16
Apr 2023
Thu
16 Apr 2023 Thu

ബാഴ്സലോണ: സ്വന്തം മൈതാനത്ത് ആദ്യ പാദത്തിൽ നേരിട്ട തോൽവിക്ക് (1- 0) പകരംവീട്ടി റയൽ മാഡ്രിഡ്. കോപ്പ ഡെൽ റേ സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ ക്യാമ്പ് നൗവിൽ ബാഴ്സലോണയെ ഏകപക്ഷീയമായ നാലുഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ് ഫൈനലിൽ. തുടർച്ചയായ മൂന്ന് എൽ ക്ലാസിക്കോ തോൽവികൾക്ക് ശേഷമാണ് റയൽ ബാഴ്സയ്ക്കെതിരേ ജയിക്കുന്നത്. സൂപ്പർ താരം കരീം ബെൻസേമയുടെ ഹാട്രിക്ക് പ്രകടനമാണ് റയലിന് തകർപ്പൻ ജയം സമ്മാനിച്ചത്. ഫൈനലിൽ ഒസാസുനയാണ് അവരുടെ എതിരാളികൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യ പകുതിയുടെ ഇൻജുറി മൈിൽ വിനീഷ്യസ് ജൂനിയർ ആണ് ഗോൾമേളയ്ക്ക് തുടക്കമിട്ടത്. തുടർന്നാണ് ബെൻസേമയുടെ അഴിഞ്ഞാട്ടം. 50, 58, 80 മിനിറ്റുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ. ആദ്യ പകുതിയിൽ പന്തടക്കത്തിൽ മുന്നിൽ നിന്നെങ്കിലും ഗോൾ നേടാൻ ബാഴ്സയ്ക്ക് സാധിച്ചില്ല. ആദ്യ പകുതി സമനിലയിലേക്ക് പോകുമെന്ന ഘട്ടത്തിലാണ് അധികസമയത്ത് റയലിന്റെ ഗോൾ വരുന്നത്. വിനീഷ്യസും റോഡ്രിഗോയും ചേർന്ന ഒരു കൗണ്ടർ അറ്റാക്കിനൊടുവിലായിരുന്നു ഗോൾ. വിനീഷ്യസിന്റെ ഷോട്ട് ബാഴ്സ ഗോളി ടെർസ്റ്റേഗൻ തടുത്തെങ്കിലും പന്ത് ഗോൾവര കടന്നു.

പിന്നാലെ 50-ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചിന്റെ മികച്ചൊരു മുന്നേറ്റത്തിൽ നിന്ന് ലഭിച്ച പാസ് വലയിലെത്തിച്ച് ബെൻസേമ ലീഡുയർത്തി. 57-ാം മിനിറ്റിൽ വിനീഷ്യസിനെ കെസ്സി ബോക്സിൽ വീഴ്ത്തിയതിന് റയലിന് അനുകൂലമായി പെനാൽറ്റി. കിക്ക് ലക്ഷ്യത്തിലെത്തിച്ച ബെൻസേമ മത്സരത്തിലെ തന്റെ രണ്ടാം ഗോൾ സ്വന്തമാക്കി. 80-ാം മിനിറ്റിൽ ബെൻസേമയുടെ ഹാട്രിക്ക് ഗോളെത്തി. മറ്റൊരു കൗണ്ടർ അറ്റാക്കിനൊടുവിൽ വിനീഷ്യസ് നൽകിയ പാസ് വലയിലേക്ക് തട്ടിവിടേണ്ട കാര്യമേ ബെൻസേമയ്ക്ക് ഉണ്ടായിരുന്നുള്ളൂ.

അവസാന മൂന്ന് എൽക്ലാസികോകളിലും പരാജയപ്പെടുകയും ലാ ലിഗ കിരീടപ്പോരിൽ ബാഴ്‌സക്ക് പിന്നിലാകുകയും ചെയ്ത റയൽ മഡ്രിഡിന് ആശ്വാസം നൽകുന്നതായി വിജയം. ലാ ലിഗയിൽ ബഹുദൂരം മുന്നിലുള്ള ബാഴ്‌സയെ പിറകിലാക്കി ചാമ്പ്യൻപട്ടം പിടിക്കൽ ഇനി എളുപ്പമല്ല.

തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക് കുറിച്ച ബെൻസേമയാകട്ടെ നീണ്ട ഇടവേളക്കു ശേഷം നൗ കാമ്പിൽ മൂന്നടിക്കുന്ന ആദ്യ റയൽ താരമായി. മുമ്പ് ഇതിഹാസതാരം ഫെറങ്ക് പുഷ്‌കാസ് മാത്രമാണ് റയൽ നിരയിൽ ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. അഞ്ചു ദിവസത്തിനിടെയാണ് ബെൻസേമ രണ്ടാം ഹാട്രിക് കുറിക്കുന്നത്. സീസണിൽ റയലിനായി താരം 25 ഗോളുകളാണ് നേടിയത്.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക