ആകാശത്ത് നിന്ന് ബോംബുകള്‍ വര്‍ഷിച്ച് ഇസ്രായേല്‍ സൈന്യം ഗസയില്‍ കൂട്ടക്കുരുതി തുടരുന്നതിനിടെ ശക്തമായ ചെറുത്തുനില്‍പ്പുമായി ഹമാസ്.(Intense Clashes in Gaza; Several Israeli Soldiers Killed) ഇസ്രായേല്‍ സൈന്യം ഇറാനിലേക്ക് ശ്രദ്ധ തിരിച്ചതിനിടെയുണ്ടായ ഇടവേള ഉപയോഗിച്ച് നഷ്ടപ്പെട്ട പല പ്രദേശങ്ങളും ഹമാസ് ഉള്‍പ്പെടെയുള്ള പോരാളി സംഘങ്ങള്‍ തിരിച്ചുപിടിച്ചിട്ടുണ്ട്.
|
അപ്രതീക്ഷിതമായി തുരങ്കങ്ങളില്‍ നിന്നും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും പ്രത്യക്ഷപ്പെട്ട് ആക്രമണം നടത്തുകയും മിന്നല്‍ വേഗത്തില്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഗറില്ലാ യുദ്ധമുറയാണ് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് പയറ്റുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലുള്ള ഇത്തരം ആക്രമണങ്ങളെ നേരിടാന്‍ കഴിയാതെ നട്ടംതിരിയുകയാണ് അധിനിവേശ സേന.
ഇന്ന് അല്‍തുഫ, ശുജാഇയ്യ, ഖാന്‍ യൂനുസ് എന്നീ പ്രദേശങ്ങളില്‍ ഒരേസമയമാണ് പോരാളികള്‍ മിന്നലാക്രമണം നടത്തിയത്. ഇതില്‍ നിരവധി ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തു.
ഗസാ നഗരത്തില്‍ ഇസ്രായേലി സൈന്യത്തിന്റെ മെര്‍ക്കാവ ടാങ്ക് മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത പോരാളികള്‍ മൂന്ന് സൈനികരെ കൊലപ്പെടുത്തി. ജബലിയയിലുണ്ടായ മറ്റൊരാക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി പ്രാദേശിക ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
കിഴക്കന്‍ ഗസാ നഗരങ്ങളായ അല്‍ തുഫയിലും അല്‍ ശുജാഇയ്യയിലും തെക്കന്‍ പ്രദേശമായ ഖാന്‍ യൂനുസിലും കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണ്. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തില്‍ ഇസ്രായേലി സൈന്യത്തിന് കനത്ത ആഘാതം നേരിട്ടിട്ടുണ്ട്.
ALSO WATCH THIS
അല്‍ തുഫയില്‍ ഒരു സൈനികനെ പിടികൂടാനുള്ള പോരാളികളുടെ ശ്രമം പരാജയപ്പെടുത്തിയതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. കനത്ത ആക്രമണത്തിനിടെ സൈനികനെ കാണാതായിരുന്നു.
ഇതേ തുടര്‍ന്ന് പ്രദേശത്ത് അധിനിവേശ സൈന്യം ഹനിബാള്‍ പ്രോട്ടോക്കോള്‍ ആക്ടിവേറ്റ് ചെയ്തു. സ്വന്തം സൈനികന്‍ കൊല്ലപ്പെട്ടാലും ശത്രുക്കളുടെ പിടിയില്‍പ്പെടുന്നത് തടയുന്ന രൂപത്തില്‍ ശക്തമായ ബോംബിങ് നടത്തുന്നതാണ് ഹനിബാള്‍ പ്രോട്ടോക്കോള്‍. ഏറെ നേരത്തേ അനിശ്ചിതത്വത്തിന് ശേഷം സൈനികനെ കണ്ടെത്തിയതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഇത്തരത്തില്‍ ഏതാനും സൈനികര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പോരാളികളുടെ പിടിയിലായതായി റിപോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
News Summary
Israeli media reported simultaneous security incidents in several areas of the Gaza Strip, notably the Al-Tuffah and Shuja’iyya neighborhoods in eastern Gaza City, and Khan Yunis city in the southern Strip.





