ന്യൂഡല്‍ഹി: ഫാക്ട് ചെക്കിങിലെ നിഷ്പക്ഷത കൊണ്ട് ശ്രദ്ധേയനാണ് ഓള്‍ട്ട്‌ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈര്‍. (Muhammad Zubair, a one-man army, debunked Pakistan’s false propaganda) ഗോദി മീഡിയകളുടെ പിന്തുണയോടെ സംഘപരിവാരം പടച്ചുവിടുന്ന പല നുണക്കഥകളും സ്ഥിരമായി പൊളിച്ചടുക്കാറുള്ളതിനാല്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു. ഇതിന്റെ പേരില്‍ കുറച്ചുനാള്‍ ജയിലിലുമായി. എന്നാല്‍, ഒറ്റ രാത്രികൊണ്ട്, നിന്ദിച്ചവരുടെപോലും ഹീറോ ആയി മാറിയിരിക്കുകയാണ് മുഹമ്മദ് സുബൈര്‍.
|
പാകിസ്താനെ ഞെട്ടിച്ച ഇന്ത്യയുടെ ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ വ്യാജവിവരങ്ങള്‍ കൊണ്ടാണ് ഒരു കൂട്ടം പാക് സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ അതിനെ നേരിട്ടത്. ഇതിനെ പൊളിച്ചടുക്കാന്‍ അര്‍ധരാത്രിയിലും കണ്ണിമചിമ്മാതെ പ്രവര്‍ത്തിച്ചത്. മുഹമ്മദ് സുബൈര്‍ എന്ന ഒറ്റയാള്‍പ്പട്ടാളം.
ALSO READ: കുപ്‌വാര ഉള്‍പ്പെടെ നാലിടത്ത് പാക് ഷെല്ലാക്രമണം; തിരിച്ചടിച്ച് ഇന്ത്യ; നിരവധി പേര്‍ കൊല്ലപ്പെട്ടു
സത്യമെന്നപേരില്‍ സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞ നുണകള്‍ മുഴുവന്‍ വസ്തുതകള്‍ നിരത്തി സുബൈര്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. രാത്രിമുഴുവനും ഇത് അദ്ദേഹം തുടര്‍ന്നു.
‘ഹിന്ദുമത വികാരത്തെ’ വ്രണപ്പെടുത്തിയെന്നതിന്റെപേരില്‍ 2022 ജൂണ്‍ 27-ന് ഡല്‍ഹി പോലീസ് അറസ്റ്റുചെയ്ത് ഒരുമാസത്തോളം ജയിലിലടച്ചിരുന്നു സുബൈറിനെ. അന്ന് അദ്ദേഹത്തെ നിന്ദിച്ചവരില്‍ പലരും ഇന്ന് വാഴ്ത്തുകയാണ്. പക്ഷേ, സുബൈറിനു പറയാനുള്ളത് ഒന്നുമാത്രം ”സത്യത്തിനുവേണ്ടി നിലകൊള്ളുകമാത്രമാണ് ഞാന്‍ ചെയ്യുന്നത്.”
സത്യത്തിനു വേണ്ടിയുള്ള പോരാട്ടം
പുലര്‍ച്ചെ രണ്ടുമണിയോടെ കിടക്കാന്‍ പോകുന്നതിനുമുന്‍പാണ് പാകിസ്താനിലെ സൈനികനടപടിയെക്കുറിച്ചുള്ള ‘എക്‌സ്’ പോസ്റ്റുകള്‍ കണ്ടത്.
ഇതുമായി ബന്ധപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്‍ പങ്കുവെച്ച വീഡിയോ കണ്ടു. അതേ വീഡിയോ വാര്‍ത്താ ഏജന്‍സിയും പങ്കുവെച്ചിരുന്നു. രണ്ടുദൃശ്യങ്ങളും നേരത്തേ കണ്ടിട്ടുണ്ട്. ആ ഓര്‍മ്മയില്‍ പരിശോധിച്ചപ്പോള്‍ പഴയ വീഡിയോ ആണ് അതെന്നുകണ്ടെത്തി.
