12വര്‍ഷത്തെ കാത്തിരിപ്പിനുശേഷമുണ്ടായ മകളുടെ ജന്മദിനം കൊണ്ടൊരു ഭാഗ്യപരീക്ഷണം നടത്തിയ മലയാളിക്ക് 78 കോടി രൂപ സമ്മാനം. യുഎഇയില്‍ പ്രവാസിയായ 52കാരന്‍ സുനില്‍ കുമാര്‍ സദാശിവനാണ് ഈ ഭാഗ്യവാന്‍.
|
മകളുടെയും തന്റെയും ഭാര്യയുടെയും ജന്മദിനങ്ങള്‍ കൂട്ടിയിണക്കിയ നമ്പരാണ് സുനില്‍ കുമാര്‍ യുഎഇ ലോട്ടറി വാങ്ങുന്നതിന് തിരഞ്ഞെടുത്തത്. ഈ ടിക്കറ്റിലൂടെ 3 കോടി ദിര്‍ഹം(78,26,94,900)സമ്മാനമുള്ള ജാക്‌പോട്ട് അടിക്കുകയായിരുന്നു.
ഏഴുവയസ്സാണ് സുനിലിന്റെ മകളുടെ പ്രായം. 12 വര്‍ഷം നീണ്ട ചികില്‍സകള്‍ക്കും കാത്തിരിപ്പിനുമൊടുവിലാണ് സുനിലിനും ഭാര്യക്കും ഈ മകള്‍ പിറന്നത്. ചികില്‍സയ്ക്കായി വലിയ തോതില്‍ പണം ചെലവായെന്നും സുനില്‍ പറയുന്നു. ഏറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ജനിച്ച മകളുടെ ജന്മദിനം അതിനാല്‍ തന്നെ ലോട്ടറി ടിക്കറ്റ് നമ്പര്‍ തിരഞ്ഞെടുക്കുന്നതില്‍ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മകളുടെ വിദ്യാഭ്യാസത്തിനായി സമ്മാനത്തുകയുടെ ഒരു പങ്ക് ചെലവഴിക്കുമെന്നും അവളെ ഒരു ഡോക്ടറാക്കുകയാണ് സ്വപ്‌നമെന്നും സുനില്‍ പറഞ്ഞു. നിര്‍മാണത്തിലിരിക്കുന്ന വീട് പണി പൂര്‍ത്തിയാക്കുകയും ജോലിയില്‍ നിന്ന് ചെറിയൊരു ഇടവേള എടുക്കുകയെന്നതും തന്റെ മറ്റ് ലക്ഷ്യങ്ങളാണെന്ന് സമ്മാന ജേതാവ് പറയുന്നു.
ALSO READ: ഹോര്‍മുസ് വഴി കടന്നുപോവുന്ന കപ്പലുകളില്‍ നിന്ന് യുഎസ് 20 ശതമാനം നികുതി പിരിക്കുമെന്ന് ട്രംപ്





