03
Nov 2024
Sun
03 Nov 2024 Sun
Kerala state womens commission recomendation to avoid anti women statements in media

ഒളിച്ചോട്ടമടക്കമുള്ള സാഹചര്യങ്ങളില്‍ മാധ്യമ വാര്‍ത്തകളില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കും വിധത്തിലുള്ള പ്രയോഗങ്ങള്‍ തിരുത്തണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ശുപാര്‍ശ. വാര്‍ത്താവതരണത്തിന്റെ ലിംഗ വിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാര്‍ഗരേഖയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മ എന്നു വിളിക്കുന്നത് തിരുത്തണമെന്നും ഏതു തൊഴില്‍ മേഖലയില്‍ ആയാലും സ്ത്രീകള്‍ രംഗത്തേക്ക് വരുമ്പോള്‍ ‘വളയിട്ട കൈകളില്‍ വളയം ഭദ്രം’ എന്നിങ്ങനെ വളയെ കൂട്ടുപിടിക്കുന്ന തലക്കെട്ടുകള്‍ ഒഴിവാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഒളിച്ചോട്ട’ വാര്‍ത്തകളില്‍ ‘രണ്ടു കുട്ടികളുടെ അമ്മ കാമുകന്റെകൂടെ ഒളിച്ചോടി’ എന്നരീതിയില്‍ സ്ത്രീയുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്ന തരത്തിലുള്ള വാര്‍ത്താ തലക്കെട്ടുകള്‍ പാടില്ല. പാചകം, വൃത്തിയാക്കല്‍, ശിശുസംരക്ഷണം തുടങ്ങിയവ സ്ത്രീകളുടെ കടമയാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, സൈനിക സേവനം തുടങ്ങിയവ പുരുഷന്റെ കടമയാണെന്നും മട്ടിലുള്ള ചിത്രീകരണവും ശരിയല്ല.

സെക്‌സി ഷറപ്പോവ’ പോലെ ലൈംഗികച്ചുവയുള്ള തലക്കെട്ടുകള്‍ ഒഴിവാക്കണം. ലിംഗസമത്വത്തിലധിഷ്ഠിതമായ മലയാള പദാവലികളുടെ ശൈലീപുസ്തകം അടിയന്തരമായി തയ്യാറാക്കണം. ഔദ്യോഗിക ഉപയോഗത്തിനും മാധ്യമങ്ങളുടെ ഉപയോഗത്തിനും ഇവ ലഭ്യമാക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ തീരുമാനമെടുത്ത് ചെയ്യുന്ന കാര്യങ്ങള്‍ കുഴപ്പത്തിലാകുമ്പോള്‍ ‘പെണ്‍ ബുദ്ധി പിന്‍ബുദ്ധി’ തുടങ്ങിയ പ്രയോഗം, ‘അല്ലെങ്കിലും പെണ്ണ് ചെയ്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’ എന്ന് വായനക്കാരെ തോന്നിപ്പിക്കുന്ന വിധത്തിലുള്ള അവതരണങ്ങളും ഒഴിവാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

ലിംഗനീതിപരമായ വിഷയങ്ങളിലെ വിദഗ്ധര്‍, ഭാഷാവിദഗ്ധര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള മീഡിയ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ അംഗങ്ങളായ സമിതി രൂപവത്കരിച്ച് ആറുമാസത്തിനകം പുസ്തകം തയ്യാറാക്കണം. സമിതിയിലെ വിദഗ്ധര്‍ കഴിയാവുന്നത്ര സ്ത്രീകള്‍ ആയിരിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക