04
Nov 2025
Mon
04 Nov 2025 Mon
Hezbollah commander Haytham Ali Tabatabai

ബൈറൂത്: ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ബൈറൂത്തില്‍ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്‌സം അലി ത്വബത്വബായിയാണ് കൊല്ലപ്പെട്ടത്. ഇക്കാര്യം ഹിസ്ബുല്ല സ്ഥിരീകരിച്ചു.

whatsapp ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ കൊലപ്പെടുത്തി ഇസ്രായേല്‍; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഹിസ്ബുല്ലയുടെ സംഘടനാബലം ശക്തിപ്പെടുത്താനും ആയുധ ശേഖരം മെച്ചപ്പെടുത്താനും ചുമതലയുള്ളയാളാണ് ത്വബത്വബായി.

ബൈറൂതിന്റെ തെക്കന്‍ മേഖലയിലാണ് ആക്രമണമുണ്ടായതെന്ന് ലബനാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ നാഷനല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു. ഹാറത് ഹരീക് മേഖലയിലെ കെട്ടിടത്തില്‍ മൂന്ന് മിസൈലുകളാണ് പതിച്ചത്. വാഹനങ്ങള്‍ക്കും തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകളുണ്ടായി. ഒമ്പതുനില കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് ആക്രമണമുണ്ടായതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

ALSO READ: വിമാന ടിക്കറ്റ് അവസാന നിമിഷം റദ്ദാക്കിയാലും 80 ശതമാനം തുക തിരികെ ലഭിക്കും; പുതിയ പദ്ധതി കേന്ദ്രത്തിന്റെ പരിഗണനയില്‍

‘മഹാനായ കമാന്‍ഡര്‍ തബതബായി ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ ഹരത് ഹ്രെയ്ക്ക് പ്രദേശത്ത് നടന്ന വിശ്വാസവഞ്ചനപരമായ ഇസ്രായേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടു’- ഹിസ്ബുല്ല പ്രസ്താവനയില്‍ അറിയിച്ചു.

ഇസ്രായേലുമായി ഒരു വര്‍ഷത്തിലേറെ നീണ്ട ശത്രുത അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 2024 നവംബറിലെ വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷം ഇസ്രായേല്‍ കൊലപ്പെടുത്തുന്ന ഏറ്റവും മുതിര്‍ന്ന ഹിസ്ബുല്ല കമാന്‍ഡറാണ് ത്വബതബായി.

കഴിഞ്ഞ വര്‍ഷത്തെ യുദ്ധത്തിനുശേഷം ത്വബതബായിയെ വധിക്കാനുള്ള സൈന്യത്തിന്റെ മൂന്നാമത്തെ ശ്രമമായിരുന്നു ഇത് എന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലിന്റെ ആക്രമണം ‘റെഡ് ലൈന്‍’ കടന്നുവെന്ന് മുതിര്‍ന്ന ഹിസ്ബുല്ല നേതാവ് മഹ്‌മൂദ് ഖമത്തി മുന്നിറിയിപ്പ് നല്‍കി. ഇതിന് ശക്തമായ തിരിച്ചടി നല്‍കുന്ന കാര്യം ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു.