കരിപ്പൂര്‍ വിമാനത്താവള റണ്‍വേ ജനുവരി 15 മുതല്‍ ആറ് മാസത്തേക്ക് ഭാഗികമായി അടച്ചിടും. രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെയാണ് റണ്‍വേ അടച്ചിടുന്നത്. ഇതു കണക്കിലെടുത്ത് വിമാന സര്‍വീസുകള്‍ ക്രമകരിച്ചിട്ടുണ്ട്. വൈകിട്ട് ആറു മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേക്കാണ് സർവീസ് പുനക്രമീകരിച്ചത്.
|
ആഭ്യന്തര സര്‍വീസുകളെയാണ് റണ്‍വേ നവീകരണം പ്രധാനമായും ബാധിക്കുക. പകല്‍ സമയത്തെ ഡല്‍ഹി മുംബൈ സര്‍വീസുകള്‍ പുനക്രമീകരിച്ചിട്ടുണ്ട്. പുതിയ സമയം അറിയുന്നതിനായി വിമാനകമ്പനികളുമായി ബന്ധപ്പെടണമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു. ആറു മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്.
2020ലെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ നിയോഗിക്കപ്പെട്ട അന്വേഷണ കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് നവീകരണങ്ങള്‍ നടക്കുന്നത്. റണ്‍വേയുടെ ഉപരിതലം ബലപ്പെടുത്തുന്ന ടാറിങ് ജോലികളാണ് 15ന് ആരംഭിക്കുക. ഇതോടൊപ്പമാണ് റണ്‍വേയുടെ മധ്യഭാഗത്ത് ലൈറ്റിങ് സംവിധാനം സ്ഥാപിക്കുക. ലൈറ്റിങ് സംവിധാനം വരുന്നതോടെ രാത്രിയിലും മഞ്ഞുളള സമയങ്ങളിലും വിമാനഗതാഗതം സുഗമമാവും.