ഇക്കാര്യം ‘എക്‌സി’ല്‍ പോസ്റ്റ് ചെയ്തപ്പോള്‍ സൈബര്‍ ആക്രമണമുണ്ടായി. എതിര്‍രാജ്യത്തുനിന്ന് വരുന്ന വ്യാജവിവരങ്ങളിലെ സത്യാവസ്ഥ ആദ്യം കണ്ടുപിടിക്കൂ എന്നായിരുന്നു ചില പ്രതികരണങ്ങള്‍. അപ്പോഴാണ് പാക് ‘എക്‌സ്’ ഹാന്‍ഡിലുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ചിന്തിച്ചത്.
റഷ്യ-യുക്രൈന്‍ യുദ്ധസമയത്ത് പ്രൊപ്പഗാന്‍ഡ ഹാന്‍ഡിലുകളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. യുദ്ധവുമായി ഒരു ബന്ധവുമില്ലാത്ത ചിത്രങ്ങളും ദൃശ്യങ്ങളുമാണ് തെറ്റിദ്ധാരണ പരത്തുകയെന്ന ലക്ഷ്യത്തോടെ അവര്‍ പ്രചരിപ്പിച്ചിരുന്നത്. ഒന്നുരണ്ട് പാക് ‘എക്‌സ്’ ഹാന്‍ഡിലുകളില്‍നിന്ന് സമാനരീതിയില്‍ വ്യാജപ്രചാരണം നടന്നതുകണ്ടു. ഇവ പരിശോധിച്ച് സത്യാവസ്ഥ വ്യക്തമാക്കി പോസ്റ്റ് ചെയ്തു. അതോടെ ആല്‍ഗരിതം അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കൂടുതല്‍ പാക് അക്കൗണ്ടുകളില്‍നിന്നുള്ള പോസ്റ്റുകള്‍ ഫീഡില്‍ വന്നു.
ഇതില്‍ത്തന്നെ ചില അക്കൗണ്ടുകള്‍ ഇന്ത്യക്കാരെന്ന തരത്തില്‍ ഉള്ളവയായിരുന്നു. എന്നാല്‍, അവര്‍ പാകിസ്താനെയും കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പ്രശംസിക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യത്തെ കുറ്റപ്പെടുത്തുകയായിരുന്നു.
സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേനയുള്ള അക്കൗണ്ടുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ അവരുടെ ഭാഷയില്‍ അസാധാരണമാംവിധം ഉറുദു കടന്നുകൂടുന്നതായി ശ്രദ്ധിച്ചു. തുടര്‍ന്നുനടത്തിയ പരിശോധനയില്‍ ഈ ഹാന്‍ഡിലുകളുടെ യാഥാര്‍ഥ്യം കണ്ടെത്തി. അവയെല്ലാം പാകിസ്താനില്‍നിന്നുള്ളവയായിരുന്നു.
പാക്പ്രചാരണങ്ങളുടെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവന്നശേഷം വലതുപക്ഷ ചായ്വുള്ള പല ഹാന്‍ഡിലുകളില്‍നിന്നു പിന്തുണച്ചും പ്രശംസിച്ചും നേരിട്ടുള്ള സന്ദേശങ്ങളും കമന്റുകളും ലഭിച്ചു. തീവ്രവലതുപക്ഷ ഹാന്‍ഡിലുകളില്‍ നിന്ന് അങ്ങനൊന്നും വന്നിട്ടില്ല.
ഇപ്പോള്‍ ലഭിക്കുന്ന പിന്തുണപോലും കൂടുതല്‍ സമയത്തേക്കില്ല എന്നെനിക്കറിയാം. കോവിഡ് കാലത്ത് വ്യാജ പ്രചാരണങ്ങള്‍ കണ്ടെത്തി പുറത്തുകൊണ്ടുവന്നപ്പോള്‍ സമാനമായി പലരും പിന്തുണച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ടൊരു വിവരത്തിന്റെ വസ്തുതാ പരിശോധന നടത്തുന്നതു വരെയേ അതുള്ളൂ. ആരെയും സന്തോഷിപ്പിക്കണം എന്ന ലക്ഷ്യത്തോടെ ഞാന്‍ പ്രവര്‍ത്തിക്കാറില്ല. സത്യത്തിനുവേണ്ടി നിലകൊള്ളുകമാത്രമാണ് ചെയ്യുന്നത്.


