ജിദ്ദ: ജിദ്ദ ഫുട്ബാള്‍ ഫ്രണ്ട്ഷിപ്പ് (ജെ.എഫ്.എഫ്) കൂട്ടായ്മയും അഹ്ദാബ് ഇന്റര്‍നാഷനല്‍ സ്‌കൂളും ചേര്‍ന്നു സംഘടിപ്പിക്കുന്ന നാലാമത് സെവന്‍സ് ടൂര്‍ണമെന്റ് ‘ജെ.എഫ്.എഫ് സൂപ്പര്‍ കപ്പ് 2024’ ഫെബ്രുവരി 29 (വ്യാഴം) മാര്‍ച്ച് ഒന്ന് (വെള്ളി) ദിവസങ്ങളില്‍ ജിദ്ദ ഖാലിദ് ബിന്‍ വലീദ് സ്റ്റേഡിയത്തില്‍ നടത്തപ്പെടുന്നു. ടൂര്‍ണമെന്റില്‍ സീനിയര്‍ വിഭാഗത്തില്‍ 12 ടീമുകളും അണ്ടര്‍ 16 ജൂനിയര്‍ വിഭാഗത്തില്‍ നാല് ടീമുകളും 40 വയസിന് മുകളില്‍ വെറ്ററന്‍സ് വിഭാഗത്തില്‍ എട്ട് ടീമുകളും പങ്കെടുക്കും.
|
രാത്രി 7.30 ന് മത്സരങ്ങള്‍ ആരംഭിക്കുന്ന വ്യാഴാഴ്ച 10 കളികളും വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണി മുതല്‍ ആരംഭിക്കുന്ന മത്സരത്തില്‍ ബാക്കി 11 കളികളും നടക്കും. ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങുകള്‍ രണ്ടാം ദിവസമായ വെള്ളിയാഴ്ച രാത്രി പത്ത് മണിക്കാണ് നടക്കുക. ടൂര്‍ണമെന്റില്‍ വിജയികളാവുന്നവര്‍ക്ക് ട്രോഫികള്‍ക്ക് പുറമെ കാഷ് പ്രൈസുകളും സമ്മാനിക്കും.
ടൂര്‍ണമെന്റ് ഫിക്‌സ്ച്ചര്‍ റിലീസ് നാളെ രാത്രി ഒമ്പത് മണിക്ക് ജിദ്ദ സീസണ്‍ റെസ്റ്റ്‌റോറന്റ് ഓഡിറ്റോറിയത്തില്‍ നടക്കും. ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ അഹ്ദാബ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, വിന്നേഴ്‌സ് പ്രൈസ് മണി ലിങ്ക് ടെലികോം, വിന്നേഴ്‌സ് ട്രോഫി ബഹ്റ കേബ്ള്‍സ്, റണ്ണേഴ്സ് പ്രൈസ് മണി ഇഖിദാര്‍ അറേബ്യ, റണ്ണേഴ്സ് ട്രോഫി മദീന സ്വീറ്റ്‌സ് എന്നിവരാണ് സ്‌പോണ്‍സര്‍ ചെയ്തത്
2016 ജനുവരിയില്‍ രൂപീകരിച്ച ജിദ്ദ ഫുട്ബാള്‍ ഫ്രണ്ട്ഷിപ്പ് കൂട്ടായ്മ കഴിഞ്ഞ എട്ട് വര്‍ഷമായി ജിദ്ദ ആസ്ഥാനമായി 30 ലധികം സെവന്‍സ് ഫുട്ബാള്‍ ക്ലബ്ബുകളില്‍ നിന്ന് 400 ലധികം അംഗങ്ങളുള്ള സംഘടനയായി വളര്‍ന്നിട്ടുണ്ടെന്നും സൗദിയിലെ തന്നെ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന് മാത്രമായുള്ള ഏറ്റവും വലിയ ഏക ഇന്ത്യന്‍ കൂട്ടായ്മയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
സിഫ് പോലുള്ള അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന വലിയ ടൂര്‍ണമെന്റുകളില്‍ ജോലിയുമായി ബന്ധപ്പെട്ട് കളിക്കുന്നതില്‍ പരിമിതികള്‍ നേരിടുന്ന ഫുട്ബാള്‍ കളിക്കാര്‍ക്ക് പ്ലാറ്റ്‌ഫോം നല്‍കുക, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കളിക്കാര്‍ക്കും മത്സരങ്ങളില്‍ നിന്നും മറ്റും പരിക്ക് പറ്റിയവര്‍ക്കുമുള്ള സാമ്പത്തിക സഹായം നല്‍കുക, നാട്ടിലും സൗദിയിലുമായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് കൂട്ടായ്മയുടെ പ്രാഥമിക ലക്ഷ്യങ്ങള്‍. രൂപീകരണം മുതല്‍ ഇതുവരെയായി 100 ലധികം സെവന്‍സ് ടൂര്‍ണമെന്റുകള്‍ ജെ.എഫ്.എഫ് നേരിട്ടും അല്ലാതെയും വിജയകരമായി സംഘടിപ്പിച്ചു. ഇതില്‍ നിന്നും സംഘടിപ്പിച്ച ഏതാണ്ട് 1.5 ലക്ഷം സൗദി റിയാലോളം (ഏകദേശം 33 ലക്ഷം രൂപ) ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
അഹ്ദാബ് ഇന്റെര്‍നാഷനല്‍ സ്‌കൂള്‍ ചെയര്‍മാന്‍ സുലൈമാന്‍ ഹാജി, പ്രിന്‍സിപ്പല്‍ ലാല്‍ തിരുവനന്തപുരം, ജെ.എഫ്.എഫ് പ്രതിനിധികളായ ഷഫീഖ് കുരിക്കള്‍ മഞ്ചേരി, ഇസ്ഹാഖ് പരപ്പനങ്ങാടി, ശാഹുല്‍ ഹമീദ് പുളിക്കല്‍, നിഷാബ് വയനാട്, അഷ്ഫര്‍ നരിപ്പറ്റ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.


