21
Nov 2026
Sat
21 Nov 2026 Sat

യുഎഇയോടുള്ള ആദരവ് സൈക്കിളിൽ മനോഹരമായി ആവിഷ്കരിച്ച ഇന്ത്യൻ പ്രവാസിക്ക് ദുബായിൽ 10,000 ദിർഹം സമ്മാനം. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഡ്രസ് യുവർ റൈഡ്’ മത്സരത്തിലാണ് ദുബായിലെ റസ്റ്ററന്റിൽ കാഷ്യറായി ജോലി ചെയ്യുന്ന മോഹൻ ചൗഹാൻ മികച്ച നേട്ടം സ്വന്തമാക്കിയത്. ബെസ്റ്റ് ഓവറോൾ ബൈക്ക് വിഭാഗത്തിലാണ് ഇദ്ദേഹം വിജയിയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുഹൃത്തിൽനിന്ന് കടം വാങ്ങിയ സൈക്കിളാണ് മോഹൻ മത്സരത്തിനായി അലങ്കരിച്ചത്. ഏകദേശം 300 ദിർഹം ചെലവിട്ട് 100 യുഎഇ ദേശീയപതാകകളും ദേശീയ നിറങ്ങളിലുള്ള ബലൂണുകളും മറ്റ് അലങ്കാരങ്ങളും സൈക്കിളിൽ ഒരുക്കി. മരപ്പണിക്കാരനെക്കൊണ്ട് പതാകകൾ സ്ഥാപിക്കാനുള്ള പ്രത്യേക ഫ്രെയിം നിർമിപ്പിക്കുകയും അധികമായി ഒരു സീറ്റും ഘടിപ്പിക്കുകയും ചെയ്തു. നാലു ദിവസത്തോളം സമയമെടുത്താണ് സൈക്കിൾ ഒരുക്കിയതെന്ന് മോഹൻ പറഞ്ഞു.

പത്ത് വർഷത്തിലേറെയായി യുഎഇയിൽ ജോലി ചെയ്യുന്ന മോഹൻ ആദ്യം വെയിറ്ററായാണ് ജോലിയിൽ പ്രവേശിച്ചത്. പിന്നീട് കാഷ്യറായി ഉയർന്നു. ഇപ്പോൾ ഒഴിവുസമയങ്ങളിൽ വീഡിയോഗ്രഫിയും എഡിറ്റിങ്ങും പഠിക്കുകയാണ്. ഭാര്യയും മൂന്ന് വയസ്സുള്ള മകളും ഇന്ത്യയിലാണ്. അവരെയും ഒരുനാൾ യുഎഇയിലേക്ക് കൊണ്ടുവരാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തിൽ മറ്റ് മൂന്ന് വിഭാഗങ്ങളിലായി മൂന്ന് പേരും 10,000 ദിർഹം വീതം സമ്മാനം നേടി. സൂര്യകാന്തിപ്പൂവിന്റെ രൂപത്തിൽ സൈക്കിൾ അലങ്കരിച്ച തായ് സ്വദേശിനി ടർമിയാറ്റി സിന്ഡിയാണ് മോസ്റ്റ് ക്രിയേറ്റീവ് തീം വിഭാഗത്തിൽ വിജയിച്ചത്. കടൽച്ചേനികളുടെ വേഷം ധരിച്ച സുഹൃത്തുക്കളുടെ സംഘത്തിന് മികച്ച ഗ്രൂപ്പ് വേഷത്തിനുള്ള പുരസ്കാരം ലഭിച്ചു. സൈക്കിളുകൾ അലങ്കരിച്ച് ബുർജ് ഖലീഫയുടെ മാതൃകകളും മുഖംമൂടികളും ഉൾപ്പെടുത്തിയ കുടുംബത്തിനാണ് മികച്ച കുടുംബ വേഷത്തിനുള്ള പുരസ്കാരം ലഭിച്ചത്. മത്സരത്തിലൂടെ ലഭിച്ച തുക കുടുംബത്തെ സഹായിക്കാനും ചാരിറ്റിക്കുമായി വിനിയോഗിക്കുമെന്ന് ടർമിയാറ്റി പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക