ചണ്ഡിഗഢ്: വിദ്യാര്‍ത്ഥിനി ക്രൂരമായി പീഡിപ്പിക്കപ്പെടുകയും തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തുവെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളെ തുടര്‍ന്നുണ്ടായ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു. പഞ്ചാബിലെ ലുവ്ലി പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ (LPU) കാമ്പസ് അടിച്ചുകര്‍ത്ത വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ഇന്നലെ രാത്രി വൈകി ആരംഭിച്ച പ്രതിഷേധം ഇന്ന് രാവിലെയോടെയാണ് അക്രമാസക്തമായത്.
|
പ്രധാന വിവരങ്ങൾ (Key Highlights)
- വൻ പ്രക്ഷോഭം: പെൺകുട്ടി പീഡനത്തിനിരയായി ആത്മഹത്യ ചെയ്തെന്ന അഭ്യൂഹത്തെ തുടർന്ന് എൽപിയു (LPU) കാമ്പസിൽ വിദ്യാർത്ഥികളുടെ അക്രമം.
- ദേശീയപാത ഉപരോധിച്ചു: ജലന്ധർ-ഫഗ്വാര ദേശീയപാത വിദ്യാർത്ഥികൾ ഉപരോധിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം കനത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
- അഭ്യൂഹമെന്ന് പോലീസ്: പീഡനം നടന്നതായി തെളിവുകളില്ലെന്നും വാർത്തകൾ വ്യാജമാണെന്നും അധികൃതരും പോലീസും അറിയിച്ചു.
തുടക്കത്തില്‍ നീതി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളികളോടെ സമാധാനപരമായി നടന്ന പ്രതിഷേധമാണ് പിന്നീട് അക്രമത്തിലേക്ക് വഴിമാറിയത്. സര്‍വകലാശാലാ കെട്ടിടത്തിലെ ജനല്‍ച്ചില്ലകളും പൂച്ചട്ടികളും വിദ്യാര്‍ത്ഥികള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ക്കും സാധനങ്ങള്‍ക്കും തീയിടുകയും ചെയ്തു. പ്രതിഷേധക്കാരിലൊരു വിഭാഗം ജലന്ധര്‍-ഫഗ്വാര ദേശീയപാത ഉപരോധിച്ചതോടെ മണിക്കൂറുകളോളം കനത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
ALSO READ: വിഡി സതീശന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ മാധ്യമ പ്രവര്‍ത്തകരെ തടയാന്‍ പുതിയ നീക്കമെന്ന് റിപോര്‍ട്ട്
സര്‍വകലാശാലാ കാമ്പസിനുള്ളില്‍ നിര്‍മ്മാണ തൊഴിലാളി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്നും, തുടര്‍ന്ന് അധികൃതര്‍ കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയച്ചെന്നുമാണ് ഒരു വിദ്യാര്‍ത്ഥി ആരോപിച്ചത്. അതിനുശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്ന വിവരം റൂംമേറ്റ് മറ്റുള്ളവരെ അറിയിച്ചതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
‘തുടക്കത്തില്‍ പ്രതിഷേധം സമാധാനപരമായിരുന്നു. എന്നാല്‍ സര്‍വകലാശാലയുടെ ഗേറ്റുകള്‍ തുറന്നതോടെ കോളേജുമായി ബന്ധമില്ലാത്ത ചില പുറത്തുനിന്നുള്ളവര്‍ അകത്തുകയറി അക്രമം അഴിച്ചുവിടുകയായിരുന്നു. അവര്‍ കാമ്പസ് അടിച്ച് തകര്‍ത്തു. എന്നാല്‍ ഇത്രയൊക്കെ സംഭവിച്ചിട്ടും എല്ലാം വെറും അഭ്യൂഹം മാത്രമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം,’ ഒരു വിദ്യാര്‍ത്ഥി വീഡിയോയിലൂടെ വ്യക്തമാക്കി.
അതേസമയം, പീഡനവുമായി ബന്ധപ്പെട്ട് യാതൊരുവിധ വിവരങ്ങളും ലഭിച്ചിട്ടില്ലെന്ന് കപൂര്‍ത്തല എസ്എസ്പി ഗൗരവ് തൂറ അറിയിച്ചു.
‘ഇന്നലെ രാത്രി വിദ്യാര്‍ത്ഥികള്‍ ജലന്ധര്‍ ദേശീയപാത ഉപരോധിച്ച വിവരമറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. സര്‍വകലാശാലാ ഭരണകൂടവുമായി ബന്ധപ്പെട്ട ചില പരാതികളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചതെന്നും പീഡനം നടന്നതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ വെറും അഭ്യൂഹമാണെന്നും വ്യക്തമായിട്ടുണ്ട്. ഇത്തരം സംഭവങ്ങളൊന്നും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല,’ എസ്എസ്പി പറഞ്ഞു.
വിദ്യാര്‍ത്ഥി സംഘടനകളുമായി സംസാരിച്ചിട്ടുണ്ടെന്നും വിഷയം അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സര്‍വകലാശാലയും വിദ്യാര്‍ത്ഥികളും തമ്മില്‍ ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. ഇരുവിഭാഗത്തെയും പങ്കെടുപ്പിച്ച് ചര്‍ച്ച നടത്താന്‍ ശ്രമിക്കും.’ സംഭവത്തില്‍ സര്‍വകലാശാലയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി വരികയാണെന്നും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും എസ്എസ്പി അറിയിച്ചു.
സര്‍വകലാശാലയുടെ വിശദീകരണം
പ്രചരിക്കുന്ന വാര്‍ത്തകള്‍ വെറും ‘അഭ്യൂഹങ്ങള്‍’ മാത്രമാണെന്നും കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണ സുരക്ഷിതരാണെന്നും വ്യക്തമാക്കി ലുവ്ലി പ്രൊഫഷണല്‍ സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്ദേശമയച്ചു.
‘സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണ്. തെറ്റായ ലക്ഷ്യങ്ങളോടെ ചിലര്‍ പ്രചരിപ്പിക്കുന്നതാണിത്. വിദ്യാര്‍ത്ഥികള്‍ യാതൊരുവിധ പ്രക്ഷോഭങ്ങളിലും പങ്കെടുക്കരുത്. സ്വന്തം ഹോസ്റ്റലുകളിലോ മുറികളിലോ സുരക്ഷിതരായി കഴിയാനും അക്രമസംഭവങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും അഭ്യര്‍ത്ഥിക്കുന്നു. കാമ്പസില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ എല്ലാവരും സഹകരിക്കണം,’ സര്‍വകലാശാല പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Tags: Lovely Professional University, LPU Punjab, LPU Student Protest, Jalandhar Phagwara Highway, Kapurthala Police, LPU Rape Rumour, Punjab News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





