കണ്ണൂരില്‍ വീടിനുള്ളില്‍ രാജവെമ്പാല കയറി. കിടപ്പുമുറിയിലെ കട്ടിലിനടിയിലൊളിച്ച രാജവെമ്പാലയെ കണ്ടത് കുഴമ്പ് കുപ്പി തിരയവെ. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ സി കേളപ്പന്റെ വീട്ടിലാണ് സംഭവം.
വെള്ളി രാത്രി പത്തരയോടെ കേളപ്പന്റെ ഭാര്യ വസന്ത കിടക്കാനായി എത്തുകയും കാലുവേദനയ്ക്ക് തേക്കാന്‍ കുഴമ്പ് കുപ്പി കൈയിലെടുക്കുകയും ചെയ്തു. ഈ സമയം കുപ്പി താഴേക്കു വീണു. കുപ്പിയെടുക്കാനായി കുനിഞ്ഞപ്പോഴാണ് കട്ടിലിനടിയില്‍ എന്തോ കിടക്കുന്നതായി കണ്ടത്. ടോര്‍ച്ച് അടിച്ചുനോക്കിയപ്പോള്‍ പാമ്പ് പത്തിവിടര്‍ത്തി. ഉടന്‍ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
|
ഈ സമയം കേളപ്പനും ഭാര്യയും മകന് അനിലുമാണ് വീട്ടിലുണ്ടായിരുന്നത്. പുലര്‍ച്ചെ ഒന്നോടെ ഇരിട്ടി ഫോറസ്റ്റ് സെക്ഷന്‍ താല്‍ക്കാലിക വാച്ചര്‍ ഫൈസല്‍ വിളക്കോടെത്തി രാജവെമ്പാലയെ പിടികൂടി കൊണ്ടുപോയതോടെയാണ് വീട്ടുകാരുടെ ഭീതിയൊഴിഞ്ഞത്. പാമ്പിനെ ഉള്‍വനത്തില്‍ തുറന്നുവിട്ടു. 101ാമത്തെ രാജവെമ്പാലയെ ആണ് പിടികൂടിയതെന്ന് ഫൈസല്‍ പ്രതികരിച്ചു.
ALSO READ: പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരി മരിച്ചു





