30
Jul 2026
Thu
30 Jul 2026 Thu
Indian hockey team jersey

പുരുഷ, വനിതാ ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമുകളുടെ പുതിയ ജേഴ്‌സി ഹോക്കി ഇന്ത്യ പുറത്തിറക്കി. പതിവ് നീല നിറത്തിന് പകരം കാവി നിറത്തിലുള്ള ജേഴ്‌സിയാണ് ഇത്തവണ അവതരിപ്പിച്ചത്. ഓഗസ്റ്റ് 14 മുതല്‍ 30 വരെ ബെല്‍ജിയത്തിലും നെതര്‍ലന്‍ഡ്‌സിലുമായാണ് പുരുഷന്മാരുടെ ലോകകപ്പ് നടക്കുന്നത്. വനിതാ ലോകകപ്പ് ഓഗസ്റ്റ് 15 മുതല്‍ 30 വരെയും അരങ്ങേറും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, പരമ്പരാഗതമായ നീല നിറം ഉപേക്ഷിച്ച് കാവി ജേഴ്‌സി തെരഞ്ഞെടുത്ത ഹോക്കി ഇന്ത്യയുടെ തീരുമാനത്തിനെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരേന്‍ രസ്‌ക്വിന്‍ഹ രംഗത്തെത്തി. ഇന്ത്യന്‍ ഹോക്കി ടീമിന്റെ പാരമ്പര്യവും വ്യക്തിത്വവും എപ്പോഴും നീല നിറവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഹോക്കി ഇന്ത്യ രാജ്യത്തിനായി നിരവധി മികച്ച കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ തീരുമാനം വളരെ നിരാശാജനകമാണ്. ഇന്ത്യന്‍ ടീമിന്റെ പാരമ്പര്യവും സ്വത്വവും എന്നും ‘ബ്ലൂ’ ആയിരുന്നു. വര്‍ഷങ്ങളോളം ആ നീല ജേഴ്‌സി അഭിമാനത്തോടെ അണിഞ്ഞയാളാണ് ഞാന്‍. ആരാധകരും ഇന്ത്യന്‍ ടീമിനെ നീല നിറത്തില്‍ കാണാനാണ് ആഗ്രഹിക്കുന്നത്. ഇതില്‍ കാവി നിറം കൊണ്ടുവന്നതിന്റെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല,’ – എക്‌സിലെ (X) കുറിപ്പില്‍ വിരേന്‍ രസ്‌ക്വിന്‍ഹ വ്യക്തമാക്കി.

വര്‍ഷങ്ങളായി ടീം ഇനങ്ങളിലുള്ള എല്ലാ കായിക വിനോദങ്ങളിലും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ നീല നിറത്തിലുള്ള ജഴ്‌സിയാണ് ധരിക്കുന്നത്. കായിക മേഖലയെയും കാവിവത്കരിക്കാനുള്ള നീക്കമാണ് ജഴ്‌സിയുടെ നിറംമാറ്റമെന്ന് വ്യാപക വിമര്‍ശനമുണ്ട്.

‘ധൈര്യം, ത്യാഗം, വിജയം എന്നിവയുടെ പ്രതീകമാണ്. ഇന്ത്യന്‍ ദേശീയ പതാകയില്‍നിന്നും ഉദിച്ചുയരുന്ന സൂര്യനില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കാവി നിറം തെരഞ്ഞെടുത്തത്. പുതിയ തുടക്കത്തെ പ്രതിഫലിപ്പിക്കുന്നു’ -കാവി നിറത്തിലേക്ക് ജഴ്‌സി മാറിയതിനെ കുറിച്ച് ഹോക്കി ഇന്ത്യ എക്‌സില്‍ പ്രതികരിച്ചു. ദേശീയ ചിഹ്നം, ത്രിവര്‍ണ്ണം എന്നിവക്കൊപ്പം നേരിയ നീല നിറത്തിലുള്ള ഡിസൈനുകളും ജഴ്‌സിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകകപ്പില്‍ ഇംഗ്ലണ്ട്, വെയില്‍സ്, പരമ്പരാഗത വൈരികളായ പാകിസ്താന്‍ എന്നിവര്‍ക്കൊപ്പം പൂള്‍ ഡി-യിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. 1975-ല്‍ പാകിസ്താനെ 2-1 ന് തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം കഴിഞ്ഞ 50 വര്‍ഷമായി ലോകകപ്പ് വിജയം ഇന്ത്യക്ക് കിട്ടാക്കനിയാണ്. 2023-ലെ ഭുവനേശ്വര്‍ ലോകകപ്പില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ തുടര്‍ച്ചയായ രണ്ട് ഒളിമ്പിക് വെങ്കല മെഡലുകള്‍, ഏഷ്യ കപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി വിജയങ്ങള്‍ എന്നിവ നല്‍കുന്ന ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇത്തവണ കളത്തിലിറങ്ങുന്നത്.

വനിതാ വിഭാഗത്തില്‍ ഓഗസ്റ്റ് 16-ന് ചൈനയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പൂള്‍ ഡി-യില്‍ സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരാണ് ഇന്ത്യയുടെ മറ്റ് എതിരാളികള്‍. ടൂര്‍ണമെന്റിനായി പുറപ്പെടുന്നതിന് മുന്നോടിയായി ടീം പൂര്‍ണ്ണ സജ്ജമാണെന്ന് ക്യാപ്റ്റന്‍ സലീമ ടെറ്റെ പറഞ്ഞു. ആദ്യ മത്സരത്തില്‍ ചൈനയെ നേരിടുന്നത് നല്ലൊരു പരീക്ഷണമായിരിക്കുമെന്നും മികച്ച രീതിയില്‍ ടൂര്‍ണമെന്റ് ആരംഭിക്കാനാണ് ടീം ലക്ഷ്യമിടുന്നതെന്നും സലീമ കൂട്ടിച്ചേര്‍ത്തു.

Hockey India, Indian Hockey Team Orange Jersey, FIH Hockey World Cup, Viren Rasquinha, Salima Tete, Indian Hockey Team World Cup Squad, Hockey India Jersey Controversy

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക