ജയ്പൂര്‍: കഴിഞ്ഞ നവംബറില്‍ ജയ്പൂരിലെ നീര്‍ജ മോദി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി അമൈറ(9) കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇതോടെ കുട്ടിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകളും ചോദ്യങ്ങളും വീണ്ടും സജീവമായിരിക്കുകയാണ്.
|
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, അന്ന് സ്‌കൂളിലെത്തിയ അമൈറ വളരെ ശാന്തയായാണ് ക്ലാസ് മുറിയിലേക്ക് പ്രവേശിച്ചത്. കൂട്ടുകാരിയെ അഭിവാദ്യം ചെയ്ത ശേഷം മറ്റ് കുട്ടികള്‍ക്കൊപ്പം ഡാന്‍സ് ക്ലാസില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു.

ഡിജിറ്റല്‍ സ്ലേറ്റിലെ ‘ആ ഉള്ളടക്കം’, പിന്നാലെ പെരുമാറ്റത്തില്‍ മാറ്റം
ഡാന്‍സ് ക്ലാസ് കഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ ചില കുട്ടികള്‍ ഒരു ഡിജിറ്റല്‍ സ്ലേറ്റ് കൈകാര്യം ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ സ്ലേറ്റ് അമൈറയെ തുടര്‍ച്ചയായി കാണിച്ചതോടെ അവളുടെ പെരുമാറ്റത്തില്‍ പ്രകടമായ മാറ്റമുണ്ടായി. അവള്‍ കടുത്ത അസ്വസ്ഥതയും നാണക്കേടും പ്രകടിപ്പിക്കുകയും പഠനത്തില്‍ നിന്ന് പൂര്‍ണ്ണമായും ഉള്‍വലിയുകയും ചെയ്തു.

തുടര്‍ന്ന്, ഏതാണ്ട് ഒരു മണിക്കൂറോളം സമയത്തിനിടയില്‍ അമൈറ പലതവണ ക്ലാസ് ടീച്ചറുടെ അടുക്കലേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. തന്നെ അലട്ടുന്ന പ്രശ്‌നം എന്താണെന്ന് അധ്യാപികയോട് വിശദീകരിക്കാനാണ് അവള്‍ ശ്രമിച്ചതെന്ന് കുടുംബം പറയുന്നു. എന്നാല്‍, അമൈറ പരാതി പറയാന്‍ ശ്രമിക്കുമ്പോഴെല്ലാം മറ്റ് ചില വിദ്യാര്‍ത്ഥികള്‍ വന്ന് അധ്യാപികയോട് സംസാരിക്കുകയും അതോടെ അധ്യാപികയുടെ ശ്രദ്ധ അമൈറയില്‍ നിന്ന് മാറുകയും ചെയ്തു.
കുട്ടിയെ മാറ്റിയിരുത്തി പ്രത്യേകം കേള്‍ക്കുന്നതിന് പകരം, അധ്യാപിക അവളെ വീണ്ടും വീണ്ടും സ്വന്തം സീറ്റിലേക്ക് മടക്കി അയക്കുകയാണുണ്ടായത്. ഇതോടെ കുട്ടിയുടെ ആശങ്ക ഇരട്ടിച്ചു. കൈകള്‍ കൂപ്പി അവള്‍ അധ്യാപികയോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നതും, ഒരു ഘട്ടത്തില്‍ ഞെട്ടലോടെ വായും തലയും പൊത്തിനില്‍ക്കുന്നതും കാണാം. അമൈറ അതീവ നിസ്സഹായയായി നിന്നിട്ടും ക്ലാസ് ടീച്ചറുടെ സമീപനം വളരെ കര്‍ക്കശമായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ആരും തടഞ്ഞില്ല; തനിച്ചാണവള്‍ നാലാം നിലയിലേക്ക് നടന്നത്
അധ്യാപികയില്‍ നിന്ന് നീതി ലഭിക്കാതിരുന്നതോടെ അമൈറ ക്ലാസ് മുറിയില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപ്പോയി. കോറിഡോറിലൂടെ വേഗത്തില്‍ നടന്ന അവള്‍ ഗോവണിപ്പടി ലക്ഷ്യമാക്കി നീങ്ങി. ഗ്രൗണ്ട് ഫ്‌ലോറിലുള്ള ക്ലാസ് മുറിയില്‍ നിന്ന് അവള്‍ നാലാം നിലയിലേക്ക് നടന്നുപോയിട്ടും ഒരു സ്റ്റാഫ് അംഗം പോലും അവളെ പിന്തുടരുകയോ തടയുകയോ ചെയ്തില്ല.

തുടര്‍ന്ന് നവംബര്‍ 1-ന് നാലാം നിലയിലെ കൈവരിയില്‍ നിന്ന് ഏതാണ്ട് 48 അടി താഴേക്ക് അവള്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
18 മാസത്തോളം സഹപാഠികള്‍ വേട്ടയാടി; സിബിഎസ്ഇ റിപ്പോര്‍ട്ട്
സംഭവത്തിന് തൊട്ടടുത്ത ദിവസം സ്‌കൂള്‍ സന്ദര്‍ശിച്ച സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) അന്വേഷണ സമിതി, സ്‌കൂളിന്റെ ഭാഗത്ത് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഗ്രൗണ്ട് ഫ്‌ലോറില്‍ ക്ലാസുള്ള ഒരു കുട്ടിക്ക് ആരുടെയും ശ്രദ്ധയില്‍ പെടാതെ നാലാം നില വരെ എങ്ങനെ പോകാന്‍ കഴിഞ്ഞുവെന്ന് സമിതി ചോദ്യം ചെയ്തു.
നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: മരണത്തിന് തൊട്ടു മുമ്പ് സഹപാഠികള്‍ ഡിജിറ്റല്‍ സ്ലേറ്റില്‍ കാണിച്ചു കൊടുത്തത് എന്തായിരുന്നു? അധ്യാപകര്‍ അവഗണിച്ചത് എന്ത് കൊണ്ട്? pic.twitter.com/iq3O9zk8DI
— Newstaglive (@newstaglive) July 10, 2026
സ്‌കൂളില്‍ അമൈറ കഴിഞ്ഞ 18 മാസമായി ക്രൂരമായ പീഡനങ്ങള്‍ക്കും (Bullying) മോശം വാക്കുകള്‍ക്കും ഇരയായിരുന്നുവെന്ന് സിബിഎസ്ഇ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിറ്റല്‍ സ്ലേറ്റില്‍ അപകീര്‍ത്തികരമായ കാര്യങ്ങള്‍ എഴുതിയ ഒരു ആണ്‍കുട്ടി അമൈറയെ ഉപദ്രവിച്ചതിനെതിരെ സെപ്റ്റംബറില്‍ അവളുടെ പിതാവ് ക്ലാസ് ടീച്ചറെ സമീപിച്ചിരുന്നു. എന്നാല്‍ ‘കുട്ടി മറ്റുള്ളവരുമായി പൊരുത്തപ്പെട്ടു പോകണം’ എന്നായിരുന്നു ക്ലാസ് ടീച്ചര്‍ പുനീത ശര്‍മ്മയുടെ മറുപടി. അമൈറയുടെയും മാതാപിതാക്കളുടെയും പരാതികള്‍ അധ്യാപിക നിരന്തരം തള്ളിക്കളയുകയായിരുന്നു. പഠനത്തിലും മറ്റ് കാര്യങ്ങളിലും മികവ് പുലര്‍ത്തിയ, എപ്പോഴും സന്തോഷവതിയായ ഒരു ഓള്‍റൗണ്ടര്‍ വിദ്യാര്‍ത്ഥിനിയായിരുന്നു അമൈറയെന്ന് അധ്യാപകരും സഹപാഠികളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ശക്തമായ നടപടി വേണമെന്ന് കുടുംബം
പോലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടിയുണ്ടാകുന്നില്ലെന്ന് അമൈറയുടെ കുടുംബം ആരോപിച്ചു. ക്ലാസ് ടീച്ചര്‍ക്ക് പുറമെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ചെയര്‍മാന്‍ എന്നിവര്‍ക്കെതിരെയും ജുവനൈല്‍ ജസ്റ്റിസ് (JJ) ആക്ട് പ്രകാരം കര്‍ശനമായ വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
മകള്‍ക്ക് വീട്ടിലെത്താന്‍ പോലും അവസരം നല്‍കിയില്ലെന്ന് മാതാവ്
പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, സ്‌കൂള്‍ അധികൃതരുടെ കടുത്ത അലസതയും റാഗിങ് തടയുന്നതിലെ പരാജയവുമാണ് ദുരന്തത്തിന് കാരണമായതെന്ന തങ്ങളുടെ ആരോപണം കൂടുതല്‍ ശക്തമായിരിക്കുകയാണെന്ന് അമൈറയുടെ മാതാപിതാക്കള്‍ പറഞ്ഞു. സ്‌കൂളിനുള്ളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ മാനേജ്മെന്റ് പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും അവര്‍ ആരോപിക്കുന്നു.
പോലീസിനും സ്‌കൂള്‍ പ്രിന്‍സിപ്പലിനും എതിരേ ഗുരുതര ആരോപണങ്ങള്‍

‘ഞാന്‍ ഇത് മുന്‍പും പറഞ്ഞിട്ടുള്ളതാണ്, ഞങ്ങള്‍ ദിവസത്തില്‍ എത്രയോ തവണ പോലീസിനെ വിളിക്കുന്നു. എന്തെങ്കിലും ചെറിയ കാര്യം പറഞ്ഞാല്‍ പോലും അവര്‍ ഞങ്ങളുടെ കോളുകള്‍ എടുക്കുന്നത് നിര്‍ത്തുകയും നേരിട്ട് കാണാന്‍ വിസമ്മതിക്കുകയും ചെയ്യും. ഇപ്പോള്‍ മൂന്നാമത്തെ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ (IO) ആണ് ഈ കേസ് കൈകാര്യം ചെയ്യുന്നത്. ഞങ്ങള്‍ പൂര്‍ണ്ണമായും നിരാശരാണ്, എന്നിട്ടും പ്രതികള്‍ക്കെതിരെ കൃത്യമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ല. പ്രിന്‍സിപ്പല്‍ ഇന്ദു ദുബെയെ പോലീസ് സംരക്ഷിക്കുകയാണെന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. സ്‌കൂള്‍ അധികൃതര്‍ മാത്രമല്ല, എല്ലാവരും ചേര്‍ന്ന് അവളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്,’ അമൈറയുടെ അമ്മ ശിവാനി രോഷം കൊണ്ടു.
ദുരന്തം നടന്ന ദിവസം സ്‌കൂളിലെ മേല്‍നോട്ട ചുമതലയില്‍ വന്ന വീഴ്ചയെയും അവര്‍ ചോദ്യം ചെയ്തു. ‘പ്രിന്‍സിപ്പലായ ഇന്ദു ദുബെയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയാണിത്. സ്‌കൂളിലെ സിസിടിവി നിരീക്ഷണം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതില്‍ പോലും അവര്‍ പരാജയപ്പെട്ടു,’ ശിവാനി പറഞ്ഞു.
ഒന്‍പത് വയസ്സുകാരിയായ ഒരു കുട്ടിക്ക് ആരുടെയും ശ്രദ്ധയില്‍ പെടാതെ സ്‌കൂളിന്റെ താഴത്തെ നിലയില്‍ നിന്ന് നടന്ന് നാല്ം നിലയുടെ മുകളിലേക്ക് പോകാന്‍ കഴിഞ്ഞത് എങ്ങനെയെന്ന് അമൈറയുടെ അമ്മ ചോദ്യം ചെയ്തു. ‘സാധാരണയായി കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ മാതാപിതാക്കളുമായി പങ്കുവെക്കാറുണ്ട്. എന്നാല്‍ എന്റെ മകള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ ഒരു അവസരം പോലും നല്‍കിയില്ല. അവള്‍ക്ക് വീട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു,’ അവര്‍ കണ്ണീരോടെ കൂട്ടിച്ചേര്‍ത്തു.
പുതുതായി ലഭിച്ച സിസിടിവി ദൃശ്യങ്ങളെക്കുറിച്ച് സംസാരിച്ച ശിവാനി, തന്റെ മകള്‍ സഹായത്തിനായി അപേക്ഷിച്ചിട്ടും എല്ലാവരും അത് അവഗണിക്കുകയായിരുന്നുവെന്ന് ആരോപിച്ചു. ‘അധ്യാപിക ഭീഷണിപ്പെടുത്തിയ കാര്യങ്ങളെ നേരിടുന്നതിനേക്കാള്‍ ഭേദം, ആ അപമാനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ താഴേക്ക് ചാടുന്നതാണെന്ന് അവള്‍ക്ക് തോന്നിയിട്ടുണ്ടാകാം,’ അവര്‍ പറഞ്ഞു.
സ്വാധീനമുള്ള വ്യക്തികള്‍ കേസ് അട്ടിമറിക്കാന്‍ അന്വേഷണത്തില്‍ ഇടപെടുന്നുണ്ടെന്നും എന്നാല്‍ നീതിക്കായി തങ്ങള്‍ പോരാട്ടം തുടരുമെന്നും അമൈറയുടെ പിതാവ് വിജയ് വ്യക്തമാക്കി.
നിലവില്‍, ക്രിമിനല്‍ അനാസ്ഥയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകള്‍ പ്രകാരം സ്‌കൂള്‍ ഉടമ സൗരഭ് മോദി, പ്രിന്‍സിപ്പല്‍ ഇന്ദു ദുബെ, ക്ലാസ് ടീച്ചര്‍ പുനീത ശര്‍മ്മ എന്നിവരെ പ്രതിചേര്‍ത്ത് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
Jaipur girl jumped to death in school. CCTV shows what happened just before





