14
Aug 2026
Fri
14 Aug 2026 Fri
Thasildar arrested

കൊച്ചി: ഭൂമി ക്രയവിക്രയവുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കണയന്നൂര്‍ ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ജോസഫ് ആന്റണിയും രണ്ട് ഏജന്റുമാരും വിജിലന്‍സിന്റെ പിടിയിലായി. സഹായികളായ ഷിബിന്‍, കണ്ണന്‍ എന്ന രാജേഷ് എന്നിവരെയാണ് തഹസില്‍ദാര്‍ക്കൊപ്പം എറണാകുളം വിജിലന്‍സ് യൂണിറ്റ് കടവന്ത്രയില്‍ വച്ച് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എളമക്കര സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥന്‍ വന്‍ തുക കൈക്കൂലി ആവശ്യപ്പെട്ടത്. ഭൂ ഉടമ വര്‍ഷങ്ങളായി പുരയിടമെന്ന നിലയില്‍ കരം അടച്ചുവരുന്ന സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് അത് രേഖകളില്‍ കൃഷിഭൂമിയാണെന്ന് വ്യക്തമായത്. തുടര്‍ന്നാണ് വ്യാജ പരാതിക്കാരന്‍ പ്രത്യക്ഷപ്പെട്ടത്. ഭൂമി മണ്ണിട്ട് നികത്തിയെന്നാരോപിച്ച് തഹസില്‍ദാറുടെ സഹായി തന്നെ പരാതി നല്‍കുകയായിരുന്നു.

പ്രശ്‌നപരിഹാരത്തിനായി ഉടമ തഹസില്‍ദാരെ സമീപിച്ചപ്പോള്‍, പരാതിക്കാരനുമായുള്ള ഒത്തുതീര്‍പ്പിനും ഭൂമി പുരയിടമാക്കി നല്‍കുന്നതിനുമായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. രണ്ടുലക്ഷം രൂപ പണമായും ബാക്കി എട്ടുലക്ഷം രൂപയുടെ ചെക്കുമായി ഏജന്റുമാര്‍ മുഖേന കൈമാറുന്നതിനിടെയാണ് വിജിലന്‍സ് സംഘം മിന്നല്‍ പരിശോധനയിലൂടെ പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം വിശദമായി അന്വേഷിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.

Tags: Joseph Antony Tahsildar, Kanayannur Tahsildar, Bribe Case Kochi, Vigilance Arrest, Ernakulam News, Kochi Crime News, Kerala Revenue Department

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക