Iran jamming starlink അജയ്യമെന്ന് കരുതിയിരുന്ന എലോണ്‍ മസ്‌കിന്റെ ‘സ്റ്റാര്‍ലിങ്ക്’ (Starlink) ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തെ ഇറാന്‍ വിജയകരമായി തടസ്സപ്പെടുത്തിയതായി (Jamming) റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസ് (AP), ടൈംസ് ഓഫ് ഇസ്രായേല്‍ (ToI) എന്നിവയാണ് ഈ വിവരം പുറത്തുവിട്ടത്. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് വിച്ഛേദനം നടന്നുകൊണ്ടിരിക്കെ, സ്റ്റാര്‍ലിങ്ക് കൂടി പ്രവര്‍ത്തനരഹിതമായത് പ്രതിഷേധക്കാര്‍ക്ക് കനത്ത തിരിച്ചടിയായി. തുടര്‍ച്ചയായി 72 മണിക്കൂര്‍ ഇന്റര്‍നെറ്റ് പ്രവര്‍ത്തന രഹിതമായി.
|
സൈബര്‍ സുരക്ഷാ വിദഗ്ധനായ അമീര്‍ റാഷിദിയുടെ റിപ്പോര്‍ട്ട് പ്രകാരം, ഇറാന്റെ പല ഭാഗങ്ങളിലും സ്റ്റാര്‍ലിങ്ക് ഡാറ്റാ കൈമാറ്റത്തില്‍ 80 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. ഇത് വെറും ജി.പി.എസ് (GPS) ജാമിംഗ് അല്ലെന്നും മറിച്ച് അതീവ സങ്കീര്‍ണ്ണമായ സൈനിക സാങ്കേതികവിദ്യയാണെന്നും അദ്ദേഹം വ്യക്തമാക്കി
ഉക്രെയ്ന്‍ യുദ്ധത്തില്‍ സ്റ്റാര്‍ലിങ്കിനെ നേരിടാന്‍ റഷ്യ വികസിപ്പിച്ചെടുത്ത ‘ടോബോള്‍’ (Tobol) അല്ലെങ്കില്‍ ‘കലിങ്ക’ (Kalinka) പോലുള്ള അത്യാധുനിക ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍ റഷ്യ ഇറാനു കൈമാറിയതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ സംശയിക്കുന്നു.
സ്റ്റാര്‍ലിങ്കിനെ തടയാന്‍ കഴിയില്ലെന്ന വിശ്വാസം തകര്‍ന്നത് ആധുനിക യുദ്ധതന്ത്രങ്ങളില്‍ വലിയ മാറ്റമുണ്ടാക്കും. ഇറാന്റെ ആകാശത്ത് കൂടെയുള്ള ഉപഗ്രഹ സിഗ്‌നലുകളെ നേരിട്ട് ലക്ഷ്യം വെക്കാന്‍ ശേഷിയുള്ള മൊബൈല്‍ ജാമറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ALSO READ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം
‘ഇത് ആധുനിക സാങ്കേതികവിദ്യയുടെ പരാജയമല്ല, മറിച്ച് ഇലക്ട്രോണിക് യുദ്ധമുറയില്‍ ഇറാന്‍ കൈവരിച്ച അപ്രതീക്ഷിത മുന്നേറ്റമാണ്. റഷ്യയുടെ സഹായമില്ലാതെ ഇത്തരമൊരു സംവിധാനം ഇറാന്‍ നിര്‍മ്മിക്കാനിടയില്ല.’
മസ്‌കിന്റെ പ്രതികരണം
ഇറാന്‍ സ്റ്റാര്‍ലിങ്ക് സിഗ്‌നലുകള്‍ ജാം ചെയ്തതിന് പിന്നാലെ, അത് മറികടക്കാന്‍ പുതിയ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് പുറത്തിറക്കിയതായി ഇലോണ്‍ മസ്‌ക് സൂചിപ്പിച്ചു. സൈനിക തലത്തിലുള്ള ഇലക്ട്രോണിക് വാര്‍ഫെയറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള രീതിയില്‍ ഉപഗ്രഹങ്ങളുടെ സിഗ്‌നല്‍ പ്രോട്ടോകോളില്‍ മാറ്റം വരുത്താനാണ് സ്‌പേസ് എക്‌സ് (SpaceX) ശ്രമിക്കുന്നത്.
ഉക്രെയ്ന്‍ യുദ്ധസമയത്ത് റഷ്യന്‍ ജാമറുകളെ മറികടന്നതുപോലെ, മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ കോഡുകള്‍ സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകളിലേക്ക് അയക്കാന്‍ മസ്‌ക് നിര്‍ദ്ദേശം നല്‍കി
ജാമറുകള്‍ക്ക് പിന്തുടരാനാവാത്ത വിധം സിഗ്‌നലുകളുടെ ഫ്രീക്വന്‍സി വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ കൂടുതല്‍ ശക്തമാക്കും
‘സ്റ്റാര്‍ലിങ്കിനെ തടയാന്‍ ശ്രമിക്കുന്നത് എളുപ്പമല്ല, ഞങ്ങള്‍ അതിന് മറുപടി നല്‍കിക്കൊണ്ടിരിക്കും’ എന്ന് മസ്‌ക് തന്റെ എക്‌സ് (X) പ്ലാറ്റ്ഫോമില്‍ കുറിച്ചു.
ഇറാന്റെ പ്രതികരണം
തങ്ങളുടെ പരമാധികാരം ലംഘിക്കുന്ന ഏത് വിദേശ ഇന്റര്‍നെറ്റ് സേവനത്തെയും തകര്‍ക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നത്. റഷ്യയില്‍ നിന്ന് ലഭിച്ച പുതിയ ‘സൈബര്‍ ആയുധങ്ങള്‍’ ഇതിനായി കൂടുതല്‍ വിന്യസിക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി
ഇസ്രായേലിന്റെ മുന്നറിയിപ്പ്
ഇറാന്‍ റഷ്യന്‍ സഹായത്തോടെ ഇത്തരം വിപുലമായ ഇലക്ട്രോണിക് യുദ്ധമുറകള്‍ നടത്തുന്നത് തങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ഇസ്രായേല്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. ഇതിനെതിരെ തിരിച്ചടി നല്‍കാന്‍ ഇസ്രായേല്‍ സൈബര്‍ യൂണിറ്റുകള്‍ (Unit 8200) തയ്യാറെടുക്കുന്നതായാണ് വിവരം
മരണ സംഖ്യ 500 കടന്നു
റിയാലിന്റെ തകര്‍ച്ചയും നാണ്യപ്പെരുപ്പവും മൂലം ഇറാനില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ മരണസംഖ്യ 500 കടന്നതായി റിപ്പോര്‍ട്ട്. മരിച്ചവരുടെ എണ്ണം 538 ആയി എന്നാണ് യുഎസ് സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ 31 പ്രവിശ്യകളിലെ 180 നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചുകഴിഞ്ഞു. പലയിടങ്ങളിലും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം കടുത്ത മുറകള്‍ പ്രയോഗിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
10,600ല്‍ അധികം പേരെ കസ്റ്റഡിയിലെടുത്തു എന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധം പൊളിക്കാനായി രാജ്യത്ത് ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. അതേസമയം, പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ലോകമെമ്പാടും മാര്‍ച്ചുകളും അരങ്ങേറുന്നുണ്ട്. ലണ്ടന്‍, പാരിസ്, ഇസ്താംബുള്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധ മാര്‍ച്ചുകള്‍ അരങ്ങേറുന്നത്.





