യങ്ങളില്‍ ഒരു ഖണ്ഡികയില്‍ ഒതുക്കി:”1986ല്‍, മൂന്ന് മിനാരങ്ങളുള്ള കെട്ടിടത്തില്‍ പ്രാര്‍ഥന നടത്താന്‍ അനുമതി നല്‍കി ഫൈസാബാദ് ജില്ലാ കോടതി എടുത്ത തീരുമാനം അതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുപ്രധാന വഴിത്തിരിവുണ്ടാക്കി. ശ്രീരാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം തകര്‍ത്താണ് മൂന്ന് മിനാരങ്ങളുള്ള കെട്ടിടം നിര്‍മിച്ചതെന്ന് കരുതുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട തര്‍ക്കം പതിറ്റാണ്ടുകളായി തുടരുകയാണ്. ക്ഷേത്രത്തിന് വേണ്ടിയുള്ള ശിലാന്യാസം നടന്നെങ്കിലും തുടര്‍ നിര്‍മാണം നിരോധിക്കപ്പെട്ടിരുന്നു. ശ്രീരാമ ജന്മഭൂമിയുമായി ബന്ധപ്പെട്ട തങ്ങളുടെ ആശങ്കകള്‍ പരിഗണിക്കിപ്പെട്ടില്ല എന്ന തോന്നല്‍ ഹിന്ദു സമുദായത്തിനുണ്ടായി. അതേസമയം, കെട്ടിടം തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്ന് മുസ്ലിംകളും ആവശ്യപ്പെട്ടു. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഇരുസമുദായങ്ങളും തമ്മിലുള്ള സംഘര്‍ഷം ക്രമേണ വര്‍ധിക്കുകയും അത് നിരവധി തര്‍ക്കങ്ങളിലേക്കും നിയമ പോരാട്ടങ്ങളിലേക്കും നയിക്കുകയും ചെയ്തു. വിഷയത്തില്‍ നീതീപൂര്‍വ്വമായ പരിഹാരം ഇരുവിഭാഗങ്ങളും ആഗ്രഹിച്ചു. 1992ല്‍ കെട്ടിടം തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തത്വങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതായി ചില വിമര്‍ശകര്‍ വാദിച്ചു”.
ബാബരി മസ്ജിദ്-രാജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ അന്തിമ വിധി പുസ്തകത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2019 നവംബര്‍ 9ന്റെ വിധിയില്‍ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തതായും അത് ക്ഷേത്ര നിര്‍മാണത്തിന് വഴിതുറന്നതായും ഈ ഭാഗത്ത് പറയുന്നു.

പത്ര വാര്‍ത്തകളും ഒഴിവാക്കി
ബാബരി മസ്ജിദ് തര്‍ത്തതുമായി ബന്ധപ്പെട്ട് പഴയ പുസ്തകത്തില്‍ കൊടുത്തിരുന്ന പത്ര വാര്‍ത്തകളുടെ ചിത്രങ്ങളും പുതിയ പുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 1992 ഡിസംബര്‍ 7ലെ പത്രത്തില്‍ വന്ന ”ബാബരി മസ്ജിദ് തകര്‍ത്തു, കേന്ദ്രം കല്യാണ്‍ സിങ് സര്‍ക്കാരിനെ പിരിച്ചു വിട്ടു” എന്നത് ഉള്‍പ്പെടെയുള്ള പത്ര കട്ടിങ്ങുകളാണ് ഒഴിവാക്കിയത്. 1992 ഡിസംബര്‍ 13ന്റെ പത്ര കട്ടിങ്ങായിരുന്നു മറ്റൊന്ന്. ‘അയോധ്യ ബിജെപിയുടെ ഏറ്റവും മോശമായ കണക്ക് കൂട്ടല്‍’ എന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പരാമര്‍ശമായിരുന്നു അതിലുണ്ടായിരുന്നത്. പുതിയ പുസ്തകത്തില്‍ ഇത്തരത്തിലുള്ള എല്ലാ പത്ര വാര്‍ത്തകളും ഒഴിവാക്കി.
1994 ഒക്ടോബര്‍ 4ന്റെ സുപ്രിം കോടതി വിധിയും പുതിയ പുസ്തകത്തില്‍ നിന്ന് വെട്ടി മാറ്റിയിട്ടുണ്ട്. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച്ച വരുത്തിയ അന്നത്തെ മുഖ്യമന്ത്രി കല്യാണ്‍ സിങിനെ വിമര്‍ശിക്കുന്ന ചീഫ് ജസ്റ്റിസ് വെങ്കടാചലയ്യയുടെ പരാമര്‍ശങ്ങളാണ് നീക്കിയത്.
2014 മുതല്‍ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ ഇത് നാലാം തവണയാണ് പരിഷ്‌കരിക്കുന്നത്. പുതിയ സംഭവങ്ങള്‍ ഉള്‍ക്കൊള്ളിക്കാനെന്ന പേരില്‍ 2017ലായിരുന്നു ആദ്യ പരിഷ്‌കരണം. സിലബസ് ചുരുക്കാന്‍ വേണ്ടിയെന്ന് പറഞ്ഞ് 2018ല്‍ അടുത്ത പരിഷ്‌കരണം വന്നു. കോവിഡിന് ശേഷമുള്ള പഠനഭാരം കുറയ്ക്കാനെന്ന പേരിലായിരുന്നു മൂന്നാം ഭേദഗതി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





