18
Apr 2026
Mon
18 Apr 2026 Mon
US-Iran ceasefire remains on knife edge

ഇറാനിലെ പാലങ്ങളും പവര്‍ പ്ലാന്റുകളും ഉള്‍പ്പെടെയുള്ള സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. താന്‍ നിശ്ചയിച്ച സമയപരിധിയായ തിങ്കളാഴ്ചയ്ക്കുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കില്‍ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അധിക്ഷേപകരമായ പോസ്റ്റിലൂടെയാണ് ട്രംപ് ഈ ഭീഷണി മുഴക്കിയത്. ഇറാനിലുടനീളമുള്ള സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന മുന്‍പത്തെ ഭീഷണികള്‍ അദ്ദേഹം ഇതില്‍ ആവര്‍ത്തിച്ചു.

‘ചൊവ്വാഴ്ച ഇറാനിലെ പവര്‍ പ്ലാന്റുകളുടെയും പാലങ്ങളുടെയും ദിവസമായിരിക്കും. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആക്രമണമായിരിക്കും അത്. ഹോര്‍മുസ് കടലിടുക്ക് തുറക്കുക, അല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരും – കാത്തിരുന്ന് കണ്ടോളൂ,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഒരു രാഷ്ട്രത്തലവന് യോജിക്കാത്ത വിധമുള്ള കടുത്ത തെറിവാക്കുകള്‍ ഉള്‍പ്പെടുത്തിയാണ് ട്രംപിന്റെ പോസ്റ്റ്.

ആഗോള ഊര്‍ജ്ജ വിപണിയുടെ പ്രധാന കപ്പല്‍ ഗതാഗത പാതയായ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ മാര്‍ച്ച് 26-നാണ് ട്രംപ് 10 ദിവസത്തെ സമയപരിധി നിശ്ചയിച്ചത്. ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഈ പാത വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

അതേസമയം, ഇറാന്‍ യുഎസുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും സമയപരിധിക്ക് മുമ്പ് ഒരു ധാരണയിലെത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും ഞായറാഴ്ച ഫോക്‌സ് ന്യൂസിനോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.

ഭീഷണി തള്ളി ഇറാന്‍

എന്നാല്‍ ട്രംപിന്റെ ഭീഷണിയെ ഇറാന്‍ ഉദ്യോഗസ്ഥര്‍ രൂക്ഷമായി വിമര്‍ശിക്കുകയും തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ‘ഇറാനിലെ സിവിലിയന്മാരുടെ നിലനില്‍പ്പിന് അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് വീണ്ടും പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്,’ ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ പ്രതിനിധി സംഘം പ്രതികരിച്ചു. ഇത്തരം യുദ്ധക്കുറ്റങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രമേ കടലിടുക്ക് തുറക്കൂ എന്ന് ഇറാന്‍ പ്രസിഡന്റിന്റെ ഓഫീസിലെ കമ്മ്യൂണിക്കേഷന്‍സ് ഡെപ്യൂട്ടി സയ്യിദ് മെഹ്ദി തബതബായി വ്യക്തമാക്കി. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ട്രാന്‍സിറ്റ് ഫീ ഈടാക്കുന്ന ‘പുതിയ നിയമസംവിധാനം’ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ കീഴടങ്ങുന്നില്ലെങ്കില്‍ രാജ്യം ‘ശിലായുഗത്തിലേക്ക്’ മടങ്ങുമെന്ന് കഴിഞ്ഞ ആഴ്ച യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനോടകം തന്നെ ഇറാനിലെ പാലങ്ങള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍വ്വകലാശാലകള്‍ എന്നിവ യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇത്തരം ആക്രമണങ്ങള്‍ യുദ്ധക്കുറ്റങ്ങളുടെ പരിധിയില്‍ വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സാധാരണക്കാരെ ബാധിക്കുന്നതില്‍ ആശങ്കയില്ല

ആക്രമണങ്ങള്‍ ഇറാനിലെ സാധാരണക്കാരെ ബാധിക്കില്ലേ എന്ന വാള്‍സ്ട്രീറ്റ് ജേണലിന്റെ ചോദ്യത്തിന്, തനിക്ക് അതില്‍ ആശങ്കയില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. ‘ഇറാനികള്‍ നരകത്തിലാണ് ജീവിക്കുന്നത്, ഞങ്ങള്‍ ഇത് ചെയ്യുന്നത് അവര്‍ ആഗ്രഹിക്കുന്നു,’ ട്രംപ് അവകാശപ്പെട്ടു. യുദ്ധം എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ ട്രംപ് വാര്‍ത്താ സമ്മേളനം നടത്തും.

കൂടാതെ, വെള്ളിയാഴ്ച ഇറാനില്‍ വെച്ച് വെടിവെച്ചിട്ട എഫ്-15ഇ പോര്‍വിമാനത്തിലെ പൈലറ്റിനെ രക്ഷപ്പെടുത്തിയതായും ട്രംപ് അറിയിച്ചു. ഇറാനിലെ മലനിരകള്‍ക്കിടയില്‍ നിന്ന് ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയത് ധീരമായ നീക്കമാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക