ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ അനാവശ്യ ബലപ്രയോഗമോ കരുതൽ തടങ്കലോ പാടില്ലെന്ന സുപ്രീം കോടതിയുടെ കർശന നിർദ്ദേശം വന്ന് നിമിഷങ്ങൾക്കകം ഡൽഹിയിൽ ഇടത് എം.പിയെ പോലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. കൊണാട്ട് പ്ലേസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്ന സി.പി.ഐ (എം) രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസിനെയാണ് ഡൽഹി പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് പോലീസ് വാനിലേക്ക് മാറ്റിയത്.
|
“ഡൽഹി പോലീസ് ചെയ്യുന്ന ഈ അതിക്രമത്തിന് അവർ വലിയ വില കൊടുക്കേണ്ടി വരും!” — പോലീസിന്റെ പിടിയിലായി വാനിലേക്ക് പോകുമ്പോൾ ജോൺ ബ്രിട്ടാസ് ഉറക്കെ വിളിച്ചു പറഞ്ഞു.
ഞായറാഴ്ച രാവിലെ കൊണാട്ട് പ്ലേസിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരെ പോലീസ് പിടിച്ചുമാറ്റിയതിന് തൊട്ടുപിന്നാലെയാണ് ജോൺ ബ്രിട്ടാസിനെതിരെയും സമാനമായ നടപടിയുണ്ടായത്.
ജയിലറയ്ക്ക് സമാനമായ പോലീസ് വാഹനത്തില്‍ നാലോളം സിആര്‍പിഎഫുകാര്‍ ചേര്‍ന്ന് പലം പ്രയോഗിച്ച് പിടിച്ചമര്‍ത്തുകയും ശ്വാസം മുട്ടിക്കുകയും ചെയ്തതായി ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഒരു സിപിഎം പ്രവര്‍ത്തകന്‍ സഹായിച്ചത് കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടത്. ഈ സമയത്ത് ഒരു ഡിസിപി വിവരമറിഞ്ഞ് ഇടപെട്ടതിനെ തുടര്‍ന്ന് ബ്രിട്ടാസിനെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു. എന്ത് ചെയ്താലും പിന്തിരിയില്ലെന്നും അവസാന ശ്വാസം വരെ സമര മുഖത്തുണ്ടാവുമെന്നും ബ്രിട്ടാസ് പിന്നീട് പ്രതികരിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധമുണ്ടായി. ഇടത് വിദ്യാര്‍ഥി-യുവജനസംഘടനകളുടെയും സിജെപിയുടേയും നേതൃത്വത്തില്‍ കൊണാട്ട് പ്ലേസിലാണ് പ്രതിഷേധമാര്‍ച്ച് നടന്നത്. ഡിവൈഎഫ്ഐ നേതാവും മലയാളിയുമായ ജെയ്ക്ക് സി. തോമസ്, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം. സജി എന്നിവര്‍ ഉള്‍പ്പെടെയാണ് സമരത്തിന് നേതൃത്വം നല്‍കിയത്.
ജെയ്ക്കിനേയും ആദര്‍ശിനേയും ഡല്‍ഹി പോലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. ഇരുവര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധിച്ച നിരവധി യുവാക്കളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. വാഹനത്തിനകത്ത് വച്ച് പോലീസ് ക്രുരമായി മര്‍ദ്ദിച്ചതായി ജെയ്ക്ക് സി തോമസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
സി.ജെ.പി നേതാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചു
ശനിയാഴ്ച വിമാനത്തിനുള്ളിൽ വെച്ച് നാടകീയമായി കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ഡൽഹി കാന്റോൺമെന്റ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി ജാമ്യത്തിൽ വിട്ടയച്ചു. അടുത്ത ഒരു വർഷത്തേക്ക് സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിൽ പ്രവർത്തിക്കില്ലെന്ന ബോണ്ടിന്മേലാണ് മജിസ്‌ട്രേറ്റ് ഇവരെ ഒഴിവാക്കിയത്.
മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രതിഷേധത്തിന്റെ രണ്ടാം ദിനത്തിലേക്ക് കടക്കവേ, വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുമുള്ള പോരാട്ടം തുടരുമെന്ന് ജയിൽ മോചിതനായ അഭിജിത് ദീപ്കെ വ്യക്തമാക്കി. യൂട്യൂബർ ധ്രുവ് റാഠി ഉൾപ്പെടെയുള്ള പ്രമുഖരെയും ശനിയാഴ്ച വൈകിയോടെ പോലീസ് മോചിപ്പിച്ചിരുന്നു.
ഡൽഹിയിൽ സുരക്ഷാക്കോട്ട; സമരം തെരുവിലേക്ക് വ്യാപിപ്പിച്ച് സി.ജെ.പി
നഗരമധ്യത്തിലെ ജന്തർ മന്തറിൽ വലിയ ജനക്കൂട്ടം തടിച്ചുകൂടുന്നത് തടയാൻ ഡൽഹി പോലീസ് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സുരക്ഷാ കോട്ടയാണ് തീർത്തിരിക്കുന്നത്. എന്നാൽ ഇതിനെ അതിജീവിച്ച് ഡൽഹിയുടെ വിവിധ ഭാഗങ്ങളിലായി ചെറിയ കൂട്ടങ്ങളായി തിരിഞ്ഞ് പ്രക്ഷോഭം വ്യാപിപ്പിക്കുകയാണ് പ്രതിപക്ഷവും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും.
വോട്ടർപട്ടികയിൽ നിന്ന് 13 കോടി ജനങ്ങളുടെ വോട്ട് വെട്ടിമാറ്റിയതിൽ വ്യക്തമായ മറുപടി ലഭിക്കുന്നതുവരെ തെരുവ് പോരാട്ടം തുടരുമെന്ന് ബൂസ്റ്റൺ യൂണിവേഴ്സിറ്റി ബിരുദധാരിയും മുൻപ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പോരാടി ശ്രദ്ധേയനുമായ അഭിജിത് ദീപ്കെ അറിയിച്ചു.
“രാജ്യത്ത് അരാജകത്വം സൃഷ്‌ടിക്കാൻ ശ്രമം”: പ്രതിപക്ഷത്തിനെതിരെ ബി.ജെ.പിയും കേന്ദ്രമന്ത്രിമാരും
അതേസമയം, സി.ജെ.പിയുടെ പ്രക്ഷോഭത്തിന് പിന്നിൽ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന വിദേശശക്തികളുടെ കൈകളുണ്ടെന്ന് ബി.ജെ.പി അധ്യക്ഷൻ നിതിൻ നബീൻ ആരോപിച്ചു. സി.ജെ.പി എന്നത് കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും “ബി-ടീം” ആണെന്ന് ഡൽഹി ബി.ജെ.പി നേതാക്കൾ പരിഹസിച്ചു.
ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു:
“ഏതൊരു വ്യക്തിക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. എന്നാൽ അരാജകത്വം സൃഷ്ടിക്കുക എന്നത് ആരുടെയും അവകാശമല്ല. രാജ്യത്തെ യുവതലമുറ (Gen-Z) താൽക്കാലികമായി വഴിതെറ്റിക്കപ്പെട്ടിരിക്കാം, എന്നാൽ രാജ്യനിർമ്മാണം എന്ന ലക്ഷ്യത്തിൽ നിന്ന് അവരെ വഴിതിരിച്ചുവിടാൻ സാധിക്കില്ല” — രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.
മറുവശത്ത്, മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതിനെതിരെയുള്ള ഹർജിയിൽ സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടലുണ്ടാവുകയും, ബാരിക്കേഡുകളും നിരോധനാജ്ഞകളും നീക്കം ചെയ്യാൻ ഭരണകൂടത്തിന് നിർദ്ദേശം നൽകുകയും ചെയ്തതോടെ വിഷയത്തിൽ ഐതിഹാസികമായ നിയമപോരാട്ടത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





