ബെലഗാവി: കുടുംബസ്വത്ത് വീതംവെപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് കര്‍ണാടകയിലെ ബെലഗാവിയില്‍ മുന്‍ സൈനികനെയും മകളെയും ബന്ധുക്കള്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിലിട്ട് വെട്ടിക്കൊലപ്പെടുത്തി. കിറ്റൂര്‍ താലൂക്കിലെ അവരാഡി ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. 67-കാരനായ രുദ്രപ്പ കുന്ദരഗി, മകള്‍ ശശികല കുന്ദരഗി (26) എന്നിവരാണ് കൊല്ലപ്പെട്ടത്.
|
Key Highlights
- ദാരുണ കൊലപാതകം: കുടുംബസ്വത്ത് വീതംവെപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ മുൻ സൈനികൻ രുദ്രപ്പയും മകൾ ശശികലയും കൊല്ലപ്പെട്ടു.
- സംഭവസ്ഥലം: കർണാടക ബെളഗാവിയിലെ അവരാഡി ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ വെച്ചാണ് ആക്രമണം നടന്നത്.
- പ്രതികൾ ബന്ധുക്കൾ: രുദ്രപ്പയുടെ സഹോദരങ്ങളായ ബസപ്പ, സംഗപ്പ, അനന്തരവൻ മടിവാളപ്പ എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയത്.
- അന്വേഷണം ഊർജ്ജിതം: ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി ബെളഗാവി പോലീസ് തിരച്ചിൽ ശക്തമാക്കി.
സ്വത്ത് വീതംവെപ്പുമായി ബന്ധപ്പെട്ട അപേക്ഷ സമര്‍പ്പിക്കാന്‍ ധാര്‍വാഡില്‍ നിന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയതായിരുന്നു ഇരുവരും. വിവരമറിഞ്ഞെത്തിയ രുദ്രപ്പയുടെ സഹോദരങ്ങളായ ബസപ്പ, സംഗപ്പ, അനന്തരവന്‍ മടിവാളപ്പ എന്നിവര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്.
ALSO READ: കോൺഗ്രസ് നേതാക്കളടക്കം 29 പേർ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണക്കേസിൽ 10 പ്രതികൾക്ക് വധശിക്ഷ
95 സെന്റ് ഭൂമിയെച്ചൊല്ലി രുദ്രപ്പയും സഹോദരങ്ങളും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. കേസില്‍ ഭൂമി മൂന്നായി വീതിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നതാണ്. എന്നാല്‍ തനിക്ക് ലഭിച്ച വിഹിതം രുദ്രപ്പ നേരത്തെ വിറ്റഴിച്ചിരുന്നതായും, ശേഷിക്കുന്ന ഭൂമിയില്‍ വീണ്ടും അവകാശവാദം ഉന്നയിച്ചതാണ് തര്‍ക്കത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
ആക്രമണത്തില്‍ നിന്ന് അച്ഛനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകള്‍ ശശികലയ്ക്കും വെട്ടേറ്റത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ശശികലയുടെ മുടി അക്രമികള്‍ വെട്ടിമാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ധാര്‍വാഡ് സ്വദേശിയായ രാഹുല്‍ എന്ന യുവാവിനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ ധാര്‍വാഡ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളില്‍ നടന്ന ഇരട്ടക്കൊലപാതകം പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ബെലഗാവി എസ്.പി കെ. രാമരാജന്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികള്‍ക്കായി കിറ്റൂര്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
Tags: Property Dispute Murder, Belagavi Double Murder, Karnataka Crime News Malayalam, Ex Serviceman Killed, Kittur Crime News, India News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



