ന്യൂഡല്‍ഹി: ചരിത്രസ്മാരകങ്ങളുടെയും നഗരങ്ങളുടെയും പുനര്‍നാമകരണം ആവശ്യപ്പെട്ട് ബിജെപി നേതാവ് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. അധിനിവേശ ഭരണാധികാരികളുടെ പേരുകള്‍ നല്‍കിയിരിക്കുന്ന ചരിത്ര ഇടങ്ങളുടെയും നഗരങ്ങളുടെയും പേരുമാറ്റം ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ് ആണ് സുപ്രിംകോടതിയെ സമീപിച്ചത്.
|
ഭരണഘടനയുടെ മതേതര അടിത്തറയുടെ ലംഘനമാണ് ഹരജിയെന്ന് ഇതു തള്ളിയ ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്‌നയും അംഗമായ ബെഞ്ച് ചൂണ്ടിക്കാട്ടി. മഹത്തായ മതമായ ഹിന്ദുമതം മതഭ്രാന്ത് അനുവദിക്കുന്നില്ലെന്നും സുപ്രിംകോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
രാജ്യം നേരിടുന്ന മറ്റു പ്രശ്‌നങ്ങളാണ് ആദ്യം തീര്‍ക്കേണ്ടതെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. കടന്നുകയറ്റക്കാര്‍ക്ക് ഭരണഘടനയുടെ സംരക്ഷണം കൊടുക്കരുതെന്ന് ബിജെപി നേതാവ് ഹരജിയില്‍ വാദിച്ചു. ചരിത്ര സ്ഥലങ്ങളുടെയും നഗരങ്ങളുടെയും നാമമാറ്റത്തിന് പുരാവസ്തു വകുപ്പിന് നിര്‍ദേശം നല്‍കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. പുനര്‍നാമകരണം നടത്തേണ്ട പ്രദേശങ്ങള്‍ തീരുമാനിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിനു കീഴില്‍ പുനര്‍നാമകരണ കമ്മീഷന്‍ രൂപീകരിക്കണമെന്നു ബിജെപി നേതാവിനു വേണ്ടി ഹാജരായ അശ്വനി കുമാര്‍ ഡുബേ വാദിച്ചു.
അതേസമയം ഇന്ത്യയില്‍ പല ഭരണങ്ങളും നടന്നിട്ടുണ്ടെന്നും പേരുമാറ്റിയതുകൊണ്ട് ആ ചരിത്രം മായ്ച്ചുകളയാനാവില്ലെന്നും സുപ്രിംകോടതി പറഞ്ഞു. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ നഗരങ്ങളുടെയും റെയില്‍വേ സ്റ്റേഷന്‍ അടക്കമുള്ള പൊതു ഇടങ്ങളുടെയും പേരുമാറ്റം നടത്തിവരുന്നതിനിടെയാണ് സുപ്രിംകോടതി പരാമര്‍ശം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





