04
Jun 2025
Sun
04 Jun 2025 Sun
AYATHOLLAH KHAMANEI

ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തിലേക്ക് അമേരിക്ക നേരിട്ട് ഇറങ്ങിയതോടെ പശ്ചിമേഷ്യ മുഴുവന്‍ ഭീതിയില്‍. (Iran Israel conflict: US action against Iran takes war to ‘unprecedented level’ ) അമേരിക്കന്‍ ആക്രമണത്തോട് ഇറാന്‍ ഏത് രീതിയില്‍ പ്രതികരിക്കുമെന്ന കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗള്‍ഫിലുള്ള അമേരിക്കന്‍ താവളങ്ങളെ ഇറാന്‍ ലക്ഷ്യമിടുന്നതായാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. ഇസ്രായേലിന് പിന്തുണയുമായി അമേരിക്ക നേരിട്ട് ഇടപെട്ടാല്‍ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് ഇറാന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇറാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇറാഖിലെ സായുധ ഗ്രൂപ്പുകള്‍ നേരിട്ട് രംഗത്തിറങ്ങിയേക്കും. പതിറ്റാണ്ടുകള്‍ നീണ്ട സംഘര്‍ഷത്തിനു ശേഷം സമാധാനത്തിലേക്ക് നീങ്ങുന്ന ഇറാഖിനെ ഇത് വീണ്ടും അസ്ഥിരമാക്കും.

ഇറാനെ ആക്രമിച്ചാല്‍ അമേരിക്കന്‍ കപ്പലുകളെ കടലില്‍ മുക്കുമെന്ന് ഹൂത്തികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ വഴിയുള്ള ആക്രമണത്തില്‍ അതിവിദഗ്ധരായ ഹൂത്തികള്‍ കളത്തിലിറങ്ങിയാല്‍ കളി മാറും.

ALSO READ: ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബിട്ടു; ലക്ഷ്യം പൂര്‍ത്തീകരിച്ചെന്ന് ട്രമ്പ്; ഗള്‍ഫ് രാജ്യങ്ങളില്‍ അതീവ ജാഗ്രത

ലബ്‌നാനിലെ ഹിസ്ബുല്ല ഇതുവരെ നിശ്ശബ്ദമായി കളി കാണുകയായിരുന്നു. എന്നാല്‍, അമേരിക്ക നേരിട്ട് ഇറാനെ ആക്രമിക്കുകയോ ആയത്തുല്ല അലി ഖാംനഇയെ ലക്ഷ്യമിടുകയോ ചെയ്താല്‍ നോക്കിയിരിക്കില്ലെന്ന് ഹിസ്ബുല്ലയും പ്രഖ്യാപിച്ചിരുന്നു.

ഹിസ്ബുല്ല രംഗത്തിറങ്ങിയാല്‍ ലബ്‌നാനിലെ സ്ഥിതിഗതികളും സംഘര്‍ഷഭരിതമാവും. നേരത്തേ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച ഹിസ്ബുല്ലയ്‌ക്കെതിരായ ഇസ്രായേല്‍ ബോംബിങില്‍ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. ലബ്‌നാന്റെ വലിയൊരു ഭാഗം ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തിരുന്നു.

ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിന്റെ സഹായത്തോടെ വീണ്ടും കരുത്താര്‍ജിച്ച ഹിസ്ബുല്ല ഭൂമിക്കടിയിലെ ബങ്കറുകളില്‍ സൂക്ഷിച്ചിട്ടുള്ള ആയുധങ്ങള്‍ സജ്ജമാക്കുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ലോകത്തെ 20 ശതമാനം എണ്ണ കടത്ത് നടക്കുന്ന ഹോര്‍മുസ് ഇടനാഴി ഇറാന്‍ അടച്ചാല്‍ ലോക സാമ്പത്തിക മേഖലയ്ക്ക് തന്നെ കനത്ത അടിയായിരിക്കും അത്. ഗള്‍ഫിലെ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ നട്ടെല്ല് തകര്‍ക്കാന്‍ ഇത് ഇടയാക്കും.

ഇറാനിലേക്ക് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇതിനകം നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമാകുന്നതോടെ അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ ആയിരങ്ങളുടെ മരണത്തിലേക്കാണ് യുദ്ധം നീങ്ങുക.