ഇസ്രായേലിന്റെ ആണ കേന്ദ്രങ്ങള്‍, അമേരിക്ക, യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള ബന്ധം, പ്രതിരോധ ശേഷി എന്നിവ സംബന്ധിച്ചുള്ള നൂറുകണക്കിന് രഹസ്യ രേഖകള്‍ ഉടന്‍ പുറത്തുവിടുമെന്ന് ഇറാന്.
|
രാജ്യത്തിന്റെ ആക്രമണ ശേഷിയെ ശക്തിപ്പെടുത്തുന്ന അമൂല്യ ശേഖരമാണ് ഇറാന് ലഭിച്ചിരിക്കുന്നതെന്ന് ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖാത്തിബ് പറഞ്ഞു. എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ഇസ്രായേല്‍ ഒരിക്കലും തങ്ങളുടെ അണ്വായുധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഇസ്രായേലിന്റെ കൈയില്‍ വന്‍തോതിലുള്ള അണ്വായുധ ശേഖരമുണ്ടെന്നാണ് കരുതപ്പെടുന്നത്. മിഡില്‍ ഈസ്റ്റിലെ ഏക ആണവ രാജ്യം കൂടിയാണ് ഇസ്രായേല്‍.
ഇറാന്റെ അവകാശവാദത്തെക്കുറിച്ച് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, ഇറാന് വേണ്ടി ചാരപ്രവര്‍ത്തനത്തിലേര്‍പ്പെട്ട നിരവധി ഇസ്രായേലികള്‍ ഈയിടെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഇസ്രായേലി ആണവ ഗവേഷണ കേന്ദ്രം ഹാക്ക് ചെയ്യപ്പെട്ടതായും വാര്‍ത്തകളുണ്ടായിരുന്നു.
രേഖകളുടെ അളവ് വളരെ വലുതായതിനാല്‍ അത് രാജ്യത്ത് എത്തിക്കുന്നതിന് സമയമെടുക്കുമെന്നും വലിയ തോതിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ അതിന് ആവശ്യമാണെന്നും ഖാത്തിബ് പറഞ്ഞു. രേഖകള്‍ ഇപ്പോള്‍ സുരക്ഷിത സ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും അദ്ദേഹം സര്‍ക്കാര്‍ വാര്‍ത്താ ചാനലിനോട് പറഞ്ഞു.
News Summary: Iran has hundreds of secret documents on Israel’s nuclear and defense sites; will release them soon


