കാസര്‍കോട്: മുളിയാര്‍ ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടിപ്പള്ളം മഞ്ചക്കല്ല് സ്വദേശി കെ. മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ ഹൈദര്‍ അലി (27) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.10-ഓടെ ഹൈദര്‍ അലിയുടെ വീടിന് ഏകദേശം 100 മീറ്റര്‍ അകലെ കാട്ടിപ്പള്ളം ഗ്രൗണ്ടിന് സമീപത്തെ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.
|
സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ വാഹനാപകടത്തിലാണ് യുവാവ് മരിച്ചതെന്നാണ് നാട്ടുകാരും സുഹൃത്തുക്കളും ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ മുഖത്ത് കവിളിനും താടിക്കും സമീപം വെടിയേറ്റ പാടും സമീപത്തുനിന്ന് തോക്കും കണ്ടെത്തിയതോടെ സംഭവത്തില്‍ ദുരൂഹത ഏറുകയായിരുന്നു.
സ്‌കൂട്ടര്‍ മറിഞ്ഞ നിലയില്‍;വെടിയേറ്റെന്ന് മനസ്സിലായത് ആശുപത്രിയില്‍ വച്ച്
പുലര്‍ച്ചെ റോഡില്‍ സ്‌കൂട്ടര്‍ മറിഞ്ഞുകിടക്കുന്നതും സമീപത്ത് ഹൈദര്‍ അലി രക്തത്തില്‍ കുളിച്ച് കിടക്കുന്നതും സുഹൃത്താണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ ഹൈദറിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് അപകടസ്ഥലത്തിന് സമീപത്തുനിന്ന് നായാട്ടിനായി ഉപയോഗിക്കുന്ന തരത്തിലുള്ള തോക്ക് കണ്ടെത്തിയത്. തോക്കില്‍ തിരകള്‍ നിറച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.
ഹൈദര്‍ അലിയുടെ താടിയിലൂടെ വെടിയുണ്ട തുളഞ്ഞുകയറി തലയ്ക്ക് മാരകമായി പരിക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
നായാട്ടിനായി പോയതാണോ? ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി
ദുബായില്‍ ജോലി ചെയ്തിരുന്ന ഹൈദര്‍ അലി അടുത്തിടെയാണ് നാട്ടിലെത്തി ബോവിക്കാനത്ത് ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ആരംഭിച്ചത്. അര്‍ദ്ധരാത്രിയോടെ നായാട്ടിനായി പുറപ്പെട്ടതാണോ എന്ന കാര്യം പൊലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.
തിരനിറച്ച തോക്കുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം വിടുകയോ, തോക്ക് കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയോ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
ജില്ലാ പൊലീസ് മേധാവി പി. നിധിന്‍ രാജ്, ബേക്കല്‍ ഡിവൈഎസ്പി കെ. വിനോദ് കുമാര്‍, ആദൂര്‍ സിഐ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
കണ്ടെടുത്ത തോക്ക് ലൈസന്‍സുള്ളതാണോ അതോ നാടന്‍ തോക്കാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് ആദൂര്‍ പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, സംഭവസമയത്ത് ഹൈദര്‍ അലിക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഷാഫി, ഖദീജ, നസീറ എന്നിവര്‍ സഹോദരങ്ങളാണ്.
Tags: Kasaragod Gunshot Death, Haider Ali Kattippallam, Bovikanam News, Adoor Police Investigation, Accidental Shooting Kerala, Kasaragod Crime News, Kerala News Malayalam, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




