17
Nov 2024
Tue
17 Nov 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഫ്ലോറിഡ: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘം (ISRO) വികസിപ്പിച്ച ജിസാറ്റ്- 20 വാർത്താവിനിമയ ഉപഗ്രഹത്തിന്റെ(GSAT-20) വിക്ഷേപണം വിജയം. ശതകോടീശ്വരൻ ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ്(SpaceX’s Falcon 9) ഉപയോ​ഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്.

ഫ്‌ളോറിഡയിലെ കേപ് കനാവറലിലുള്ള സ്‌പേസ് കോംപ്ലക്‌സ് 40 ൽ നിന്ന് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 12.01നായിരുന്നു വിക്ഷേപണം. 12.36ഓടെ തന്നെ പരീക്ഷണം പൂർത്തീകരിച്ചു. 35 മിനിറ്റുകൾ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹം വേർപെട്ട് ഭ്രമണപഥത്തിൽ എത്തിച്ചേർന്നു.

ഏകദേശം 4,700 കിലോഗ്രാം ഭാരമുള്ള ഇന്ത്യൻ ഉപഗ്രഹം, ഇന്ത്യയുടെ വാർത്താ വിനിമയ സംവിധാനം മെച്ചപ്പെടുത്തുന്നതിനാണ് രൂപകൽപ്പന ചെയ്തത്. 14 വർഷത്തെ ദൗത്യ ആയുസ്സുള്ള കാ-ബാൻഡ് ഹൈ-ത്രൂപുട്ട് കമ്മ്യൂണിക്കേഷൻസ് പേലോഡ് ഇതിലുണ്ട്

ഐഎസ്ആര്‍ഒ നിര്‍മിച്ച ഉപഗ്രഹത്തിന്റെ ഭാരം 4,700 കിലോഗ്രാമാണ്. ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എല്‍വിഎം – 3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലാണ് ഈ ഭാരം. അതിനാലാണ് വിക്ഷേപണത്തിന് സ്പേസ് എക്‌സിന്റെ സഹായം തേടിയത്.

ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്-20 സഹായിക്കും. ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും.