ഭിന്നശേഷിക്കാരനായ യുവാവിനെ ഹണി ട്രാപ്പില്‍പ്പെടുത്തി ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്താന്‍ പോലീസ് നീക്കം തുടങ്ങി. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. ഇവരില്‍ നാല് പേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരാള്‍ ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
|
അറസ്റ്റിലായ അമല്‍, അനന്തു എന്നിവര്‍ കൊലപാതകം, ലഹരി കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി. ഒന്നാം പ്രതിയായ പറവൂര്‍ സ്വദേശിനി സഫാനയുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു. സഫാന ഉള്‍പ്പെടുന്ന സംഘം മുന്‍പും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
അമല്‍ ദേവെന്ന യുവാവിനെ വശീകരിച്ച് ഹോട്ടലിലേക്ക് എത്തിച്ച സംഘം, യുവാവ് എതിര്‍ത്തതോടെ ബലപ്രയോഗത്തിലൂടെ വിവസ്ത്രനാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്. ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടാന്‍ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും നട്ടെല്ലിന് ഗുരുതര പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ഭിന്നശേഷിക്കാരനായ യുവാവിന്റെ മൊഴി ആംഗ്യഭാഷാ വിദഗ്ധന്റെ സഹായത്തോടെയാണ് രേഖപ്പെടുത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒളിവിലുള്ള പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക സംഘം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.





