11
Apr 2026
Sat
11 Apr 2026 Sat
kerala election result iuml

Kerala assembly election 2026 മലപ്പുറം ജില്ലയില്‍ പാര്‍ട്ടിക്ക് രണ്ട് സീറ്റില്‍ മാത്രമേ വിജയം ഉറപ്പുള്ളുവെന്ന് സിപിഎം വിലയിരുത്തല്‍. തവനൂരും പൊന്നാനിയും കൈവിടില്ലെന്നാണ് ബൂത്ത തലത്തിലുള്ള കണക്കുകള്‍. തിരൂരില്‍ മന്ത്രി വി.അബ്ദുറഹിമാന്‍ തോല്‍ക്കാനാണ് സാധ്യത. ഇവിടെ ശക്തമായ പോരാട്ടം നടന്നെങ്കിലും വിജയം ഉറപ്പില്ല. താനൂരില്‍ തോല്‍ക്കുമെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശക്തരായ സ്ഥാനാര്‍ഥികളെ കളത്തിലിറക്കിയെങ്കിലും മലപ്പുറത്ത് രണ്ട് സീറ്റിലേക്ക് മാത്രമായി ഒതുങ്ങിയേക്കുമെന്നാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. തവനൂരില്‍ 3,000 മുതല്‍ 5,000 വരെ ഭൂരിപക്ഷം നേടിയേക്കുമെന്നാണ് കണക്കുകൂട്ടലുകള്‍. പൊന്നാനിയില്‍ 7,000 വോട്ടിന്റെ ഭൂരിപക്ഷം നേടിയേക്കും. പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും ജില്ലാ കമ്മിറ്റി കണക്കുകൂട്ടി.

അതേസമയം, ആലപ്പുഴ ജില്ലയിലും തെരഞ്ഞെടുപ്പ് പ്രകടനങ്ങള്‍ സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തി. അമ്പലപ്പുഴയില്‍ 1,800 വോട്ടുകള്‍ക്ക് തോല്‍ക്കാന്‍ സാധ്യതയുണ്ടെന്ന കണക്കും 3,800 വോട്ടുകള്‍ക്ക് ജയിക്കാമെന്ന മറ്റൊരു കണക്കുമാണ് നിലവില്‍ ജില്ലാ നേതൃത്വത്തിന് ലഭിച്ചത്. ഇവിടെ ബിജെപി വോട്ടിനെ ആശ്രയി്ച്ചാണ് കാര്യങ്ങള്‍. ബിജെപി ജി സുധാകരന് വോട്ട് മറിച്ചാല്‍ 1,800 വോട്ടിന് തോല്‍ക്കും. ഇല്ലെങ്കില്‍ 3,800 വോട്ടിന് ജയിക്കുമെന്നാണ് കണക്ക്.

ഹരിപ്പാടും കുട്ടനാടും തോല്‍ക്കുമെന്നും നാലിടത്ത് കടുത്ത മത്സരം നേരിട്ടതായും സിപിഎം വിലയിരുത്തി. ചേര്‍ത്തല, മാവേലിക്കര, ചെങ്ങന്നൂര്‍, കായംകുളം സീറ്റുകള്‍ ആലപ്പുഴയിലും അരൂരിലും കടുത്ത മത്സരമാണ് നടന്നത്.

85 സീറ്റിന്റെ പ്രതീക്ഷയില്‍ ലീഗ്

സംസ്ഥാനത്ത് എണ്‍പത്തിയഞ്ചിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് മുസ്ലിം ലീഗിന്റെ വിലയിരുത്തല്‍. ലീഗ് മത്സരിച്ച 27 മണ്ഡലങ്ങളില്‍ 21 മുതല്‍ 24 വരെ സീറ്റുകളില്‍ വിജയിക്കും. യുഡിഎഫ് തരംഗമുണ്ടായാല്‍ മുഴുവന്‍ സീറ്റുകളിലും വിജയിക്കുമെന്നും ലീഗ് വിലയിരുത്തുന്നു. ലീഗ് നടത്തിയ സര്‍വേയുടെയും ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിനും ശേഷവുമുള്ള നിഗമനമാണിത്.