08
Oct 2023
Thu
08 Oct 2023 Thu

മരണം 2 ആയി; ദുബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരുക്കേറ്റ കണ്ണൂര്‍ സ്വദേശിയും മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ: അല്‍ കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച അപകടത്തില്‍ മരണം രണ്ടായി. വിസിറ്റ് വിസയില്‍ ജോലി തേടിയെത്തിയ തലശ്ശേരി ടെമ്പിള്‍ ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിന്‍ ദാസ് (24) മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 8 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ഇന്നലെ താമസസ്ഥലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. മൂന്ന് മുറികളിലായി 17 പേരാണ് ഫഌറ്റില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ രാത്രിയില്‍ കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിങിലാണ് അപകടം ഉണ്ടായത്. ഗ്യാസ് ചോര്‍ച്ചയുണ്ടായി സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

സംഭവത്തില്‍ മലപ്പുറം സ്വദേശിയും ബര്‍ദുബായിലെ ഫ്രൂട്ട്‌സ് ഷോപ്പിലെ ജീവനക്കാരനുമായ തിരൂര്‍ പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല (38) ഇന്നലെ മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് ഒന്‍പത് മലയാളികള്‍ക്ക് പരിക്കേറ്റിരുന്നു. ഇവരിലൊരാളായിരുന്നു ഇന്ന് മരിച്ച നിധിന്‍ ദാസ്.

സംഭവത്തെ കുറിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തില്‍ കാണാതായവരെ തിരയുമ്പോഴാണ് യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം കണ്ടെത്തിയതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ റാഷിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക