അഹമ്മദാബാദ്: രണ്ടുമാസം നീളുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 16ാം സീസണ് ഇന്ന് തുടക്കം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്‌സും മുഖാമുഖം. രാത്രി 7.30ന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാം.
|
ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ നയിക്കുന്നത്. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിക്ക് കീഴിലാണ്, നാലുതവണ കപ്പുയർത്തിയ ചെന്നൈ സൂപ്പർ കിങ്സ്, വീണ്ടും കിരീടം തേടി ഇറങ്ങുന്നത്.
10 ടീമുകൾ അണിനിരക്കുന്ന ലീഗ് റൗണ്ടിലെ മത്സരങ്ങൾ 12 വേദികളിലായി നടക്കും. ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം ഐ.പി.എൽ മത്സരങ്ങൾ ഹോം, എവേ രീതിയിലേക്ക് തിരിച്ചെത്തുന്നു എന്നതും ഈ സീസണിലെ സവിശേഷതയാണ്.
52 ദിവസം നീണ്ടു നിൽക്കുന്ന ഐപിഎൽ പൂരത്തിനാണ് വെള്ളിയാഴ്ച കൊടിയുയരുന്നത്. ലീഗ് മത്സരങ്ങൾ മാർച്ച് 31 മുതൽ മെയ് 21 വരെ നടക്കും. മെയ് 28 നാണ് ഫൈനൽ. ആവേശം ഉയർത്താനായി ഇംപാക്ട് പ്ലെയർ ഉൾപ്പെടെയുള്ള പുതിയ നിയമങ്ങളും ഇത്തവണയുണ്ട്.
മലയാളി താരം സഞ്ജു സാംസൺ നായകനാകുന്ന രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം ഏപ്രിൽ രണ്ടിനാണ്. സൺറൈസേഴ്സ് ഹൈദരാബാദ് ആണ് എതിരാളികൾ. ഗ്രൂപ്പ് എയിൽ മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ്, ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകൾക്കൊപ്പമാണ് രാജസ്ഥാൻ.
സാധ്യതാ ടീം
ഗുജറാത്ത്: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), വൃദ്ധിമാൻ സാഹ, റഷീദ്ഖാൻ, രാഹുൽ ടെവാട്ടിയ, ശുഭ്മാൻ ഗിൽ, കെയ്ൻ വില്യംസൺ, മാത്യു വെയ്ഡ്, മുഹമ്മദ് ഷമി, ശിവം മാവി, അൽസാരി ജോസഫ്, ആർ സായ്കിഷോർ.
ചെന്നൈ: മഹേന്ദ്രസിങ് ധോണി (ക്യാപ്റ്റൻ), ഡെവൻ കോൺവേ, ഋതുരാജ് ഗെയ്ക്ക്വാദ്, ബെൻ സ്റ്റോക്സ്, മൊയീൻ അലി, രവീന്ദ്ര ജഡേജ, ദീപക് ചഹാർ, അമ്പാട്ടി റായിഡു, ഡ്വെയ്ൻ പ്രിറ്റോറിയസ്, പ്രശാന്ത് സോളങ്കി, സിമർജിത് സിങ്.


