|
കൊൽക്കൊത്ത: ഇന്ത്യൻ സൂപ്പർലീഗിൽ പ്ലേ ഓഫ് സാധ്യത ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് ലീഡ് നാല് പോയിൻറാക്കി ഉയർത്തി മൂന്നാം സ്ഥാനത്ത് നിലനിൽക്കാം. മുബൈ സിറ്റി ഹൈദരാബാദ് എഫ്‌സി ടീമുകൾക്ക് പിറകിലായി 28 പോയിൻറോടെ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 27 പോയിൻറുള്ള എടികെ മോഹൻ ബഗാനാണ് നാലാമതുള്ളത്. ഈസ്റ്റ് ബംഗാൾ 12 പോയിന്റുമായി 9ാംസ്ഥാനത്താണ്.
ഇന്നും മൂന്ന് പോയിന്റ് നേടാനായാൽ പ്ലേ ഓഫ് സ്‌പോട്ടിലേക്ക് കൂടുതൽ അടുക്കാൻ മഞ്ഞപ്പടക്ക് കഴിയും. ജയിച്ചാൽ ഐ.എസ്.എല്ലിൽ ടീം റെക്കോർഡിനൊപ്പമെത്താനും ബ്ലാസ്റ്റേഴിസിന് കഴിയും.
ഐ.എസ്.എൽ സീസണിൽ ഇതു വരെ 15 മത്സരങ്ങളിൽ നിന്ന് 9 വിജയങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. കഴിഞ്ഞ തവണ 10 ജയം നേടിയതാണ് ഒരു സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച നേട്ടം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഗോവ പൂർണ ആതിഥേയത്വം വഹിച്ച 2021-22 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ, 9 വിജയങ്ങളായിരുന്നു ബ്ലാസ്റ്റേഴ്‌സ് ലീഗ് ഘട്ടത്തിൽ നേടിയത്. തുടർന്ന് സെമിഫൈനലിലെ ഒരു പാദത്തിലും വിജയം നേടി അവർ ഫൈനലിലുമെത്തി. എന്നാൽ ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ ബ്ലാസ്റ്റേഴ്‌സ് വീണു.
ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ ഒൻപത് വിജയങ്ങളിൽ അഞ്ചും പിറന്നത് കൊച്ചിയിൽ ഹോം ഗ്രൗണ്ടിലാണ്. സ്വന്തം കാണികൾക്ക് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് എത്രമാത്രം ശക്തരാണ് എന്ന് വ്യക്തമാക്കുന്ന കണക്കുകൾ ആണിത്. കഴിഞ്ഞ സീസണിൽ 23 കളികളിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് 10 വിജയങ്ങൾ നേടിയതെങ്കിൽ ഇക്കുറി 15 ലീഗ് മത്സരങ്ങൾ പിന്നിട്ടപ്പോൾത്തന്നെ 9 വിജയങ്ങൾ അവർക്ക് സ്വന്തമായി. അതിനാൽ ഒരു സീസണിൽ കൂടുതൽ വിജയങ്ങളെന്ന ബ്ലാസ്റ്റേഴ്‌സിന്റെ റെക്കോർഡ് ഈ വർഷം പുതുക്കിയെഴുതപ്പെടാനാണ് സാധ്യത കൂടുതൽ.
2021-22 സീസണിൽ 23 കളികളിൽ 10 വിജയങ്ങൾ നേടിയ ബ്ലാസ്റ്റേഴ്‌സ് 37 ഗോളുകളാണ് മൊത്തം നേടിയത്. 26 ഗോളുകൾ വഴങ്ങി. 11 ആയിരുന്നു ആ സീസണിൽ ടീമിന്റെ ഗോൾവ്യത്യാസം. 9 ക്ലീൻഷീറ്റുകളും ടീം ആ സീസണിൽ സ്വന്തമാക്കി. 2022-23 സീസണിൽ ഇതിനോടകം 15 കളികളിൽ 9 വിജയം നേടിയ മഞ്ഞപ്പട 25 ഗോളുകളാണ് നിലവിൽ നേടിയിട്ടുള്ളത്, 22 ഗോളുകൾ വഴങ്ങുകയും ചെയ്തു. 3 ആണ് ഇക്കുറി ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ വ്യത്യാസം. ക്ലീൻഷീറ്റുകളുടെ എണ്ണം അഞ്ചും.



