08
Jul 2026
Wed
08 Jul 2026 Wed

മദ്യലഹരിയിൽ പോലീസ് ജീപ്പോടിച്ചെത്തിയ ഡാൻസാഫ് സംഘത്തിലെ 3 സിപിഒമാർക്ക് സസ്പെൻഷൻ. പത്തനംതിട്ടയിൽ ആണ് സംഭവം. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ലഹരി വേട്ട സംഘമായ ഡാൻസാഫ് സംഘത്തിലുള്ള സുമൻ, പ്രിയേഷ്, രാഹുൽ എന്നീ മൂന്ന് സിവിൽ പോലീസ് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. ലഹരി ഉന്മൂലനം ചെയ്യുന്നതിനായി ഓപറേഷൻ തൂഫാൻ സംസ്ഥാന വ്യാപകമായി അരങ്ങേറുന്നതിനിടെയാണ് ഇത്തരമൊരു നാണം കെട്ട സംഭവം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ വൈകിട്ട് ആറോടെ പത്തനംതിട്ട എസ്പി ഓഫിസിന് സമീപമായിരുന്നു സംഭവം.മദ്യപിച്ച് അപകടകരമാം വിധം പോലീസ് വാഹനം ഓടിച്ചതിന് പ്രിയേഷ് എം എന്ന പോലീസുകാരനെതിരേ കേസെടുത്തിട്ടുണ്ട്. നാട്ടുകാർ ജീപ്പ് തടഞ്ഞിട്ടതിന് പിന്നാലെ മറ്റ് രണ്ട് പേർ സ്ഥലം വിട്ടിരുന്നു. മദ്യപിച്ച് ലക്കുകെട്ട പോലീസുകാരൻ ഡ്രൈവർ സീറ്റിൽ കിടന്നാണ് വാഹനം ഓടിച്ചത്.

ഇത് കണ്ട വനിതാ ഓട്ടോ ഡ്രൈവർ ജീപ്പിനെ പിന്തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. ഇതോടെ പോലീസ് വാഹനത്തിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ ഇറങ്ങിയോടി. ആളുകൂടി ചോദ്യംചെയ്തപ്പോഴാണ് രണ്ടാമൻ ഓടി രക്ഷപ്പെട്ടത്. വാഹനം ഓടിച്ചയാളെ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.