കോഴിക്കോട്: കുറ്റ്യാടി വേളം പഞ്ചായത്തില്‍ മുസ്ലിം ലീഗില്‍ ഭിന്നത രൂക്ഷമാകുന്നു. (Infighting in Muslim League in Kuttiadi) മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുല്ലക്കെതിരെ ലീഗിലെ ഒരു വിഭാഗം പ്രതിഷേധ പ്രകടനം നടത്തി. ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനും മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുളളയ്ക്കുമെതിരെയാണ് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കുറ്റ്യാടി വേളം പഞ്ചായത്തിലാണ് പാര്‍ട്ടി നേതൃത്വത്തിനെതിരായ പരസ്യപ്രകടനം നടന്നത്.
|
കുറ്റ്യാടി മണ്ഡലം ജനറല്‍ സെക്രട്ടറി കെ സി മുജീബ് റഹ്‌മാനെ സസ്പെന്‍ഡ് ചെയ്തതിനെതിരെയാണ് പ്രതിഷേധം. വേളം പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചതിനു പിന്നാലെയാണ് മണ്ഡലം ജനറല്‍ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തത്. പിഎംഎ സലാമിനും പാറക്കല്‍ അബ്ദുളളയ്ക്കുമെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. പാറക്കല്‍ അബ്ദുല്ലയെ പ്രവര്‍ത്തകര്‍ ജൂദാസെന്ന് വിളിച്ചു.
സംഘടനാ തീരുമാനങ്ങളോട് സഹകരിക്കുന്നില്ലെന്ന് കാണിച്ചാണ് മുജീബ് റഹ്‌മാനെ സസ്‌പെന്‍ഡ് ചെയ്തത്. വേളം പഞ്ചായത്ത് ഭരണത്തില്‍ യുഡിഎഫ് മുന്നണി ധാരണയുമായി ബന്ധപ്പെട്ടാണ് ലീഗില്‍ ഭിന്നത ഉടലെടുത്തത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം വെച്ച് മാറുന്നതില്‍ ആയിരുന്നു തര്‍ക്കം. തര്‍ക്കത്തെ തുടര്‍ന്ന് യുഡിഎഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫ്‌ന് ലഭിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് മുസ്ലിം ലീഗ് വേളം പഞ്ചായത്ത് പിരിച്ചുവിട്ടതും കുറ്റ്യാടി മണ്ഡലം ജനറല്‍ സെക്രട്ടറി കെ സി മുജീബ് റഹ്‌മാനെ സസ്പെന്‍ഡ് ചെയ്തതും.


