18
Mar 2026
Wed
18 Mar 2026 Wed
B Gopala Krishnan and MT Ramesh

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമിറ്റി പ്രഖ്യാപിച്ച ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ പ്രമുഖരെ തഴഞ്ഞതില്‍ അമര്‍ഷം പുകയുന്നു. സംസ്ഥാന നേതൃത്വം പുറത്തുവിട്ട ആദ്യ പട്ടികയില്‍ പ്രമുഖ ബി.ജെ.പി നേതാക്കളായ എം.ടി രമേശ്, ബി. ഗോപാലകൃഷ്ണന്‍ എന്നിവരെ ഒഴിവാക്കിയിരുന്നു. ഇവരെ കൂടാതെ കുമ്മനം രാജശേഖരന്‍, പി.എസ്. ശ്രീധരന്‍പിള്ള, ജെ.ആര്‍. പത്മകുമാര്‍, എ. നാഗേഷ്, ജി.ജി. ജോസഫ് തുടങ്ങിയവരും ആദ്യ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതേ തുടര്‍ന്ന് നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെയും ആര്‍.എസ്.എസിനെയും സമീപിച്ച് പരാതി നല്‍കിയെന്നാണ് റിപോര്‍ട്ട്. അതേസമയം തൃശൂര്‍ നല്‍കാത്തതില്‍ മത്സരിക്കാനില്ലെന്ന് എം.ടി. രമേശ് നേതൃത്വത്തെ അറിയിച്ചു എന്നും സൂചനയുണ്ട്.

ബി.ജെ.പിയെ ശത്രുക്കളായി പ്രഖ്യാപിക്കുകയും പൊതുജനമധ്യത്തില്‍ അപമാനിക്കുകയും ചെയ്ത പലരും ഇപ്പോള്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളായി രംഗത്തെത്തിയത് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. ട്വന്റി ട്വന്റിക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കിയതിലും അവരുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും ബി.ജെ.പിയില്‍ അതൃപ്തിയുണ്ട്. ഇതിനിടയില്‍ പാര്‍ട്ടിക്കെതിരെ പരസ്യപ്രതികരണവുമായി ന്യുനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ നോബിള്‍ മാത്യു രംഗത്തെത്തിയിരുന്നു.

ALSO READ: കുഞ്ഞാലിക്കുട്ടിയുടെ സ്വന്തക്കാരന്‍ പിഎംഎ സമീറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ലീഗില്‍ പൊട്ടിത്തെറി; പരസ്യമായി പ്രതികരിച്ച് രണ്ടത്താണി

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് സീറ്റ് നല്‍കിയതാണ് നോബിള്‍ മാത്യുവിനെ ചൊടിപ്പിച്ചത്. ഇതിനു പിന്നാലെ സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി നോബിള്‍ മാത്യുവിനെ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് നടപടി സ്വീകരിച്ചത്.

ചെങ്ങന്നൂരില്‍ എം.വി. ഗോപകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രാദേശിക നേതാക്കളില്‍ ചിലര്‍ നേതൃത്വത്തെ പരാതി അറിയിച്ചു. എ ക്ലാസ് മണ്ഡലമായിട്ടും മികച്ച സ്ഥാനാഥിയില്ലെന്നാണ് ചെങ്ങന്നൂരിലെ ഒരുവിഭാഗം പ്രവര്‍ത്തകരുടെ പരാതി. മുന്‍ അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയോ ജില്ല പ്രസിഡന്റ് സന്ദീപ് വാചസ്പതിയോ മത്സരിക്കുമെന്ന് കരുതിയിരുന്ന പ്രവര്‍ത്തകരാണ് ഗോപകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധമുയര്‍ത്തുന്നത്.