മനുഷ്യ മസ്തിഷ്ക കോശങ്ങൾ പ്രവർത്തനക്ഷമമായി ഉൾക്കൊള്ളുന്ന എലികളെ വികസിപ്പിച്ച് യുഎസിലെ ന്യൂറോ സയന്റിസ്റ്റുകൾ. മനുഷ്യരിൽ മാത്രം കാണപ്പെടുന്ന മാനസിക, ന്യൂറോവികസന രോഗങ്ങൾക്ക് പുതിയ ചികിത്സകൾ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങളിൽ ഈ എലികളെ ഉപയോഗിക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
|
സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷകരാണ് പുതിയ പരീക്ഷണം നടത്തിയത്. ആദ്യം എലികളുടെ മസ്തിഷ്കത്തിലെ സെറിബ്രൽ കോർട്ടക്സ് ഏതാണ്ട് വികസിക്കാത്ത തരത്തിൽ ജനിതകമാറ്റം വരുത്തി. തുടർന്ന് മനുഷ്യരിൽനിന്ന് ശേഖരിച്ച ചർമ കോശങ്ങളെ പുനഃക്രമീകരിച്ച് മസ്തിഷ്ക കോശങ്ങൾക്ക് സമാനമായ ഓർഗനോയിഡുകളാക്കി മാറ്റി എലികളുടെ മസ്തിഷ്കത്തിൽ ഘടിപ്പിക്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം മനുഷ്യ കോശങ്ങൾ വളരുകയും എലികളുടെ നിലവിലുള്ള മസ്തിഷ്ക ശൃംഖലയുമായി ബന്ധപ്പെടുകയും ചെയ്തു. മനുഷ്യ കോശങ്ങളും എലിയുടെ മസ്തിഷ്കവും സുഷുമ്നാ നാഡിയുമായി ബന്ധപ്പെടുന്നതിന്റെ തെളിവുകളും സ്കാനുകളിൽ കണ്ടെത്തി.
ഏകദേശം ആറുമാസത്തിന് ശേഷം നടത്തിയ അടിസ്ഥാന പെരുമാറ്റ പരിശോധനകളിൽ സാധാരണ എലികളിൽനിന്ന് വലിയ വ്യത്യാസം ഇവയിൽ കണ്ടെത്തിയില്ലെന്ന് ഗവേഷകർ പറഞ്ഞു. അതിനാൽ മനുഷ്യരെപ്പോലെ ചിന്തിക്കുന്നതോ ബുദ്ധിശേഷി വർധിച്ചതോ ആയ എലികളെയാണ് സൃഷ്ടിച്ചതെന്ന ആശയം തെറ്റാണെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.
എപ്പിലപ്സി, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ മനുഷ്യരിൽ സങ്കീർണമായി കാണപ്പെടുന്ന മസ്തിഷ്ക രോഗങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായി പഠിക്കാൻ പുതിയ മാതൃക സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. നിലവിൽ പല രോഗങ്ങളും എലികളിൽ കൃത്യമായി പഠിക്കാൻ കഴിയാത്തത് ചികിത്സാ ഗവേഷണത്തിന് വലിയ പരിമിതിയാണ്.
അതേസമയം, ജീവിച്ചിരിക്കുന്ന മൃഗങ്ങളുടെ മസ്തിഷ്കത്തിൽ മനുഷ്യ കോശങ്ങൾ വളർത്തുന്നതുമായി ബന്ധപ്പെട്ട ധാർമിക ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇത്തരം മൃഗങ്ങളുടെ ബോധത്തിലും അനുഭവങ്ങളിലും എന്തെങ്കിലും മാറ്റമുണ്ടാകുന്നുണ്ടോ, അവയുടെ ക്ഷേമം എങ്ങനെ ഉറപ്പാക്കണം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഗവേഷണം Nature ജേണലിലാണ് പ്രസിദ്ധീകരിച്ചത്. മനുഷ്യ മസ്തിഷ്ക രോഗങ്ങളുടെ ജീവശാസ്ത്രം പഠിക്കുന്നതിനുള്ള പുതിയൊരു വഴിയാണ് ഈ പരീക്ഷണം തുറക്കുന്നതെന്ന് ഗവേഷകർ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





