പിരിഞ്ഞുകഴിയുന്ന തന്റെ ഭാര്യയെ പാഠംപഠിപ്പിക്കാനാണ് വിവാഹദിവസം മകനെ കൊന്നതെന്ന് കേസില്‍ പിടിയിലായ പിതാവിന്റെ മൊഴി. ഡല്‍ഹിയിലെ ജിം ഉടമയായ 29കാരന്‍ ഗൗരവ് സിംഗാളിനെ കൊന്ന കേസില്‍ ജയ്പൂരില്‍ നിന്ന് പിടിയിലായ രംഗലാല്‍(54)ആണ് മകനെ കൊന്ന കാരണം പൊലീസിനോടു വ്യക്തമാക്കിയത്.(killed son on his wedding day for learn a lesson for estranged wife says father)
|
ദക്ഷിണ ഡല്‍ഹിയിലെ വീട്ടിലാണ് ഗൗരവ് സിംഗാളിന്റെ മൃതദേഹം ചോരയില്‍ കുളിച്ച നിലയില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ കണ്ടെത്തിയത്. ഫെബ്രുവരി 6നു രാത്രിക്കും 7ന് പുലര്‍ച്ചെയ്ക്കുമിടയിലായിരുന്നു രംഗലാല്‍ മകനെ കുത്തിക്കൊന്നത്. മുഖത്തും നെഞ്ചിലുമായി 15 കുത്തുകളായിരുന്നു യുവാവിന്റെ മൃതദേഹത്തിലുണ്ടായിരുന്നത്. മകന്‍ തന്നെ നിത്യവും അവഹേളിക്കുമായിരുന്നുവെന്നും ഇതിന്റെ ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു പ്രതി ആദ്യം നല്‍കിയ മൊഴി. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍ ആണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഭാര്യയും മകനുമായും പ്രതി നല്ല ബന്ധത്തിലായിരുന്നില്ല. ഭാര്യയെ പാഠം പഠിപ്പിക്കാന്‍ പ്രതി കൊലപാതകം ആസൂത്രണം ചെയ്തു നടത്തുകയായിരുന്നുവെന്നും ഡല്‍ഹി ഡിസിപി അങ്കിത് ചൗഹാന്‍ പറഞ്ഞു. നാലുമാസം മുമ്പു തന്നെ മകനെ കൊല്ലാന്‍ രംഗലാല്‍ പദ്ധതിയിട്ടിരുന്നു. ഗൗരവിന്റെ ആഡംബരജീവിതത്തെ രംഗലാല്‍ എതിര്‍ത്തിരുന്നു. എന്നാല്‍ യുവാവിന്റെ അമ്മ മകന് പിന്തുണ നല്‍കി. ഇത് രംഗലാലിന്റെ പക വര്‍ധിക്കാന്‍ കാരണമായി.
മകനെ കൊല്ലാനായി 75000 രൂപ നല്‍കി മൂന്ന് വാടകകൊലയാളികളെ രംഗലാല്‍ ഏര്‍പ്പെടുത്തിയിരുന്നു. സംഭവദിവസം രാത്രി രംഗലാലും മകനും വഴക്കിടുകയും ഗൗരവ് പിതാവിനെ അടിക്കുകയും ചെയ്തു. ഇതോടെയാണ് രംഗലാല്‍ മകനെ കൊലപ്പെടുത്തിയത്. കൊലപാതകശേഷം വീട്ടില്‍ നിന്ന് രംഗലാല്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും 15 ലക്ഷംമ രൂപയും എടുത്തുകൊണ്ടുപോയിരുന്നു. പൊലീസ് ഇവ കണ്ടെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





