നടന്‍ മാമുക്കോയ വിടവാങ്ങിയിരിക്കുന്നു. 450ലേറെ സിനിമകളില്‍ വേഷമിട്ട അദ്ദേഹം സ്വതസിദ്ധമായ കോഴിക്കോടന്‍ ഭാഷയിലെ നര്‍മംകൊണ്ട് കാണികളെ ചിരിപ്പിച്ചു. പുതുതലമുറയ്ക്കദ്ദേഹം തഗ്ഗുകളുടെ രാജാവായിരുന്നു. മാമുക്കോയ ജീവന്‍പകര്‍ന്ന കുറിക്കുകൊള്ളുന്ന ഡയലോഗുകള്‍ സാമൂഹികമാധ്യമങ്ങളിലെ വൈറല്‍ കണ്ടന്റുകളായിരുന്നു.
|
ബാലകൃഷ്ണാ കള്ള നായിന്റെ മോനേ എന്ന അദ്ദേഹത്തിന്റെ ഡയലോഗ് മിമിക്രി വേദികളിലും സാധാരണക്കാരന്റെ നാവുകളിലും പലപ്പോഴും തത്തിക്കളിക്കുകയുണ്ടായി. സന്ദേശത്തിലെ കെ ജി പൊതുവാളും ഗഫൂര്‍ക്കാ ദോസ്തും കീലേരി അച്ചുവുമൊക്കെ മലയാളി സിനിമാ പ്രേമികളെ ആനന്ദത്തിന്റെ കൊടുമുടിയേറ്റിയ മാമുക്കോയയുടെ കഥാപാത്രങ്ങളായിരുന്നു. ഹാസ്യനടന്റെ ലേബലില്‍ നിന്ന് പുറത്തിറങ്ങിയും അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.
76ാം വയസ്സിലായിരുന്നു മാമുക്കോയയുടെ അപ്രതീക്ഷിത അന്ത്യം. അദ്ദേഹത്തിന്റെ സമകാലികനും ഹാസ്യസാമ്രാട്ടുമായിരുന്ന ഇന്നസെന്റിന്റെ വേര്‍പാടിനു പിന്നാലെയാണ് മലയാള സിനിമാ പ്രേമികള്‍ക്ക് മറ്റൊരാഘാതമായി മാമുവിന്റെ മരണവും സംഭവിച്ചിരിക്കുന്നത്.
ഉന്തിയ പല്ലും മെലിഞ്ഞൊട്ടിയ ശരീരവുമായി മാമുക്കോയ എന്ന കോഴിക്കോട്ടുകാരന്‍ നാടകവേദികളില്‍ നിന്ന് സിനിമയിലേക്ക് രംഗപ്രവേശം നടത്തിയത് പ്രേക്ഷകരെ ഉള്ളറിഞ്ഞു ചിരിപ്പിക്കാന്‍ തന്നെയായിരുന്നു. നമ്പൂതിരി വേഷം കെട്ടിയാലും കോഴിക്കോട്ടെ മാപ്പിള ഭാഷയായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. അതാവട്ടെ ശുദ്ധ ഹാസ്യമായി ഏവരും ആസ്വദിച്ചു.
കല്ലായിയിലെ തടിമില്ലിലെ അളവുകാരനായിരുന്ന മാമുക്കോയ വൈക്കം മുഹമ്മദ് ബഷീറിന്റെ സുഹൃദ് വലയത്തില്‍പ്പെട്ടയാളായിരുന്നു. മാമുക്കോയ എന്ന ചെറിയ വലിയ മനുഷ്യന്റെ ശരീരമേ ഇല്ലാതാവുന്നുള്ളൂ. അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങള്‍ തഗ്ഗുകളായി മലയാളികള്‍ ഉള്ളിടത്തോളം കാലം നിലനില്‍ക്കുക തന്നെ ചെയ്യും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





