മലപ്പുറം: പാര്‍ട്ടി സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ രണ്ടത്താണിയെ ചാക്കിട്ട് പിടിക്കാന്‍ സിപിഎം. പുറത്തുവന്നാല്‍ തിരൂരങ്ങാടിയോ താനൂരോ മല്‍സരിപ്പിക്കാമെന്നാണ് സിപിഎം വാഗ്ദാനം.
|
തിരൂരങ്ങാടിയിലെ ലീഗ് സ്ഥാനാര്‍ഥിയായ പി.എ.എം സമീറിനെതിരെ രണ്ടത്താണി ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടത്താണിയെ ഒപ്പം ചേര്‍ക്കാന്‍ എല്‍ഡിഎഫ് രംഗത്തിറങ്ങിയത്.
നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താല്‍പര്യത്തിനായാണ് പി.എം.എ. സമീറിനെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് രണ്ടത്താണിയുടെ ആരോപണം. പഞ്ചായത്ത് ലീഗ് കമ്മിറ്റിയോ മുനിസിപ്പല്‍ കമ്മിറ്റിയോ പാര്‍ട്ടി പ്രവര്‍ത്തകരോ ആവശ്യപ്പെടാതെയാണ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ. സമീര്‍ എന്നൊരാളെ അര്‍ഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ മാനദണ്ഡം ചോദ്യം ചെയ്താല്‍ അത് അച്ചടക്ക ലംഘനമായി കാണരുതെന്നും പ്രതിഫലം പറ്റാതെ പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അബ്ദുറഹ്‌മാന്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനാണ് പിഎംഎ സമീര്‍. കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ടായിരുന്നു രണ്ടത്താണിയുടെ വിമര്‍ശനം.
ഇതിനുപിന്നാലെയാണ് അദ്ദേഹത്തെ സി.പി.എം സമീപിച്ചത്. തിരൂരങ്ങാടിയോ താനൂരോ മല്‍സരിപ്പിക്കാമെന്നാണ് വാഗ്ദാനം. അത് അല്ലെങ്കില്‍ താല്‍പര്യമുള്ള മറ്റേതെങ്കിലും സീറ്റ് നല്‍കാനും സിപിഎം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി അറിയിച്ച് അബ്ദുറഹിമാന്‍ രണ്ടത്താണി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. അദ്ദേഹം എല്ലാവരെയും അംഗീകരിച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുക എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. എന്നാല്‍, സാദിഖലി തങ്ങളെ ലക്ഷ്യമിട്ടുള്ള പോസ്റ്റിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ അത് പിന്‍വലിച്ച് തിരുത്തുകയും ചെയ്തു.
എന്നാല്‍, ഇന്ന് രാവിലെ വീണ്ടും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കി ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. അതേസമയം രണ്ടത്താണി പാര്‍ട്ടി വിടില്ലെന്നാണ് കരുതുന്നതെന്നും അതൃപ്തികളെല്ലാം കേള്‍ക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഇത്തരം വിമര്‍ശനങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു.



