03
Sep 2023
Sat
03 Sep 2023 Sat

തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് മലയാളി നഴ്‌സ് അയര്‍ലന്‍ഡില്‍ മരിച്ചു. പത്തനംതിട്ട കുളനട മാന്തുക പുതുപ്പറമ്പില്‍ വലിയവിളയില്‍ റോജി വില്ലയില്‍ പരേതനായ ജോണ്‍ ഇടിക്കുളയുടെ മകന്‍ റോജി പി ഇടിക്കുള(37) ആണ് മരിച്ചത്. റോജിയുടെ ആഗ്രഹപ്രകാരം ആന്തരികാവയവങ്ങള്‍ ദാനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡബ്ലിന്‍ ബൂമൗണ്ട് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെ കഴിഞ്ഞ ദിവസം വൈകിട്ട് 6.35നായിരുന്നു അന്ത്യം. ആഗസ്ത് 25ന് ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയ റോജിക്ക് കടുത്ത തലവേദന ഉണ്ടായിരുന്നു. തുടര്‍ന്നു ഗാള്‍വേ യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സ തേടുകയായിരുന്നു.

പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡബ്ലിനിലെ ബൂമൗണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും തുടര്‍ച്ചയായി ഉണ്ടായ രക്തസ്രാവം മരണം കാരണമാവുകയായിരുന്നു.
നാട്ടിലും ഖത്തറിലും വിവിധ ആശുപത്രികളില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന റോജി ഏകദേശം രണ്ട് വര്‍ഷം മുന്‍പാണ് അയര്‍ലന്‍ഡില്‍ എത്തിയത്. ഒന്നര വര്‍ഷം മുന്‍പ് ഗാള്‍വേയിലെ ട്യൂമില്‍ കുടുംബമായി താമസം തുടങ്ങിയ റോജി ആദ്യം കോര്‍ക്കിലാണ് താമസിച്ചിരുന്നത്.

കേരളത്തിലും ഖത്തറിലും വിവിധ നഴ്‌സിങ് സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന റോജി കേരളത്തില്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. അയര്‍ലന്‍ഡില്‍ വിവിധ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഗാള്‍വേ സെന്റ് ഏലിയ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗമാണ് റോജി.

മൂന്ന് മാസം മുന്‍പ് മാതാവ് റോസമ്മ ഇടിക്കുള ഏക മകനായ റോജിയേയും കുടുംബത്തെയും സന്ദര്‍ശിക്കുവാന്‍ അയര്‍ലന്‍ഡില്‍ എത്തിയിരുന്നു. പത്തനംത്തിട്ട മാന്തളിര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗമായ റോജിയുടെ സംസ്‌കാരം നാട്ടില്‍ വച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും നടപടിക്രമങ്ങള്‍ക്കുമായി വിവിധ സംഘടനകള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

ഭാര്യ സ്‌നേഹ ടൂമിലെ സ്‌റ്റെല്ലാ മാരീസ് നഴ്‌സിങ് ഹോമിലെ നഴ്‌സാണ്. എല് ലീന്‍(7), എല്‍സ(5)എന്നിവരാണ് മക്കള്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക