ന്യൂഡല്‍ഹി: ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ ആരോഗ്യനിലയെക്കുറിച്ച് മാസങ്ങളായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ അദ്ദേഹത്തിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മെഹര്‍ (Mehr). ഫെബ്രുവരിയില്‍ ഉണ്ടായ യു.എസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ പിതാവും മുന്‍ പരമോന്നത നേതാവുമായ അലി ഖാംനഇ കൊല്ലപ്പെട്ടതിന് ശേഷം മുജ്തബ ഖാംനഇ ഇതുവരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
|
‘വിപ്ലവ നേതാവ് ആയത്തുള്ള സയ്യിദ് മുജ്തബ ഖാംനഇയുടെ വീഡിയോ ആദ്യമായി പുറത്തുവിടുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് മെഹര്‍ ഏജന്‍സി വെബ്സൈറ്റില്‍ 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവെച്ചത്.
ഫെബ്രുവരി 28-നുണ്ടായ ആക്രമണത്തില്‍ മുജ്തബയുടെ മുഖത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ വീഡിയോയില്‍ അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായി കൂടെയുള്ളവരോട് സംസാരിക്കുന്നത് കാണാം. എങ്കിലും ഈ വീഡിയോ എന്ന്, എവിടെ വെച്ച് ചിത്രീകരിച്ചതാണെന്ന കാര്യം വ്യക്തമല്ല.
മാര്‍ച്ച് 20-നും ഇറാന്‍ ന്യൂസ് ഏജന്‍സി ഐ.ആര്‍.ഐ.ബി (IRIB) മുജ്തബ ഖാംനഇയുടെ സമാനമായ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ‘ആദ്യമായി പ്രസിദ്ധീകരിക്കുന്നു; ആയത്തുള്ള മുജ്തബ ഖാംനഇയുടെ മതബോധന ക്ലാസില്‍ നിന്നുള്ള വീഡിയോ’ എന്നായിരുന്നു തീയതിയോ സ്ഥലമോ വ്യക്തമാക്കാതെ എക്‌സില്‍ പങ്കുവെച്ച ആ പോസ്റ്റില്‍ കുറിച്ചിരുന്നത്.
എവിടെയാണ് മുജ്തബ ഖാംനഇ?
മാര്‍ച്ച് 8-ന് ഇറാന്റെ മൂന്നാമത്തെ പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ വഴി എഴുതി തയ്യാറാക്കിയ പ്രസ്താവനകള്‍ മുജ്തബ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ചിത്രങ്ങളോ ശബ്ദരേഖയോ പുറത്തുവന്നിരുന്നില്ല. കഴിഞ്ഞ മാസം നടന്ന പിതാവിന്റെ സംസ്‌കാര ചടങ്ങുകളിലും 56-കാരനായ മുജ്തബ പങ്കെടുത്തിരുന്നില്ല.
ALSO READ: കേസ് നടത്താന്‍ പണപ്പിരിവ്; അര്‍ജുന്‍ ആയങ്കിയുടെ ഇളയ സഹോദരനും പിടിയില്‍
മുജ്തബയുമായി ആശയവിനിമയം നടത്തുന്നത് നിലവില്‍ വളരെ പ്രയാസകരമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഈ ആഴ്ച വ്യക്തമാക്കിയിരുന്നു. ‘നിലവില്‍ അദ്ദേഹവുമായി ബന്ധപ്പെടുക വളരെ പ്രയാസമാണ്, എന്നാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഞങ്ങള്‍ക്ക് വലിയ കരുത്താണ് നല്‍കുന്നത്,’ എന്ന് പറഞ്ഞ പെസെഷ്‌കിയാന്‍, മുജ്തബയുമായി മികച്ച രീതിയില്‍ കൂടിക്കാഴ്ചകള്‍ നടത്താന്‍ സാധിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചിലര്‍ തങ്ങള്‍ക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, മുജ്തബയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് പ്രസ്താവന നടത്തിയിരുന്നു. മുജ്തബയുടെ ആരോഗ്യം വളരെ മോശമാണെന്ന് ഇസ്രായേലിലെ ചാനല്‍ 14-ഉം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Tags: Mojtaba Khamenei, Iran News, Ayatollah Khamenei, Iran Supreme Leader, World News, US Israel Iran Conflict, Iran Politics, Mehr News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




