ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപാധി നിലനില്‍ക്കെ, കപ്പലുകള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഇറാന്‍ നാവികസേന. കടലിടുക്ക് മുറിച്ചുകടക്കാന്‍ ഇപ്പോഴും ടെഹ്റാന്റെ അനുമതി ആവശ്യമാണെന്നും, അനുവാദമില്ലാതെ പ്രവേശിക്കുന്ന കപ്പലുകള്‍ തകര്‍ക്കുമെന്നും ഇറാന്‍ നാവികസേന റേഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ‘വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍’ ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
|
‘ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ഇറാന്റെ നാവികസേനയുടെ അനുമതി വാങ്ങിയിരിക്കണം. അനുവാദമില്ലാതെ കടക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലും നശിപ്പിക്കപ്പെടും,’ എന്നായിരുന്നു ഇറാന്‍ നല്‍കിയ സന്ദേശം. കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ നീക്കം ഇപ്പോഴും തടസ്സപ്പെട്ടിരിക്കുകയാണെന്നും പേര്‍ഷ്യന്‍ ഗള്‍ഫിന് മുകളില്‍ യുദ്ധവിമാനങ്ങള്‍ ഇപ്പോഴും റോന്തുചുറ്റുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇറാനിലെ ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന ഭീഷണിക്ക് പിന്നാലെ, പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് ട്രംപ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. എന്നാല്‍ ‘സമ്പൂര്‍ണ്ണവും ഉടനടിയുള്ളതും സുരക്ഷിതവുമായ’ രീതിയില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കിയാല്‍ മാത്രമേ ഈ വെടിനിര്‍ത്തല്‍ തുടരുകയുള്ളൂ എന്നതായിരുന്നു ട്രംപിന്റെ പ്രധാന ഉപാധി.
‘ഒരു സംസ്‌കാരം തന്നെ ഇല്ലാതാകും’ എന്ന ഭീഷണിയില്‍ നിന്നും ട്രംപ് പിന്‍വാങ്ങിയെങ്കിലും, കടലിടുക്കില്‍ മേധാവിത്വം നിലനിര്‍ത്താനാണ് ഇറാന്റെ നീക്കം. ഇത് നിലവിലെ വെടിനിര്‍ത്തല്‍ കരാറിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.
എന്തുകൊണ്ട് ഹോര്‍മുസ് സുപ്രധാനമാകുന്നു?
ഇറാനും ഒമാനും ഇടയിലുള്ള 34 കിലോമീറ്റര്‍ മാത്രം വീതിയുള്ള കടലിടുക്കാണ് ഹോര്‍മുസ്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. കൂടാതെ വളം ഉള്‍പ്പെടെയുള്ള അത്യാവശ്യ സാധനങ്ങളുടെ നീക്കവും ഈ വഴിയിലൂടെയാണ് നടക്കുന്നത്. കഴിഞ്ഞ ആറ് ആഴ്ചയായി തുടരുന്ന യുദ്ധത്തില്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതാണ് ആഗോള സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിരിക്കുന്നത്.
ട്രംപിന്റെ രണ്ടാഴ്ചത്തെ സമയപരിധിക്കുള്ളില്‍ പാകിസ്ഥാന്‍ മുന്‍കൈയെടുക്കുന്ന ചര്‍ച്ചകള്‍ എത്രത്തോളം ഫലപ്രദമാകുമെന്നാണ് ഇനി കണ്ടറിയേണ്ടത്. ഇറാന്റെ പുതിയ ഭീഷണി സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായേക്കാം.


