വാഷിംഗ്ടണ്‍: ഇസ്രായേലുമായി ഉണ്ടായ കടുത്ത സൈനിക ഏറ്റുമുട്ടലുകള്‍ക്ക് പിന്നാലെ ഇറാന്‍ തങ്ങളുടെ ആണവ പദ്ധതികള്‍ വീണ്ടും പുനഃസംഘടിപ്പിക്കുന്നതായി ഇസ്രായേല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തങ്ങളുടെ പക്കലുള്ള ആയിരക്കണക്കിന് യുറേനിയം സമ്പുഷ്ടീകരണ സെന്‍ട്രിഫ്യൂജുകള്‍ (Centrifuges) ഇറാന്‍ സുരക്ഷിതമായ പിക്കാക്‌സ് പര്‍വ്വതത്തിലെ (Pickaxe Mountain) ഭൂഗര്‍ഭ തുരങ്കങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചതായി യു.എസ് വാര്‍ത്താ ഏജന്‍സിയായ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
|
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെച്ചതായും, ഇറാന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആക്രമണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘പിക്കാക്‌സ് മലനിര തകര്‍ക്കും’: മുന്നറിയിപ്പുമായി ട്രംപ്
തീവ്രമായ ആക്രമണങ്ങള്‍ക്ക് യു.എസ് തയ്യാറെടുക്കുകയാണെന്നും ഇറാന്റെ ഈ രഹസ്യ താവളം ആക്രമിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ‘പിക്കാക്‌സ് മലനിരകള്‍ തകര്‍ക്കാന്‍ ഞങ്ങള്‍ സജ്ജമാണ്, ഇറാന്‍ ഇതിന് തയ്യാറായിരുന്നോളൂ’ എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. മുന്‍പ് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് സഖ്യസേന ആക്രമണം നടത്തിയിരുന്നെങ്കിലും പിക്കാക്‌സിന് നേരെ നേരിട്ടുള്ള പ്രഹരം ഉണ്ടായിരുന്നില്ല.
എന്താണ് പിക്കാക്‌സ് പര്‍വ്വതം (Pickaxe Mountain)?
ഇറാനില്‍ ‘കോഹ്-ഇ കൊലാങ്’ (Mount Kolang) എന്ന് വിളിക്കപ്പെടുന്ന പിക്കാക്‌സ് പര്‍വ്വതം, ഇറാന്റെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതാമിന് (Natanz) സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഉപരിതലത്തില്‍ നിന്ന് വളരെ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് തുരങ്ക ശൃംഖലകളാണ് ഇവിടെയുള്ളത്. അമേരിക്കയുടെ പക്കലുള്ള ഏറ്റവും ശക്തമായ ‘ബങ്കര്‍ ബുസ്റ്റര്‍’ ബോംബുകള്‍ക്ക് പോലും തകര്‍ക്കാന്‍ കഴിയാത്ത അത്ര സുരക്ഷിതമായ രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
2020-ല്‍ ഇറാന്റെ ആണവ കേന്ദ്രത്തില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തിന് ശേഷമാണ് ഈ ഭൂഗര്‍ഭ താവളം നിര്‍മ്മിക്കാന്‍ ഇറാന്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിക്ക് (IAEA) പോലും ഈ താവളത്തിലേക്ക് പ്രവേശനം നല്‍കാതെ അതീവ രഹസ്യമായാണ് ഇറാന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.
ഇറാന്‍ ആണവായുധം നിര്‍മ്മിക്കുകയാണോ?
തങ്ങള്‍ ആണവായുധ നിര്‍മ്മാണത്തിന് ശ്രമിക്കുന്നില്ലെന്ന് ഇറാന്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, ആയുധ നിലവാരത്തോട് അടുത്ത 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച 1,000 പൗണ്ടിലധികം യുറേനിയം നിലവില്‍ ഇറാന്റെ കൈവശമുണ്ട്. തങ്ങളുടെ പ്രധാന കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങളില്‍ നിന്നും ശേഷിക്കുന്ന സെന്‍ട്രിഫ്യൂജുകളെ രക്ഷപ്പെടുത്താനാണ് ഇറാന്‍ അവയെ പിക്കാക്‌സിലെ തുരങ്കങ്ങളിലേക്ക് മാറ്റിയതെന്നാണ് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.
Iran nuclear program Pickaxe Mountain




