ദുബൈ: യുഎഇയിലെ റാസല്‍ഖൈമ ആക്രമിക്കുമെന്ന് ഇറാന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐ.ആര്.ജി.സി) മുന്നറിയിപ്പ്. പ്രദേശവാസികള്‍ ഉടനടി നഗരം വിട്ടുപോകാണമെന്ന് ഇറാന് നിര്‍ദേശം നല്കി.
|
ഇറാനിയന്‍ ദ്വീപുകള്‍ക്കെതിരെ ആക്രമണം നടത്താന്‍ ഈ നഗരം ഉപയോഗിച്ചതിനാലാണ് റാസല്‍ഖൈമയെ ലക്ഷ്യമിടുന്നതെന്ന് ഐ.ആര്.ജി.സി പറഞ്ഞു. ആക്രമണം ഏത് നിമിഷവും ഉണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ക്ക് സുരക്ഷിതമായി ഒഴിഞ്ഞുപോകാനായി, ഉപയോഗിക്കേണ്ട വഴികള്‍ കൃത്യമായി അടയാളപ്പെടുത്തിയ ഒരു മാപ്പും ഇറാന് പുറത്തുവിട്ടിട്ടുണ്ട്.
യു.എ.ഇക്ക് എതിരെയുള്ള വലിയൊരു പ്രകോപനമായാണ് ഈ ഭീഷണി വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരി 28-ന് ഇറാനു നേരെ അമേരിക്കന്‍-ഇസ്റായേല്‍ സംയുക്ത ആക്രമണം ആരംഭിച്ചതുമുതല്‍ നിരവധി ഇറാനിയന്‍ ഡ്രോണുകളും മിസൈലുകളും തടഞ്ഞതായി യു.എ.ഇ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാനിലെ മര്‍മ പ്രധാനമായ ഖര്‍ഗ്, ഖിഷെം ദ്വീപുകളിലേക്ക് അമേരിക്കയുടെ മിസൈല്‍ ആക്രമണമുണ്ടായിരുന്നു. യുഎഇ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ ആക്രമണം നടന്നതെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു. അയല്‍ രാജ്യങ്ങളോട് തങ്ങള്‍ക്ക് യാതൊരു വിരോധവും ഇല്ലെന്നും എന്നാല്‍, ശത്രുവിന് താവളമൊരുക്കിയാല്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്നും ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.





